തുടർച്ചയായ ഭീകരാക്രമണങ്ങൾ ലണ്ടൻ നിവാസികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. അതിനിടെ ഭീകരരെ തനിക്കറിയാമെന്ന് ഒരാൾ ഉറക്കെ വിളിച്ചുപറഞ്ഞാൽ എന്തായിരിക്കും സ്ഥിതി. അതും തിരക്കേറിയ ട്രെയിൻ യാത്രയ്ക്കിടെ. യാത്രക്കാർ പരിഭ്രാന്തരാകാൻ ഇതിൽപരം വല്ലതുംവേണോ? ഇന്നലെ ലണ്ടനിൽ ട്രെയിൻ യാത്രയ്ക്കിടെ, ഐസിസ് ഭീകകരരെ തനിക്കറിയാമെന്നും തന്റെ കൈയിൽ തോക്കുണ്ടെന്നും ഒരാൾ വിളിച്ചുപറഞ്ഞത് വലിയ പരിഭ്രാന്തിക്കിടയാക്കി.

റിച്ച്മണ്ടിലേക്ക് പോവുകയായിരുന്ന ഓവർഗ്രൗണ്ട് ട്രെയിനിലാണ് സംഭവം. ട്രെയിൻ കാനോൺബറി സ്‌റ്റേഷനിൽ നിർത്തിയപ്പോഴാണ് ഭീകരരരെ അറിയാമെന്ന് പറഞ്ഞ് ഒരാൾ ആക്രോശിക്കാൻ തുടങ്ങിയത്. മാഞ്ചസ്റ്ററിൽ ബോംബുവെച്ചത് തന്റെ കസിനാണെന്ന് ഇയാൾ വിളിച്ചുപറഞ്ഞതോടെ യാത്രക്കാർ മറ്റൊരു ഭീകരാക്രമണം ഭയക്കാൻ തുടങ്ങി. ആളുകൾ ട്രെയിൻ വാതിലിനരികിലേക്ക് നീങ്ങാനും തുടങ്ങി.

ഇതിനിടെ ആരോ വിവരം പൊലീസിൽ അറിയിച്ചിരുന്നു. ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് സ്ഥലത്തെത്തുകയും 27-കാരനായ യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത ഇയാളെ ഇതുവരെ വിട്ടിട്ടില്ല. പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്.

ആരെങ്കിലും മറുത്തൊരക്ഷരം പറഞ്ഞാൽ ഞാൻ കാണിച്ചുതരാമെന്ന ഭീഷണിയോടെയാണ് ഇയാൾ യാത്രക്കാരെ പേടിപ്പിക്കാൻ തുടങ്ങിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തന്റെ കൈയിൽ തോക്കുണ്ടെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഐസിസിലുള്ളവരെ തനിക്കറിയാമെന്നും പറഞ്ഞതോടെ, യാത്രക്കാർ ഭയചകിതരായി. ഇതിനിടെയാണ് ഡ്രൈവർ സ്‌റ്റേഷനിൽ വണ്ടിനിർത്തിയതും എല്ലാവരോടും പുറത്തിറങ്ങാൻ നിർദേശിച്ചതും.

ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്നും എല്ലാവരും വണ്ടിയിൽനിന്നിറങ്ങണമെന്നും ഡ്രൈവർ ആവശ്യപ്പെട്ടു. വണ്ടി നിർത്തിയതോടെ എല്ലാവരും പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങി രക്ഷപ്പെടാൻ തുടങ്ങി. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി യുവാവിനെ കീഴ്‌പ്പെടുത്തുകയും ചെയ്തു.