തിരുവനന്തപുരം: സൈബർ ലോകത്തെ ഞരമ്പുരോഗികൾക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച് രംഗത്തെത്തിയ ഹാക്കർമാരുടെ കൂട്ടായ്മയാണ് കേരളാ സൈബർ വാരിയേഴ്‌സ്. സോഷ്യൽ മീഡിയയിൽ അടക്കം സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവർക്കെതിരെ ഇവർ രംഗത്തെത്തി. ഞരമ്പു രോഗികളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത ശേഷം ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ അവരെ കൊണ്ട് ചില സേവനങ്ങൾ ചെയ്യിക്കാനും സൈബർ വാരിയേഴ്‌സ് തയ്യാറായി. പ്രധാനമായും സ്ത്രീകളെ സംരക്ഷിക്കാൻ വേണ്ടിയെന്ന നിലപാടിലായിരുന്നു സൈബർ വാരിയേഴ്‌സ് രംഗപ്രവേശം ചെയ്തത്. എന്നാൽ, ഇത് ആങ്ങള ചമയലാണെന്ന ആരോപണവും ശക്തമാണ്.

ഇങ്ങനെയുള്‌ല കേരള സൈബർ വാരിയേഴ്‌സിനെതിരെ ആരോപണവുമായി രംഗത്തെത്തിയ ഒറു യുവതി രംഗത്തെത്തി. വാരിയേഴ്‌സിനെതിരെ യുവതി ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്വയം ആങ്ങള ചമയുന്ന നിലപാടാണ് സൈബർ വാരിയേഴ്‌സിന്റേത് എന്ന ആരോപിച്ചാണ് ഇക്കൂട്ടർ രംഗത്തെത്തിയത്. ഇങ്ങനെയുള്ള സൈബർ വാരിയേഴ്‌സിന്റെ സേവനം വേണ്ടെന്ന നിലപാടുമായാമ് യുവതി രംഗത്തെത്തിയിരിക്കുന്നത്.

ഇഷ എന്ന പെൺകുട്ടിയാണ് സൈബർ വാരിയേഴ്‌സിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. മുമ്പ് സഹപാഠിയായിരുന്ന ഒരാൾ ഫേസ്‌ബുക്ക് മെസേജിൽ നടത്തിയ ചാറ്റിന്റെ ലിങ്കുകൾ ഷെയർ ചെയ്ത പെൺകുട്ടി സൈബർ വാരിയേഴ്‌സിനെ കണക്കിന് വിമർശിക്കുന്നുമുണ്ട്. തന്റെ ഫോട്ടോ കാമുകന്റെ കൈയിൽ നിന്നും ലീക്കായാൽ പോലും പ്രശ്‌നമില്ലെന്നും അത് കണ്ട് വല്ലവന്റെയും ദാരിദ്ര്യം തീരട്ടെയെന്നും പറഞ്ഞു കൊണ്ടാണ് ഇഷ തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ കാര്യങ്ങൾ നോക്കാൻ തനിക്കറിയാം എന്നു പറഞ്ഞു കൊണ്ടാണ് ഇഷ തന്റെ നിലപാട് വ്യക്തമാക്കുന്നത്.

തന്റെ നിലപാട് വ്യക്തമാക്കി ഇഷ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത് ഇങ്ങനെയാണ്:

അറ്റെൻഷൻ പ്ലീസ് ,
കേരള സൈബർ വാരിയേഴ്‌സിലെ അലവലാതികളെക്കുറിച്ചാണ് പറയാൻ പോകുന്നത് .രണ്ടു ദിവസം മുൻപ് ഇൻബോക്‌സിൽ ഒരു മെസേജ് വരും വരെ ഞാനീ ടൈപ്പ് മാരണങ്ങളെക്കുറിച്ച് കേട്ടിട്ടു കൂടിയുണ്ടായിരുന്നില്ല.

രണ്ടു ദിവസം മുൻപ് എന്റെ ഒരു സ്‌കൂൾമേറ്റ് എനിക്ക് മെസേജ് അയക്കുകയും അയാൾ കേരള സൈബർ വാരിയേഴ്‌സെന്ന രക്ഷകരുടെ കൂട്ടായ്മയിൽ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ,അവരുടെ രക്ഷാപ്രവർത്തനങ്ങളെ വാനോളം പുകഴ്‌ത്തി കൈരളിയിൽ വന്ന ഒരു വാർത്തയുടെ യൂറ്റിയൂബ് ലിങ്ക് അയച്ചുതരുകയും ,അവരെപ്പറ്റി അവർ തന്നെ എഴുതിയപോസ്റ്റ് ന്റെ ലിങ്ക് അയച്ച് തരികയും ചെയ്തു.
ചില പാക് വെബ് സൈറ്റുകൾ ഹാക്ക് ചെയ്ത് ഇന്ത്യയെ രക്ഷിച്ചതും, നാട്ടിലേ ചില പെൺകുട്ടികളെ അവരുടെ ഉപദ്രവകാരികളായ കാമുകന്മാരുടെ കയ്യിൽ നിന്ന് രക്ഷിച്ചതുമൊക്കെയാണ് കൈരളി ന്യൂസ് ലിങ്ക്.

ഈ പാക്കിസ്ഥാന്റെ കയ്യിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുക, കാമുകന്റെ കയ്യിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കുക, ഇതല്ലാതെ മറ്റ് രക്ഷാ പ്രവർത്തനത്തിനൊന്നും ഇവറ്റകൾക്ക് താൽപര്യമില്ലേ ആവോ.. ആ, അതെന്തേലും ആവട്ടെ. രക്ഷകന്മാരുടെ പേഴ്‌സണൽ കാര്യമല്ലേ, നമ്മളിടപെടണ്ട..

ആ.. വേറെയുമുണ്ട്. ഇവർ പിടിക്കുന്ന കാമുകന്മാരെക്കൊണ്ട് റോഡിൽ അലഞ്ഞ് തിരിയുന്ന വയോധികജനങ്ങൾക്ക് നിർബന്ധപൂർവം ഭക്ഷണം നൽകിച്ച്, അതിന്റെ ഫോട്ടോ സെന്റ് ചെയ്യിക്കും പോലും. പാവങ്ങൾ ഒരു പൊതിച്ചോറിന് മുൻപിൽ ഫോട്ടോ എടുക്കാൻ സമ്മതിക്കുമായിരിക്കും. ഈശ്വരാ... ഈ നാട്ടിൽ പാവങ്ങൾ തീർന്ന് പോയാൽ ഈ കുഞ്ഞുങ്ങൾ രക്ഷാ പ്രവർത്തനം നിർത്തുമോ എന്തോ. ഉം കാര്യത്തിലേക്ക് വരാം.ഞാൻ നേരത്തെ പറഞ്ഞ എന്റെ സ്‌കൂൾമേറ്റായ രക്ഷകൻ പറഞ്ഞു 'നാശത്തിലേക്കാണ് നിന്റെ പോക്ക്, നിന്നെയും വേണമെങ്കിൽ ഞാനും എന്റെ ആളുകളും ചേർന്ന് രക്ഷപ്പെടുത്താം. പകച്ചു പോയെന്റെ ബാല്യം..

ഈശ്വരാ.. ഇനി ഞാൻ അറിയാതെ ഞാൻ വല്ല അവിഹിതത്തിലും ചെന്ന് പെട്ടുവോ. ഒരു പാട് വട്ടം ചോദിച്ചപ്പോഴാണ് നമ്മുടെ രക്ഷകൻ കാര്യം വെളിപ്പെടുത്തുന്നത്. ഞാൻ ഒരു വർഷം മുൻപൊക്കെ പോസ്റ്റ് ചെയ്ത പൈങ്കിളി പ്രേമ പോസ്റ്റുകൾ മുതൽ ഞാൻ എപ്പോഴൊക്കെയോ രതിയേ കുറിച്ചും ആർത്തവത്തേ കുറിച്ചും എഴുതിയത്, ഞാൻ മുൻപ് പോസ്റ്റ് ചെയ്ത പല വർണങ്ങളിലുള്ള മെൻസസ് പാഡുകളുടെ ഫോട്ടോ.. ഇതൊക്കെ പെൺകുട്ടികളെ അപകടത്തിൽ കൊണ്ട് ചാടിക്കുമത്രെ..

ഹൊ, ചിരിച്ചെന്റെ നട്ടെല്ലുളുക്കി... :P ബഹുമാനപ്പെട്ട കേരള സൈബർ വാരിയേഴ്‌സിന്റെ സേവനങ്ങൾക്ക് പെരുത്ത് നന്ദി. പക്ഷെ ഇനിയിവിടെ കിടന്ന് അലമ്പി നാറ്റിക്കാതെ ഇറങ്ങിക്കോണം ഈ അങ്കത്തട്ടിന്ന്., ഈ കൊട്ടാരവളപ്പിന്ന്... ഈ ടെറിട്ടറീന്ന്.. ഞാനെന്റെ കാമുകന് എന്റെ ഫോട്ടോകൾ അയച്ച് പോയോന്നും മറ്റും അന്വേഷിക്കണ വാരിയേഴ്‌സിനോടും എന്റെ രക്ഷക അഭ്യുദയകാംഷികളോടും അങ്ങനെ ഇനി സംഭവിച്ച് പോയാൽ തന്നെ അവന്റെ കയ്യിന്ന് ലീക്കായി അത് കണ്ട് വല്ലവന്റേയും ദാരിദ്ര്യം മാറുവാണേൽ അതൊരു പുണ്യ പ്രവർത്തിയായി കണക്കാക്കും ഞാൻ...
ഗെറ്റ് ഔട്ട് ഹൗസ്..
ഇസ്തം.. ഉമ്മകൾ...
എന്ന് രക്ഷകന്റെ ആവിശ്യമില്ലാത്ത ഒരു പെൺകുട്ടി..
തേങ്ക്യു..??

അതേസമയം പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായതിന് പിന്നാലെ നിലപാട് വിശദീകരിച്ച് സൈബർ വാരിയേഴ്‌സും രംഗത്തെത്തി. പെൺകുട്ടിയുടെ ഏതോ ഒരു സഹപാഠി അയച്ച മെസേജിന്റെ പേരിൽ കേരള സൈബർ വാരിയേഴ്‌സിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ഈ ഗ്രൂപ്പിലെ ഒരു അഡ്‌മിൻ പ്രതികരിച്ചു. പെൺകുട്ടിക്ക് മെസേജ് അയച്ചയാൾ സൈബർ വാരിയേഴ്‌സിന്റെ ഔദ്യോഗിക അംഗമല്ലെന്നും ഇത്തരക്കാരുടെ പ്രവർത്തനങ്ങൾക്ക് ഗ്രൂപ്പ് ഉത്തരവാദികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ ചില വ്യക്തികളുടെ ആസൂത്രിതമായ ശ്രമങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

ഇടയ്ക്ക് സോഷ്യൽ മീഡിയയിലെ ചതിക്കുഴികളിൽ അകപ്പെടുന്ന പെൺകുട്ടികൾക്ക് സഹായവുമായി എത്തിയ സൈബർ വാരിയേഴ്‌സിന്റെ ഇടപെടലുകൾ വാർത്തയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ യുവാവിനെ സൈബർ വാരിയേഴ്‌സിന്റെ ബ്ലൂ ആർമി നല്ലനടപ്പിന് വിധിച്ചത്. മാനസാന്തരം വന്ന ചെറുപ്പക്കാരൻ ശിക്ഷ ഏറ്റുവാങ്ങിയശേഷം വാങ്ങി നൽകിയത് 20 സ്‌കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. സഹപ്രവർത്തകൻ കൂടിയായ യുവാവിൽ നിന്നും സഹികെട്ടാണ് യുവതി കേരളാ സൈബർ വാരിയേഴ്സിനെ സമീപിച്ചത്. യുവാവിൽനിന്ന് നിരന്തരം അശ്ലീല സന്ദേശങ്ങൾ യുവതിക്ക് ലഭിച്ചിരുന്നു. ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു ഇയാളുടെ പ്രധാന ഹോബി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കെസിഡബ്ല്യൂ ഞരമ്പനെ പൊക്കിയത്. ശല്യം അവസാനിപ്പിച്ചില്ലെങ്കിൽ വിവരങ്ങൾ പുറത്തുവിടും എന്ന് അറിയിച്ചു. ശിക്ഷയായി നല്ല നടപ്പും വിധിച്ചു. ഇതോടെ യുവാവ് നല്ലനടപ്പിന് തയ്യാറായി.

മലബാറിലെ ഗ്രാമീണ മേഖലയിലുള്ള ഒരു സ്‌കൂളിലെ 20 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകണമെന്നായിരുന്നു നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് പഠനോപകരണങ്ങളുമായി സ്‌കൂളിലെത്തി. ബാഗ്, നോട്ടുബുക്കുകൾ അടക്കമുള്ളവയാണ് ഇയാൾ കൈമാറിയത്. ഇതിന്റെ ചിത്രങ്ങൾ യുവാവ് കേരള സൈബർ വാരിയേഴ്‌സിന് അയച്ചുകൊടുക്കുകയും ചെയ്തിരകുന്നു. സ്‌കൂളിലെ അദ്ധ്യാപകനെ കേരള സൈബർ വാരിയേഴ്‌സിന്റെ ബ്ലൂ ആർമി ബന്ധപ്പെട്ടു. 20 കുട്ടുകൾക്കുള്ള പഠനോപകരണങ്ങൾ യുവാവ് ഏൽപ്പിച്ചുവെന്ന് അദ്ധ്യാപകൻ സ്ഥിരീകരിച്ചു. സൈബർ വാരിയേഴ്‌സിന്റെ നിർദ്ദേശിക്കാതെ തന്നെ കുറച്ചുതുക സ്‌കൂളിന് സംഭാവനയായും നൽകി. എല്ലാവർഷവും 20 കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.