ജിദ്ദ: ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ദയനീയമായ സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ജസ്റ്റിസ് രജീന്ദ്ര സച്ചാർ കമ്മിറ്റി സമർപ്പിച്ച ശുപാർശ പ്രകാരം സംസ്ഥാന സർക്കാർ നടപ്പാക്കിയ സ്‌കോളർഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധി ദൗർഭാഗ്യകരമാണെന്നും വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള സ്റ്റേറ്റ് കോഓർഡിനേഷൻ യോഗം ആവശ്യപ്പെട്ടു.

രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെയും സർക്കാർ ജോലികളിലെയും വളരെ കുറഞ്ഞ പ്രാതിനിധ്യം കാരണം ഇപ്പോഴും നില നിൽക്കുന്ന പിന്നാക്കാവസ്ഥയും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമില്ലായ്മയും വിശദമാക്കിയ സച്ചാർകമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ശുപാർശകൾ കൃത്യമായി നടപ്പാക്കാതെ മാറി മാറി ഭരിച്ച സർക്കാരുകൾ വ്യാജ പ്രചാരണങ്ങൾക്ക് വഴിവെക്കുകയാണ്. ഹൈക്കോടതി മുമ്പാകെ സംവരണം സംബന്ധിച്ചു സർക്കാർ നൽകിയ രേഖകളും കണക്കുകളും കൃത്യമല്ല എന്നാണ് വിധിയിൽ നിന്ന് മനസ്സിലാവുന്നത്. അതിനിടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളർഷിപ്പ് എന്ന പേരിൽ വിഭാഗീയത വളർത്തി വർഗീയ വികാരമുണ്ടാക്കാനാണ് ചിലർ കുല്‌സിത ശ്രമം നടത്തുന്നത്. മറ്റു വിഭാഗങ്ങളുടെ അവകാശങ്ങളിൽ നിന്ന് ഒരംശം പോലും നഷ്ടപ്പെടുത്താതെയാണ് മുസ്ലിം ജനവിഭാഗത്തിന്റെ സാമൂഹ്യ പതിതാവസ്ഥ മാറ്റിയെടുക്കുവാൻ ശുപാർശ പ്രകാരം നടപടികൾ ആവശ്യപ്പെടുന്നത്. മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും നിലവിൽ സ്‌കോളർഷിപ്പും വിദ്യാഭ്യാസ -തൊഴിൽ മേഖലകളിൽ പ്രോത്സാഹന പദ്ധതികളും ഉണ്ടെന്നിരിക്കെ മുസ്ലിം ജനവിഭാഗത്തിന്റെ അവകാശം ഹനിക്കുന്ന വിധം കോടതികളിൽ ഹരജികൾ സമർപ്പിക്കുന്നതും അതുപ്രകാരം കോടതി വിധിയുണ്ടാകുന്നതും ദൗർഭാഗ്യകരമാണ്. ഇതര പിന്നാക്ക സമുദായങ്ങൾക്കിടയിൽ അർഹമായതിലുമപ്പുറം എന്തൊക്കെയോ മുസ്ലിം സമുദായം നേടിയിരിക്കുന്നു എന്ന പ്രചരണം നടത്തുന്ന ശക്തികൾ നാട്ടിൽ സമുദായ സൗഹാർദ്ദം തകർക്കുകയാണ്.

മറ്റു പിന്നാക്ക സമുദായങ്ങൾക്ക് അർഹമായ സംവരണവും പ്രാതിനിധ്യവും നൽകുന്നതിൽ മുസ്ലിംകൾക്ക് ഒരെതിർപ്പുമില്ലെന്നിരിക്കെ, മുസ്ലിംകളുടെ സംവരണ നഷ്ടം നികത്താൻ ആവശ്യമായ നടപടികൾക്ക് പകരം സച്ചാർ കമ്മിറ്റി ശുപാർശകളിൽ വെള്ളം ചേർത്ത് മുസ്ലിം വിഭാഗത്തിന്റെ വിഹിതത്തിൽ നിന്നൊരു ഭാഗം മറ്റുള്ളവർക്ക് കൂടി ഭാഗിച്ചു നൽകുന്നതിനോട് യോജിക്കാനാവില്ല.

അതേ സമയം പിന്നാക്ക വിഭാഗങ്ങളെ വിദ്യാഭ്യാസ ഉദ്യോഗ രംഗങ്ങളടക്കം എല്ലാ മേഖലകളിൽ നിന്നും അകറ്റി നിർത്താൻ കുതന്ത്രങ്ങൾ മെനയുന്ന സവർണ്ണ ലോബികളാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ന്യൂനപക്ഷങ്ങളെ വോട്ടു ബാങ്കായി മാത്രം കാണുന്ന മുഖ്യധാരാ പാർട്ടികളും മുന്നണികളും സവർണ്ണ മേലാളന്മാർക്കു വേണ്ടിയാണ് എക്കാലവും നിലകൊണ്ടിട്ടുള്ളത്.
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നപ്പോഴേക്കും ആവശ്യത്തിലധികം നൽകി നടപ്പാക്കാൻ വ്യഗ്രത കാണിച്ചവരാണ് ഇടതു സർക്കാർ. എന്നാൽ മുസ്ലിം സമുദായത്തിന് കാലങ്ങളായി ലഭിക്കേണ്ടിയിരുന്ന ഭരണഘടനാപരമായ സംവരണാവകാശം നടപ്പാക്കുന്നതിൽ ഭരണകൂടങ്ങൾ വിമുഖത കാണിക്കുകയാണ്. മറ്റു സമുദായങ്ങളുടെ ഒരവകാശവും കവർന്നെടുക്കാനോ നഷ്ടപ്പെടുത്താനോ മുസ്ലിം സമുദായം ഒരിക്കലും ഭരണസംവിധാനവും നീതിന്യായവ്യവസ്ഥയും ഉപയോഗിച്ചിട്ടില്ല.

സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം നടപ്പാക്കേണ്ട മുസ്ലിം സ്‌കോളർഷിപ്പ് പദ്ധതിയിലും സ്‌കോളര്ഷിപ്പിന്റെ പേരുപോലും മറ്റുള്ളവർക്ക് മുതലെടുക്കാവുന്ന വിധം മാറ്റുകയും അനുവദിക്കേണ്ട സ്‌കോളര്ഷിപ്പിന്റെ ഇരുപതു ശതമാനം മറ്റൊരു സമുദായത്തിന് അനുവദിച്ചു കൊടുത്തു വിവാദത്തിനു വഴിവെച്ചു കൊടുത്ത് രാഷ്ട്രീയമായും വർഗീയമായും മുതലെടുപ്പ് നടത്തുന്നവരെ പൊതു സമൂഹം തിരിച്ചറിയണമെന്നും പറഞ്ഞു.

ഓൺലൈൻ യോഗത്തിൽ സോഷ്യൽ ഫോറം സൗദി കേരള സ്റ്റേറ്റ് കോഓർഡിനേറ്റർ ബഷീർ കാരന്തൂർ(റിയാദ്), അധ്യക്ഷത വഹിച്ചു. ഹനീഫ കടുങ്ങല്ലൂർ, ബീരാൻകുട്ടി കോയിസ്സൻ(ജിദ്ദ), മുഹമ്മദ് കോയ ചേലേമ്പ്ര, ഹനീഫ ചാലിപ്പുറം (അബഹ), അബ്ദുന്നാസർ ഒടുങ്ങാട് (ദമ്മാം), കുഞ്ഞിക്കോയ താനൂർ (ജുബൈൽ) എന്നിവർ സംബന്ധിച്ചു.