ന്താണ് സിംഗപ്പൂരിലെ GST മെർസൽ ഇറങ്ങിയശേഷം ഇത്രയ്ക്ക് ചർച്ചാവിഷയമായി മാറിയത് എന്നറിയാനുള്ള ആകാംഷയായിരുന്നു ഇതുവരെ.7% ജി.എസ്.റ്റി യുള്ള സിംഗപ്പൂരിൽ സൗജന്യമായി മരുന്നുകൾ നൽകുമ്പോൾ എന്തുകൊണ്ട് 28% gst-യുള്ള ഇന്ത്യയിൽ അതിന് കഴിയുന്നില്ല എന്ന ഡയലോഗാണ് ഇപ്പോഴത്തെ ട്രെൻഡ്. എന്തായാലും സിംഗപ്പൂരിൽ കുറെ നാളായി താമസിക്കുന്നതുകൊണ്ട് ഇതിനെക്കുറിച്ച് അറിയാവുന്ന കുറച്ചു കാര്യങ്ങൾ ഷെയർ ചെയ്യാമെന്ന് വിചാരിക്കുന്നു.കാരണം ആ സിനിമയിൽ പറയുന്ന കാര്യം പൂർണ്ണമായും ശെരിയല്ലാത്തതു കൊണ്ട് തന്നെ .പക്ഷെ gst വിഷയവുമായി ബന്ധപ്പെട്ട് ബിജെപ്പി ഇത്രയ്ക്ക് ബഹളമുണ്ടാക്കാൻ മാത്രം ഒന്നും ആ സിനിമയിൽ കണ്ടില്ല. ജനങ്ങൾക്ക് പറയാനുള്ളത് അവർ സിനിമയിലൂടെ പറയാൻ ശ്രമിച്ചെങ്കിൽ അതിനെ അതിന്റെ വഴിക്കുവിടുക , അതിൽ വെറുതെ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് കൂടുതൽ പബ്ലിസിറ്റി നൽകാൻ മാത്രമേ സഹായകമാവുകയുള്ളൂ.

സിംഗപ്പൂരിൽ മരുന്നുകൾ അല്ലെങ്കിൽ ചികിത്സ സൗജന്യമല്ല എന്ന കാര്യം ആദ്യമേ ഓർമ്മപ്പെടുത്തട്ടെ.സിനിമയിൽ ആ ഡയലോഗ് കേട്ട് കയ്യടിക്കാനോക്കെ ഒരു സുഖമുണ്ട് ,പക്ഷെ അത് പൂർണ്ണമായും ശെരിയല്ല.'സൗജന്യം' എന്ന വാക്ക് പഴയതാണ് ,സിംഗപ്പൂർ സർക്കാർ പോലും അതുപേക്ഷിചിട്ട് കാലങ്ങളായി .മറിച്ച് 'കാര്യക്ഷമത' എന്ന വാക്കാണ് സിംഗപ്പൂരിന്റെ അവസാനവാക്ക് . സിംഗപ്പൂരിൽ ചികിത്സയ്ക്ക് വേണ്ട ചെലവ് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തം അല്ല ,മറിച്ച് ഓരോ വ്യക്തിയുടെ കൂടെ ഉത്തരവാദിത്തമാണ്.അതുകൊണ്ട് അതിനുവേണ്ട ചെലവ് നമ്മൾ കൂടെ വഹിക്കണം.മാസം തോറും ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു വിഹിതം നിർബന്ധമായും മെഡിസേവ് അക്കൗണ്ടിലേക്ക് പോകും ,അതിൽ നിന്ന് മേടിഷീൽഡ് ഇൻഷുറൻസ് കുറഞ്ഞ നിരക്കിൽ എടുക്കാം.ഭാവിയിൽ ഉണ്ടായേക്കാവുന്ന ആശുപത്രി ചെലവുകൾ ഭൂരിഭാഗവും ഈ അക്കൗണ്ടിൽ നിന്ന് എടുക്കാം.അതുമല്ലേൽ ഇൻഷുറൻസ് ഉണ്ട് .അങ്ങനെ ചെയ്യുന്നതുവഴി നമ്മുടെ ആരോഗ്യത്തിന്റെ ചെലവുകൾ അറിയാതെതന്നെ നമ്മൾ തന്നെ വഹിക്കുകയും ,എന്നാൽ നമ്മുക്ക് അതൊരു ഭാരമായി തോന്നുകയും ചെയ്യുന്നില്ല.മെഡി ഫണ്ട് വഴി സർക്കാർ വേറൊരു വശത്ത് കൂടി പാവപ്പെട്ടവരെ സഹായിക്കുന്നുമുണ്ട്.

ചുരുക്കത്തിൽ ഉത്തരവാദിത്തം സർക്കാരും ,ജനങ്ങളും വീതിചെടുക്കുന്നു.അതുവഴി സർക്കാർ ഫണ്ടുകൾ ആശുപത്രികൾ നവീകരിക്കുന്നതിനും മറ്റും കൂടുതൽ ഉപയോഗിക്കാൻ കഴിയുന്നു.അതുകൊണ്ടാണ് ലോകത്തിലെ മികച്ച ആരോഗ്യ പരിപാലനമുള്ള രാജ്യമായി സിംഗപ്പൂർ മാറിയത്.പക്ഷെ രസകരമായ കാര്യം അതല്ല ,ഏഉജയുടെ 4-5% മാത്രമാണ് സിംഗപ്പൂർ ആരോഗ്യ പരിപാലനത്തിനായി ചെലവഴിക്കുന്നത്, പല വന്പന്മാരും ഇതിന്റെ ഇരട്ടി മുടക്കിയിട്ടും ഈ മേഖലയിൽ അടുത്തെങ്ങും എത്താൻ പറ്റിയിട്ടില്ല.അടുത്ത 10 വർഷത്തിനുള്ളിൽ സിംഗപ്പൂരിൽ പ്രായമായവരുടെ എണ്ണം ഒരു മില്ല്യൻ കടക്കും,അതായതു അഞ്ചിൽ ഒരാൾ 65 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തി എന്ന നിലയിലേക്ക് .പ്രത്യേകിച്ച് പ്രകൃതിവിഭവങ്ങൾ ഒന്നുമില്ലാത്ത സിംഗപ്പൂരിനു ഒരിക്കൽ പോലും അവരെയെല്ലാം സർക്കാർ ഫണ്ട് ഉപയോഗിച്ച് പരിപാലിക്കാൻ കഴിയില്ല .അതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് സിംഗപ്പൂർ ഇങ്ങനെയൊരു പ്ലാൻ മുന്നമേ ഉണ്ടാക്കിയെടുത്തത്.അല്ലെങ്കിൽ ഇപ്പോൾ ജപ്പാൻ പോലെയുള്ള രാജ്യങ്ങൾ പെടുന്ന കഷ്ടപ്പാടുകൾ സിംഗപ്പൂരും അനുഭവിക്കേണ്ടി വന്നേനെ.

ഇനി ഇന്ത്യയിലേക്ക് വന്നാൽ ,ഇന്ത്യയും സിംഗപ്പൂരിനെ പോലെ ഏഉജയുടെ 4-5% ആരോഗ്യ മേഖലയിൽ ചെലവാക്കുന്നുണ്ട്.അതുകൊണ്ട് സർക്കാർ കാശ് മുടക്കുന്നില്ല എന്നൊക്കെ പറഞ്ഞാൽ എനിക്ക് അതിനോട് യോജിക്കാൻ കഴിയില്ല.പിന്നെ സിനിമയിൽ പറയും പോലെ സൗജന്യമായി എല്ലാം കൊടുക്കണം എന്ന ആവശ്യം.അതും പൂർണ്ണമായും പ്രായോഗികമല്ല. സ്‌കൂളിൽ പഠിക്കുന്ന കാലം ഓർമ്മവരുന്നു ,ഞങ്ങളുടെ നാട്ടിൽ വാരപ്പെട്ടിയിൽ ഒരു പ്രൈമറി ഹെൽത്ത് സെന്റെർ ഉണ്ട്.ഒരിക്കൽ പനി വന്നപ്പോൾ മമ്മി നിർബന്ധിച്ച് അവിടെ പോകാൻ പറഞ്ഞു.കയ്യിൽ ഒരു രൂപയും തന്നു .വലിയ ബോധമുള്ള സമയം അല്ലെങ്കിലും ആശുപത്രിയിൽ പോകാൻ 1 രൂപ പോരാ എന്ന വിവരമൊക്കെയുണ്ട്.ഞാൻ വീണ്ടും പൈസ ചോധിക്കുമ്പോ ,നീ അതുകൊടുത്താ മതിയെന്നായി മമ്മി.രണ്ടും കൽപ്പിച്ച് ഞാൻ ആശുപത്രിയിൽ ചെന്നപ്പോ അവർ ഒരു രൂപ മേടിച്ച് ചീട്ടും തന്നും ,ഡോക്റ്റർ ആവശ്യത്തിനു മരുന്നും.അന്ന് ഞാൻ കുറെ ആലോചിച്ചുനോക്കി ,ഒരു രൂപ വച്ച് 100 പേർ വന്നാൽ ചിലപ്പോ ചീട്ട കീറുന്ന ചേച്ചിക്ക് ശമ്പളം കൊടുക്കാം .പക്ഷെ ഡോക്റ്ററിന്റെ കാശ് ,മരുന്നിന്റെ കാശ് ,ഇതൊക്കെ കൊടുത്തു ആരാണ് ഈ ആശുപത്രി ഫ്രീ ആയി ഇങ്ങനെ നടത്തുന്നത് എന്നൊക്കെ മനസ്സിൽ ചിന്തിക്കും.പിന്നീടാണ് ഇതൊക്കെ നമ്മുടെ സർക്കാരിന്റെ പണിയാണ് എന്ന് മനസ്സിലായത്.

പിന്നെ മഴയത്ത് കറങ്ങി നടക്കുമ്പോഴൊക്കെ നാട്ടിലെ വീടുകളിലെ സ്ഥിരം ഡയലോഗ് ഉണ്ടല്ലോ ,പനി പിടിച്ചുനടന്നാ ആശുപത്രിയിൽ കൊണ്ടുപോകാനോ ,മരുന്നിനോ ഇവിടാരുമില്ല എന്നൊക്കെ.അപ്പൊ എനിക്കും മനസ്സിൽ തോന്നാൻ തുടങ്ങി ,പിന്നെ ,പനി പിടിച്ചാ ഫ്രീയായി മരുന്നും ഡോക്ടറും തൊട്ടടുത്തുണ്ട് ,നിങ്ങളാരും കൊണ്ട് പോകുവോന്നും വേണ്ടാ.നമ്മുടെ മനസ്ഥിതി അവിടെ മാറാൻ തുടങ്ങിയത് ശ്രദ്ധിച്ചോ , എനിക്ക് അസുഖം വന്നാ എനിക്കെന്താ ,സർക്കാർ നോക്കണം ,അവർ ഫ്രീ ആയി മരുന്ന് നൽകണം എന്നൊക്കെയായി .എന്റെ ആരോഗ്യം വച്ച് ഞാൻ എന്ത് തോന്ന്യവാസവും കാണിക്കും ,എന്തേലും പറ്റിയാ സർക്കാരിന്റെ ചെലവിൽ ചികിത്സിക്കാം.

പറഞ്ഞുവരുന്നത് നമ്മുടെ നാട്ടിലും അത്യാവശ്യം സൗജന്യമായി മരുന്നുകൾ ഒക്കെ തരുന്ന സമ്പ്രദായം നിലവിലുണ്ട്.എന്നുവച്ച് അത് എല്ലാ നിലയിലും സൗജന്യമാക്കുന്നത് പ്രായോഗികമല്ല ,അത് നല്ലതുമല്ല.അവശ്യ മരുന്നുകൾ ഫ്രീയായി ലഭ്യമാക്കണം .അല്ലാതെ ദിവസവും ഓരോ കിലോ പഞ്ചസാര അടിച്ചു കേറ്റിയിട്ട് എനിക്ക് ഡയബട്ടിക്‌സ് ആണ് ,മരുന്ന് സർക്കാർ ഫ്രീ ആയി തരണം എന്നൊക്കെ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല .അതേപോലെ നല്ലൊരു തുക സർക്കാർ മാറ്റി വെയ്ക്കുന്നത് കൃത്യമായി എത്തേണ്ട സ്ഥലത്ത് എത്തിയാൽ തന്നെ പ്രശ്‌നങ്ങൾ ഒരുപരിധിവരെ അവസാനിക്കും. ആദിവാസി മേഖലകളിലും ,താഴെ തട്ടിലുള്ളവർക്കും പ്രത്യേക പരിഗണന നൽകിയേ തീരൂ.

മരുന്നുണ്ടായിട്ടും കൊടുക്കാത്ത ഡോക്റ്റർമാർ ,മരുന്നുകടയ്ക്ക് കച്ചവടം ഉണ്ടാക്കുന്ന ജീവനക്കാർ ,ആശുപത്രി ബിസിനസ് ആക്കുന്ന മുതലാളിമാർ തുടങ്ങിയ നമ്മളെ പോലെയുള്ളവർ തന്നെയാണ് ഇതിലെ വിരകൾ. അല്ലാതെ സർക്കാരിനെ കുറ്റംചുമത്തി ഒഴിയുന്നതിൽ ഒരു കാര്യവുമില്ല.പിന്നെ സിംഗപ്പൂരിലെ പോലെയൊരു സിസ്റ്റം നമ്മുടെ നാട്ടിൽ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുക എളുപ്പമല്ല. കാരണം ശമ്പളം നൽകുന്ന രീതിയും ,ജോലിയില്ലാതവരുടെ എണ്ണവും. അതുകൊണ്ട് നമ്മുടെ പരിമിതിയിൽ നിന്നുകൊണ്ടുള്ള കാര്യക്ഷമതയുള്ള പുതിയ രീതികൾ കണ്ടെത്തേണ്ടിയിരിക്കുന്നു.അല്ലാതെ GSTയും ഇതും തമ്മിലൊരു ബന്ധപ്പെടുതലും, സൗജന്യ ആരോഗ്യ പരിപാലവും ഒരു കയ്യടിയിൽ അവസാനിക്കുകയും ,പ്രായോഗികമായി നടപ്പിൽ വരുത്തുവാൻ അത്ര എളുപ്പവുമായ കാര്യമല്ല.എങ്കിൽ പോലും പല വികസ്വര രാജ്യങ്ങളെയൊക്കെ വച്ച് നോക്കിയാൽ നമ്മൾ ഒരുപടി മുന്നേറിയിട്ടുണ്ട്.പ്രത്യേകിച്ച് കേരളമെല്ലാം ആരോഗ്യമേഖലയിൽ പല വികസിതരാജ്യങ്ങളുടെ ഒപ്പമെത്തിയതും ഈ പരിമിതികളെ അതിജീവിച്ചു കൊണ്ടാണെന്നോർക്കുമ്പോൾ അഭിമാനിക്കാൻ വകയുണ്ട്.