ന്യൂഡൽഹി: തലസ്ഥാന നഗരിക്ക് ഇത് ക്രിക്കറ്റ് കളിക്കാരുടെ വിവാഹ സീസണാണ്. യുവരാജ് സിംഗിനു പിന്നാലെ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമയാണ് വിവാഹിതനായിരിക്കുന്നത്. വധു ദേശീയ ബാസ്‌കറ്റ്ബോൾ ടീമംഗം പ്രതിമാ സിങ് ആണ്. ഗുർഗാവിലെ ഫാംഹൗസിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു വിവാഹം. ഓട്ടേറെ കായികതാരങ്ങളുടെ ഒരുമിച്ചുകൂടൽ കൂടിയായിരുന്നു വിവാഹം.

ഏകദിന ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയക്കമുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. രാത്രി ഏറെ വൈകിയെത്തിയ ധോണി അഞ്ചു മിനിട്ടിനുശേഷം മടങ്ങി.

അതിഥികളിലെ ശ്രദ്ധാകേന്ദ്രം കഴിഞ്ഞയാഴ്ച വിവാഹിതരായ യുവരാജ് സിംഗും ഭാര്യ ഹേസലുമായിരുന്നു. വിവാഹശേഷം ഇതാദ്യമായാണ് ഇരുവരും മറ്റൊരു പരിപാടിയിൽ പങ്കെടുക്കുന്നത്. ഒരാഴ്ചനീണ്ട വിവാഹാഘോഷം ഹേസലിനെ തളർത്തിയതായി യുവരാജ് പ്രതിമാ സിംഗിനോടു തമാശ പറഞ്ഞു. ഡൽഹി രഞ്ജി ടീമിലെ അംഗങ്ങളും ഇഷന്തിനൊപ്പം അണ്ടർ19 ടീമിൽ കളിച്ചിട്ടുള്ളവരും പങ്കെടുത്തു.