- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്കറ്റിൽ നിന്ന് ബോട്ടു വഴി പാക്കിസ്ഥാനിലെത്തി; ഫാം ഹൗസിൽ താമസിച്ചവർക്ക് 15 ദിവസത്തെ തീവ്രവാദ പരിശീലനം; ഐഎസ്‌ഐയുടെ ഓപ്പറേഷൻ പൊളിച്ചത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ജാഗ്രത; അറസ്റ്റിലായവർക്ക് പിന്നിൽ ദാവൂദിന്റെ സഹോദരൻ; കേരളവും അതീവ ജാഗ്രതയിലേക്ക്; ഡി കമ്പനി വീണ്ടും സജീവമാകുന്നുവോ?
ന്യൂഡൽഹി: വീണ്ടും രാജ്യത്ത് ഭീകരവാദ ആക്രമണമുണ്ടാകുമെന്ന ആശങ്ക. ഈ സാഹചര്യത്തിൽ രാജ്യമാകെ അതീവ ജാഗ്രത പുലർത്തും. ഉത്സവ സീസണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്‌ഫോടനങ്ങൾ നടത്തുക ലക്ഷ്യമിട്ട് ഭീകരർ എത്തിയെന്നാണ് സൂചന. ആറ് ഭീകരർ ആസൂത്രണങ്ങൾ നടത്തിയതെന്ന വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമുമായും ഈ സംഘത്തിന് ബന്ധമുണ്ട്.
ഈ തീവ്രവാദികളെ ഡൽഹി പൊലീസ് സ്‌പെഷൽ സെൽ പിടികൂടി. പിടിയിലായവരിൽ രണ്ടു പേർ പാക്കിസ്ഥാനിൽ പരിശീലനം കഴിഞ്ഞെത്തിയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിവിധ ഏജൻസികളിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഭീകരർക്കായി തിരച്ചിൽ നടത്തിയത്. അഫ്ഗാനിൽ താലിബാൻ ഭരണം എത്തിയതിന് പിന്നാലെ കാശ്മീരിൽ ചുവടുറപ്പിക്കാൻ തീവ്രവാദികൾ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ആശങ്ക പടർത്താനാണ് നീക്കം.
രാജസ്ഥാനിലെ കോട്ടയിൽനിന്നും ഒരു ഭീകരനെ പിടികൂടിയിട്ടുണ്ട്. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേനയുടെ സഹകരണത്തോടെ മൂന്ന് പേരെ കണ്ടെത്തി. മറ്റു രണ്ടു പേരെ ഡൽഹിയിൽനിന്നും അറസ്റ്റ് ചെയ്തതായി സ്‌പെഷൽ സെൽ ഉന്നത ഉദ്യോഗസ്ഥൻ നീരജ് താക്കൂർ പ്രതികരിച്ചു. അതിമാരക സ്‌ഫോടനങ്ങളാണ് ഇവർ പദ്ധതി ഇട്ടത്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പ്രശ്‌നമുണ്ടാക്കാനാണ് തീവ്രവാദികളുടെ നീക്കം.
മുംബൈ സ്വദേശി ജാൻ മുഹമ്മദ് ഷെയ്ഖ് (47), ഡൽഹി സ്വദേശി ഒസാമ(22), റായ്ബറേലിയിൽനിന്നുള്ള മൂൽചന്ദ് (47), പ്രയാഗ്‌രാജിൽനിന്നുള്ള സീഷാൻ കമർ (28), ബറൈച്ച് സ്വദേശി മുഹമ്മദ് അബൂബക്കർ (23), ലക്‌നൗ സ്വദേശി മുഹമ്മദ് അമീർ ജാവേദ് (31) എന്നിവരാണു പിടിയിലായത്. ഇവരുടെ പക്കൽനിന്നും രണ്ട് ഗ്രനേഡുകൾ, സ്‌ഫോടക വസ്തുക്കൾ, ഒരു കിലോ ആർഡിഎക്‌സ്, ഇറ്റാലിയൻ നിർമ്മിത തോക്ക് എന്നിവ പിടിച്ചെടുത്തു.
രണ്ട് സംഘങ്ങളായാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഒരു സംഘത്തെ നയിച്ചിരുന്നത് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിം ആയിരുന്നു. ആയുധങ്ങളെത്തിക്കുക എന്നതായിരുന്നു ഇവരുടെ ജോലി. മറ്റൊരു സംഘത്തിന്റെ ജോലി ഹവാല വഴി ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുക എന്നതായിരുന്നുവെന്ന് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ വ്യക്തമാക്കി.
ഒസാമ, കമർ എന്നിവർ മസ്‌കറ്റിൽനിന്ന് ബോട്ട് വഴി പാക്കിസ്ഥാനിലെത്തി പരിശീലനം നേടിയെന്നാണു അന്വേഷണ സംഘത്തിൽനിന്നു ലഭിക്കുന്ന വിവരം. പാക്കിസ്ഥാനിലെ ഫാം ഹൗസിൽ 15 ദിവസം താമസിച്ച ഭീകരർ ആയുധ പരിശീലനവും നടത്തി. തന്ത്രപരമായാണ് ഇവരെ കണ്ടെത്തിയത്. ഇതിൽ ബോംബ് നിർമ്മാണ വിദഗ്ധരും ഉണ്ട്.
മുംബൈ, ലക്‌നൗ, പ്രയാഗ്‌രാജ്, റായ്ബറേലി, പ്രതാപ്ഗഡ് എന്നിവിടങ്ങളിലെല്ലാം ഒരുമിച്ചാണു വ്യത്യസ്ത സംഘങ്ങൾ പരിശോധന നടത്തിയത്. പിടിയിലായവരിൽ ഷെയ്ഖ്, മൂൽചന്ദ് എന്നിവർ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിർദേശങ്ങൾക്കനുസരിച്ചാണു പ്രവർത്തിച്ചിരുന്നത്. ആയുധക്കടത്ത്, ഹവാല ഇടപാടിലൂടെ പണം കണ്ടെത്തൽ എന്നിവ കൈകാര്യം ചെയ്തത് ഇവരായിരുന്നു.
പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ച രണ്ടു പേർക്കാണു സ്‌ഫോടക വസ്തുക്കൾ സ്ഥാപിക്കാനുള്ള ചുമതല ലഭിച്ചത്. സംഘത്തിലെ മറ്റുള്ളവരെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ