- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈ ഇന്ത്യൻസിന്റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നിലും അടിപതറിയതോടെ തുടർച്ചയായ നാലാം തോൽവി; ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് ഇനി നിർണായക മത്സരം
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് തുടർച്ചയായ നാലാം തോൽവി. മുംബൈ ഇന്ത്യൻസാണ് ഇക്കുറി ഡൽഹിയെ പരാജയപ്പെടുത്തിയത്. പതിമൂന്നാം സീസണിലെ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിച്ച ഏക ടീമാണ് മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 110 റൺസാണ് എടുത്തത്. അതേസമയം, 14.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മുംബൈ 111 എന്ന വിജയലക്ഷ്യം സ്വന്തമാക്കി.
അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്. 47 പന്തുകൾ നേരിട്ട കിഷൻ മൂന്ന് സിക്സും എട്ട് ഫോറുമടക്കം 72 റൺസോടെ പുറത്താകാതെ നിന്നു.ഓപണർമാരായ ക്വിന്റൺ ഡിക്കോക്കും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് മുംബൈക്ക് നൽകിയത്. ക്വിന്റൻ ഡികോക്ക് (28 പന്തിൽ 26) മാത്രമാണ് മുംബൈ നിരയിൽ പുറത്തായത്. സൂര്യകുമാർ യാദവ് 11 പന്തിൽ 12 റൺസോടെ പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ കിഷൻ – ഡികോക്ക് സഖ്യം 68 റൺസ് കൂട്ടിച്ചേർത്തപ്പോൾത്തന്നെ മത്സരഫലം വ്യക്തമായിരുന്നു. ഇഷാൻ കിഷനാണ് കളിയിലെ കേമനും.
ഐപിഎൽ കരിയറിൽ ഒരു സീസണിൽ തന്റെ റെക്കോർഡ് വിക്കറ്റ് നേട്ടത്തിലേക്ക് പന്തെറിഞ്ഞ ജസ്പ്രീത് ബുമ്രയുടെ പ്രകടനമാണ് ഡൽഹിയെ തകർത്തത്. ബുമ്ര നാല് ഓവറിൽ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇതോടെ, ഈ സീസണിൽ ബുമ്രയുടെ വിക്കറ്റ് നേട്ടം 21 ആയി ഉയർന്നു. ഡൽഹിയുടെ കഗീസോ റബാദയ്ക്കൊപ്പം ഈ സീസണിൽ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്താണ് ബുമ്ര. ബുമ്രയ്ക്കു പുറമെ അദ്ദേഹത്തിന്റെ പേസ് പങ്കാളി ട്രെന്റ് ബോൾട്ടും മൂന്നു വിക്കറ്റ് പിഴുതു.ബോൾട്ട് നാല് ഓവറിൽ 21 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്.
ഈ സീസണിൽ മിക്കപ്പോഴും ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ഡൽഹി, ഏറ്റവും ഒടുവിൽ കളിച്ച തുടർച്ചയായ നാലാമത്തെ മത്സരമാണ് തോൽക്കുന്നത്. ഇതോടെ അവരുടെ പ്ലേ ഓഫ് സാധ്യതകളും മങ്ങി. ഇനിയൊരു മത്സരം കൂടി തോറ്റാൽ ഡൽഹി പുറത്തുപോകാനും സാധ്യതയേറെ. ഇന്നത്തെ കൂറ്റൻ തോൽവി അവരുടെ നെറ്റ് റൺറേറ്റിനെയും ബാധിച്ചതോടെയാണിത്. 13 കളികളിൽനിന്ന് ഒൻപതാം ജയം കുറിച്ച മുംബൈ, 18 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനം ഉറപ്പാക്കി.
മറുനാടന് ഡെസ്ക്