മലപ്പുറം: മലപ്പുറം ജില്ലയിൽനിന്ന് ഐ.എസിൽ പോയതായി സ്ഥിരീകരിച്ചത് ഒമ്പത് യുവാക്കൾ. എന്നാൽ ഇവർക്കുപുറമെ ഐ.എസിൽ പോയെന്ന് സംശയിക്കുന്നവരുടെ ലിസ്റ്റിൽ 20ഓളംപേരുണ്ട്. ഇവർ ഐ.എസിൽ എത്തിയയെന്ന് ഔദ്യോഗികമായി സ്ഥീകരിക്കാൻ കഴിയുന്ന തെളിവുകൾ ലഭ്യമല്ലെന്നും എന്നാൽ ലഭ്യമായ വിവരം വെച്ച് ഐ.എസിൽതന്നെ എത്തിയെന്നുമാണ് പൊലീസ് കരുതുന്നത്.

കേരളത്തിൽനിന്നും ഇതുവരെ ഐ.എസിലേക്കുപോയത് നൂറിലധികം പേരാണെന്നാണ് കേരളാപൊലീസിന്റെ രേഖകളിലുള്ളത്.

കേന്ദ്ര ഏജൻസികൾവഴി ലഭിക്കുന്ന വിവരങ്ങൾ പ്രകാരം അതാത് വ്യക്തികളുടെ വീടകളിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തും, അതുപോലെ യുവാക്കളെ കാണാനില്ലെന്ന് വീട്ടുകാർ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയും ലഭിച്ച വിവരങ്ങൾ പ്രകാരമാണ് കേരളാപൊലീസ് ഇത്തരത്തിൽ റിപ്പോർട്ട് തെയ്യാറാക്കിയിട്ടുള്ളത്. ആളുകളുടെ പൂർണ വിവരങ്ങൾ അതതാത് ജില്ലകളിലെ സ്പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് ഓഫീസുകളിൽ സൂക്ഷിക്കുന്നുണ്ട്.

കണ്ണൂർ ജില്ലയിൽനിന്നാണ് ഏറ്റവും കൂടുതൽപേർ പോയിട്ടുള്ളത്. 2020ലെ കണക്ക് പ്രകാരം 39പേർ കണ്ണൂരിൽനിന്നും, 18പേർ കാസർകോട് നിന്നും ഒമ്പതുപേർ വീതം കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നും പോയെന്നാണ് കണക്ക്. ഈജില്ലകൾക്കു പുറമെ പാലക്കാട്, എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽനിന്നും ആളുകൾപോയിട്ടുണ്ട്. അതേ സമയം ചില യുവക്കൾക്കൊപ്പം പോയ ചില ഭാര്യമാരുടേയും ചെറിയ കുട്ടികളുടെ എണ്ണം ഈ കണക്കിൽരേഖപ്പെടുത്തിയിട്ടില്ലെന്നും ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഇവരുടെ വീടുകളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. പോയവരിൽ ചിലർ അവിടെവെച്ചു കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിൽനിന്നുംപോയ ഒമ്പതുപേരെ കുറിച്ചുള്ള വിവരണങ്ങൾ താഴെ:
1 വണ്ടൂർ സ്വദേശി ചൂരാടൻ മുഹദ്ദിസ്(31) 2015ൽ ബഹറൈൻ വഴി ഐ.എസ് കേന്ദ്രത്തിലെത്തിയതായും പിന്നീട് സഖ്യസേനയുമായി നടന്ന യുദ്ധത്തിൽകൊല്ലപ്പെട്ടതായി വിവരംലഭിച്ചു
2 കൊണ്ടോട്ടി പാലപ്പെട്ടി മാതാകുളം സ്വദേശി മൻസൂറലി, 2014ൽ ഭര്യയയും കുട്ടികളേയുംകൂട്ടി ബഹറൈനിൽനിന്നുപോയി. സഖ്യസേനയുമായുള്ള യുദ്ധത്തിൽ മൻസൂറലി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു
3 പൊന്മള സ്വദേശി നജീബ്, 2017ൽ ഹിജ്റക്കുപോകുകയാണെന്ന് വീട്ടുകാരെ അറിയിച്ച് യു.എ.ഇയിൽനിന്നും ഇറാൻവഴി പോയി. തുടർന്ന് യുദ്ധത്തിൽകൊല്ലപ്പെട്ടതായി വിവരം ലഭിച്ചു
4 വളാഞ്ചേരി മാവണ്ടിയൂർ സ്വദേശി സുനൈൽ ഫവാസ്, അബൂദാബിയിൽ യോർക്ക് കമ്പനിയിൽ ജോലിചെയ്യുന്നതിനിടെ ഭാര്യയേയും നാലുമക്കളേയുംകൂട്ടി അവിടെനിന്നും പോയി. ഫവാസ് മരിച്ചെന്ന് പിന്നീട് വിവരം ലഭിച്ചു.
5 വട്ടംകുളംസ്വദേശി മുഹമ്മദ് മുഹ്സിൻ, 2017ൽ വിനോദയാത്രക്ക് ബംഗളൂരുവിലേക്കെന്ന് ം പറഞ്ഞ് വീട്ടിൽനിന്നും പോയി, പിന്നീട് അമേരിക്കയുടെ ഡ്രോൺ അക്രമത്തിൽ കൊല്ലപ്പെട്ടന്ന് വിവരം ലഭിച്ചു.
6 തിരൂരങ്ങാടി സ്വദേശി അബ്ദുൽ സലീം, 2018ൽ വിസിറ്റിങ് വിസയിൽ യു.എ.ഇയിലേക്ക് പോയി. തുടർന്ന് ഡ്രോൺ അക്രമത്തിൽപ്പെട്ട് കൊല്ലപ്പെട്ടന്ന് വിവരം ലഭിച്ചു.
7 കോട്ടക്കൽ ഒറ്റകത്ത് സിദ്ദീഖ്, 2014 ഖത്തർവഴി ഐ.എസിലേക്കുപോയി. പോകുന്ന സമയത്ത് ഇയാൾക്ക് 32വയസ്സായിരുന്നു.
8 കോട്ടക്കൽ പുതുപ്പറമ്പ് സൈഫുദ്ദീൻ, 2016ൽ സൗദിയിൽനിന്നുംപോയി.
9 വഴിക്കടവ് സ്വദേശി ഷാജഹാൻ. നാട്ടിൽ മതസ്പർദയുണ്ടാക്കിയ ഒരുകേസിലെ പ്രതികൂടിയായിരുന്നു.

കേരളത്തിലെ യുവാക്കൾ ചിലരെങ്കിലും ഐ.എസിലേക്ക് ആകൃഷ്ടരായത് ഓൺലൈൻ മതപഠനംകൊണ്ടാണെന്ന് ഐ.എസ് പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പൊലീസുദ്യോഗസ്ഥർ പറയുന്നു. ഐ.എസ് ആശയധാരയിലേക്കുപോയ ഭൂരിഭാഗം പേരും മദ്രസളിൽ പഠനം നടത്താതെ ഓൺലൈനിലൂടെ ഖൂർആൻ പഠനം നടത്തിയവരാണ്.

നേരത്തെ മതാധിഷ്ടിത വിശ്വാസമില്ലാത്തവർക്ക് പെട്ടന്ന് വിശ്വാസത്തോട് താൽപര്യം തോന്നുന്നതോടെ ഓൺലൈനിലൂടെയും മറ്റും ഖുർആനും ഹദീസും പഠിക്കുന്നതോടെ ഇവയുടെ ഇവയിലെ ചില വാക്കുകൾ അടർത്തിമാറ്റി ഓൺലൈനിൽ പ്രചരിപ്പിക്കുന്ന വിഭാഗങ്ങളുടെ കെണിയിൽപ്പെട്ടുപോകുകയാണെന്നും ബോധവൽക്കരണം നടത്തി തിരിച്ചുകൊണ്ടുവന്ന ഭൂരിഭാഗംപേരും ഈ രീതിയിൽ തെറ്റിദ്ധാരണയുണ്ടായവരായിരുന്നുവെന്നും പൊലീസുദ്യോഗസ്ഥർ വ്യക്തമാക്കി.