കോഴിക്കോട്: 'പരിശുദ്ധ രക്തസാക്ഷിത്വത്തിനായി ഞങ്ങളും കാത്തിരിക്കുന്നു...' ഐ.എസിൽ (ഇസ്ലാമിക് സ്റ്റേറ്റ്) യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഭർത്താവിന്റെ അന്ത്യനിമിഷങ്ങൾ വിവരിച്ച് ഐഎസ് ക്യാമ്പിലെ യുദ്ധമുഖത്ത് നിന്ന് മലയാളി യുവതി. കണ്ണൂരിൽ നിന്ന് യുവസംഘം ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതിന് അന്വേഷണസംഘം പ്രധാന തെളിവുകളിലൊന്നായി കണക്കാക്കുന്ന യുവതിയുടെ ശബ്ദ രേഖ മറുനാടൻ മലയാളിക്ക് ലഭിച്ചു.

സിറിയയിൽ ഐ.എസിനോടൊപ്പം ചേർന്ന് യുദ്ധം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട കണ്ണൂർ ഏച്ചൂർ സ്വദേശി ഷജിൽ വെടിയേറ്റ് മരിച്ച നിമിഷങ്ങൾ പരിഭ്രാന്തയായി പൊട്ടിക്കരഞ്ഞ് ഭാര്യ ഹഫ്‌സിയ വീട്ടുകാരെ അറിയിക്കുന്നതാണ് ശബ്ദ സന്ദേശം. നിരവധി മലയാളി യുവതികളും കുഞ്ഞുങ്ങളും ഐ.എസിലുണ്ടെന്ന് പറയുന്ന ശബ്ദ സന്ദേശത്തിൽ ഞങ്ങളും 'ശഹീദ്' ആകാൻ കാത്തിരിക്കുകയാണെന്ന് യുവതി പറയുന്നു.

പുരുഷന്മാർ മാത്രമല്ല യുദ്ധമുഖത്ത് ഉള്ളതെന്നും മലയാളി വനിതകളടക്കം 'ജിഹാദി' നായി ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടെന്നും ഈ ശബ്ദ സന്ദേശം വ്യക്തമാക്കുന്നു. ഐ.എസിലേക്ക് പോയ സ്ത്രീകൾ തിരിച്ചെത്തുമെന്ന് ബന്ധുക്കളിൽ ചിലരെങ്കിലും കരുതിയിരുന്നു.എന്നാൽ രക്തസാക്ഷിത്വത്തിനായി കാത്തിരിക്കുന്നുവെന്ന യുവതിയുടെ സന്ദേശത്തോടെ ഐ എസിലെത്തിയ സ്ത്രീകളുടെ 'ജിഹാദി'നോടുള്ള മനോഭാവമാണ് പ്രകടമാക്കുന്നത്. തീവ്രവാദ സംഘത്തിലേക്ക് സ്ത്രീകൾ പോകുന്നുവെന്ന വാർത്തകൾ മലയാളികൾ നേരത്തേ വിശ്വസിച്ചിരുന്നില്ല.

പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങി സ്ത്രീകൾ പുരുഷന്മാരോടൊപ്പം ഐ.എസിൽ പോകാൻ നിർബന്ധിതരാകുന്നു എന്നാണ് ഉയർന്നിരുന്ന വാദം. എന്നാൽ കേരളക്കരയിൽ നിന്ന് മാത്രം പത്തിലേറെ സ്ത്രീകളും 18 കുട്ടികളും ഐ.എസിലുണ്ട് യെന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. പുതുതായി രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം മുന്നോട്ടു പോയാൽ ഈ എണ്ണം കൂടുമെന്നാണ് സൂചന.

തൃക്കരിപ്പൂർ ഉടുംബുംതല അബ്ദുൽ റാഷിദിന്റെ ഭാര്യ സോണി സെബാസ്റ്റ്യൻ എന്ന ആഴിശ, പടന്ന അഷ്ഫാഖ് മജീദിന്റെ ഭാര്യ ഷംസിയ, ഡോ.ഇജാസിന്റെ ഭാര്യ റുഫൈല, സഹോദരൻ ഷിഹാസിന്റെ ഭാര്യ അജ്മല, പാലക്കാട് യാക്കര സ്വദേശി യഹിയയുടെ ഭാര്യ മെറിൻ മറിയം, സഹോദരൻ ഈസയുടെ ഭാര്യ നിമിഷ ഫാത്തിമ, കണ്ണൂർ പാപ്പിനിശേരി ടി.വി ശമീറിന്റെ ഭാര്യ ഫൗസിയ, വളപട്ടണം റിഷാലിന്റെ ഭാര്യ ഹുദ തുടങ്ങിയവരാണ് അഫ്ഗാൻ, സിറിയ മേഖലയിൽ കഴിയുന്ന സ്ത്രീകൾ. കണ്ണൂർ സംഘത്തിൽ മാത്രം 5 സ്ത്രീകളുണ്ടെന്നാണ് അറിയുന്നത്. ഷജിലിന്റെ ഭാര്യ ഹഫ്‌സിയയെ കൂടാതെ, ഫൗസിയ, ഹുദ, മെറിൻ മറിയം എന്നിവരെല്ലാം ഭർത്താവ് മരിച്ച യുവതികളാണ്.

ഹഫ്‌സിസിയയുടെ ശബ്ദ സന്ദേശം ഐഎസിനൊപ്പം യുദ്ധം ചെയ്യാൻ കണ്ണൂരിൽ നിന്നു പോയവർ സിറിയയിൽ എത്തിയതിനുള്ള തെളിവായാണ് പൊലീസ് കാണുന്നത്. കണ്ണൂർ സംഘത്തിൽ നിന്ന് ഐ.എസിലെത്തിയ മറ്റ് നാലു പേർ കൂടി ബന്ധുക്കൾക്ക് അയച്ച ശബ്ദ സന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചു. ഷജിലിന്റെ ഭാര്യയും രണ്ടു കുട്ടികളും സിറിയയിലാണുള്ളത്. വെടിയേറ്റ ഷജിൽ വാഹനത്തിനടുത്തേക്കു നടന്നു വന്നതായും പിന്നീടു മരിച്ചതായും ഭാര്യ ഹഫ്‌സിയ പറയുന്നു.

ഷജിൽ മരിച്ചതായി നേരത്തേ തന്നെ നാട്ടിൽ വിവരം ലഭിച്ചിരുന്നു. ഭർത്താവു കൊല്ലപ്പെട്ട ധാരാളം മലയാളി യുവതികളും അവരുടെ കുട്ടികളും സിറിയയിലുണ്ടെന്നും ഷജിലിന്റെ ഭാര്യ പറയുന്നുണ്ട്. പരിഭ്രാന്തയായി പൊട്ടിക്കരഞ്ഞു കൊണ്ടാണു ഹഫ്‌സിയ സംസാരിക്കുന്നത്. എന്നാൽ ഞങ്ങളും ശഹീദാകാൻ കാത്തിരിക്കുന്നുവെന്ന് സന്ദേശത്തിൽ പറയുന്നു.യുദ്ധമുഖത്ത് സ്ത്രീകളുമുണ്ടെന്ന് വ്യക്തമാക്കുകയാണ് ഹഫ്‌സിയ സന്ദേശത്തിലൂടെ.

ദുൽഹിജ്ജ മാസം 12നാണ് ( സെപ്തംതംബർ 3 ന്) ഷജിൽ കൊല്ലപ്പെട്ടത്. ഭർതൃവീട്ടുകർക്ക് അയച്ച സന്ദേശം ഷജിലിന്റെ മാതാവിനെ കേൾപ്പിക്കണമെന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. 'ഇഷ്ടപ്പെട്ട ആൾക്കാരെ അള്ളാഹുവിന്റെ അടുത്തേക്ക് വേഗം വിളിക്കും. അള്ളാന്റെ ശത്രുക്കളോട് പോരാടി എന്റെ ഷജിലിനെ അള്ളാഹുവിളിച്ചു. അള്ളാഹുവിന് സ്തുതി. പരിശുദ്ധമായ രക്തസാക്ഷിത്വം എന്റെ ഷജിലിന് ലഭിച്ചു. കാലിന് പരിക്ക് പറ്റിയ ശേഷവും ഷജിൽ വാഹനം വരെ കൂളായി നടന്ന് വന്നിരുന്നെന്നും വേദനയൊന്നും ഉണ്ടായില്ലെന്നും
കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു.

വേദന ഉണ്ടാകില്ലെന്നത് അള്ളാഹു വിന്റെ വാഗ്ദാനമാണ്. ഒരു ഉറുമ്പ് കടിയുടെ വേദന പോലും 'ശഹീദിന് ' ഉണ്ടാകില്ല. എന്റെ കൂടെ ഇതുപോലെ നിരവധി കുടുംബങ്ങളുണ്ട്. ഭർത്താവും മക്കളുമൊക്കെ ' ശഹീദാ 'യവരാണ് അവരും. അൽഹംദുലില്ലാഹ്.. എത്രയും പെട്ടെന്ന് പരിശുദ്ധമായ രക്തസാക്ഷിത്വം ലഭിച്ച് ഷജിലിന്റെ അടുത്ത് എത്തണം. ഉമ്മയെ അറിയിക്കണം. എപ്പോഴും നിങ്ങളെയൊക്കൊ പറ്റി പറയാറുണ്ട്.' - ഹഫ്‌സിയ ശബ്ദ സന്ദേശത്തിൽ പറയുന്നു.

ഷജിലിന്റെ ഭാര്യ അയച്ച ശബ്ദ സന്ദേശം കൂടാതെ ഷജിലിന്റെ സുഹൃത്ത് വളപട്ടണം സ്വദേശി മനാഫ് സിറിയയിൽ നിന്നു നാട്ടിലെ സുഹൃത്തുമായി സംസാരിക്കുന്നതിന്റെ സൗണ്ട് ക്ലിപ്പും കിട്ടിയിട്ടുണ്ട്. ഷജിൽ മരിച്ചതിനാൽ, നാട്ടിലെ സുഹൃത്തിനു ഷജിൽ കൊടുക്കാനുണ്ടായിരുന്ന പണം താൻ തിരിച്ചു തരുമെന്നു പറഞ്ഞാണു മനാഫ് വിളിച്ചത്. സുഹൃത്തിന്റെ ഗൾഫിലെ അക്കൗണ്ടിലേക്കു പണമിടാമെന്നു മനാഫ് പറഞ്ഞെങ്കിലും അക്കൗണ്ട് നമ്പർ കൊടുക്കാൻ സുഹൃത്ത് തയാറായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ചെറുവത്തലമൊട്ടയിലെ ഖയ്യൂം സിറിയയിൽ നിന്നു വീട്ടുകാരെ വിളിച്ചു സംസാരിച്ചതിന്റെ ക്ലിപ്പും പൊലീസിനു കിട്ടി. സിറിയയിലെ യുദ്ധമേഖലയിലാണുള്ളത്, ഏതു സമയത്തും കൊല്ലപ്പെട്ടേക്കാം എന്നു ഖയ്യൂം പറയുന്നുണ്ട്. ഐഎസിന്റെ യൂണിഫോം ധരിച്ചു വലിയ തോക്കുമായി ഖയ്യൂം നിൽക്കുന്ന ചിത്രം ടെലിഗ്രാം ആപ്പിലെ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രവും ഇവർ അയച്ച ഐ എസ് ക്യാമ്പിൽ നിന്നുള്ള മറ്റ് ഫോട്ടോകളും മറുനാടൻ മലയാളിക്ക് ലഭിച്ചു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ അറസ്റ്റിലായ സംഘത്തിലെ റാഷിദ്, മിഥിലാജ് എന്നിവർ സിറിയയിൽ പോയി വന്നതിന്റെ തെളിവുകളും രേഖകളും ലഭിച്ചു. പിടിയിലായ മനാഫ് റഹ്മാൻ ഭാര്യയും അഞ്ചു കുട്ടികളുമൊത്തു സിറിയയിലേക്കു പോകാൻ ശ്രമിക്കുന്നതിനിടെ മംഗലാപുരത്തു തടഞ്ഞു തിരിച്ചയച്ചിരുന്നു. അവരുടെ പാസ്‌പോർട്ടും പൊലീസിനു ലഭിച്ചിട്ടുണ്ട്. തലശ്ശേരിയിലെ രണ്ടു ട്രാവൽ ഏജൻസികൾ വഴിയാണു വിമാനടിക്കറ്റ് ബുക്ക് ചെയ്തതെന്നും കണ്ടെത്തി.

നിലവിൽ കണ്ണൂരിൽ 16 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ താലിബാൻ ഹംസ അടക്കമുള്ള അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സിറിയയിൽ വെച്ച് കൊല്ലപ്പെട്ട ഷജിൽ അടക്കമുള്ളവരാണ് മറ്റ് അഞ്ച് പേർ. ബാക്കിയുള്ളവർക്കായി അന്വേഷണം നടന്നു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം വണ്ടൂരിൽ 8 പേർക്കെതിരെയും കേസെടുത്ത് അന്വേഷണം നടന്നു വരികയാണ്.