ന്യൂഡൽഹി: ചരിത്രപരമായ വിധിയിൽ പരിണമിച്ചേക്കാവുന്ന, മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് വാദം കേട്ടു തുടങ്ങി. അതേസമയം വാക്കാലുള്ള വിവാഹമോചനത്തിന്റെ ഭരണഘടനാപരമായ സാധുത മാത്രമാണ് ബഞ്ച് പരിഗണിക്കുകയെന്നു വ്യക്തമാക്കിയ കോടതി ബഹുഭാര്യാത്വമല്ല തങ്ങളുടെ വിഷയമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ വ്യക്തമാക്കിയിട്ടുണ്ട്.

മുത്തലാഖ് മതവിശ്വാസത്തിന്റെ ഭാഗമാണോയെന്നു പരിശോധിക്കുകയാണു ചെയ്യുന്നത്. മുത്തലാഖിന്റെ ഭരണഘടനാ സാധുതയാണു പരിശോധിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, രോഹിൻടൻ നരിമാൻ, യു.യു. ലളിത്, അബ്ദുൽ നസീർ എന്നിവരാണു മറ്റ് അംഗങ്ങൾ.

സുപ്രീം കോടതിക്ക് അവധിയാണെങ്കിലും നേരത്തേ തീരുമാനിച്ചതനുസരിച്ചാണു മുത്തലാഖ് കേസിൽ വാദം കേൾക്കുന്നത്. മുൻകേന്ദ്രമന്ത്രി സൽമാൻ ഖുർഷിദിനെ ഈ കേസിൽ ജസ്റ്റിസുമാരെ സഹായിക്കാനുള്ള അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചിട്ടുണ്ട്. ഒറ്റയിരിപ്പിൽ മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്ന രീതി നിയമപരമായി സാധുവാണോ എന്നതാണു പ്രമുഖ തർക്കവിഷയം.

മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്ലാം അനുശാസിക്കുന്നതല്ലെന്നു കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാരിന്റെ നിലപാടിനെ അഖിലേന്ത്യാ മുസ്ലിം വ്യക്തിഗത നിയമ ബോർഡ് എതിർക്കുന്നു. ആറു ദിവസമാണു വാദത്തിനായി സമയം അനുവദിച്ചിട്ടുള്ളത്.

മൂന്നു ദിവസം മുത്തലാഖിനെ ചോദ്യം ചെയ്യുന്നവർക്കും മൂന്നുദിവസം മുത്തലാഖിനെ പ്രതിരോധിക്കുന്നവർക്കും അവസരം നൽകും. തുടർന്നുള്ള വാദങ്ങളിൽ മുൻപുന്നയിച്ച വാദങ്ങളൊന്നും ഉന്നയിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.