റാഖി സേന ഐസിസിൽ നിന്നും തിരിച്ച് പിടിച്ച മൊസൂളിൽ ഇടുങ്ങിയ മുറികൾക്കുള്ളിൽ ഐസിസുകാരെ കുത്തിനിറച്ച് പാർപ്പിച്ചിരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്നലെ വരെ ലോകത്തെ ഭയപ്പെടുത്തി നിരപരാധികളെ കൊന്നൊടുക്കിയിരുന്ന ഈ ഭീകരർ ഇന്ന് ജീവന് വേണ്ടി കേണ് ഇടുങ്ങിയ മുറികൾക്കുള്ളിൽ ശ്വാസം മുട്ടി കഴിയുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. മൊസൂളിൽ തടവിൽ കഴിയുന്ന ഐസിസ് ഭീകരരുടെ സ്ഥിതി അതീവ ദയനീയമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

2014 മുതൽ ഐസിസ് കസ്റ്റഡിയിലായിരുന്നു മൊസൂൾ എന്ന ഇറാഖി നഗരം അടുത്തിടെയാണ് കടുത്ത പോരാട്ടത്തിലൂടെ ഇറാഖി സേന തിരിച്ച് പിടിച്ചിരുന്നത്. അതിന് ശേഷം ഇവർ ഐസിസുകാരോട് കടുത്ത മനുഷ്യത്വധ്വംസനമാണ് കാണിക്കുന്നതെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് അത് ശരി വയ്ക്കുന്ന വിധത്തിലുള്ള പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. 45 ഡിഗ്രി സെൽഷ്യസ് താപത്തിൽ മനുഷ്യരെ ഒരു ജയിൽ മുറിയിൽ കുത്തിനിറച്ച് പാർപ്പിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവിടെ ഇലക്ട്രിസിറ്റിയോ വായുസഞ്ചാരോമോ ലഭ്യമാക്കിയിട്ടില്ലാത്തതിനാൽ നരകസമാനമായ അവസ്ഥയാണ് ഭീകരർ ഇതിനുള്ളിൽ അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

ഇത്തരത്തിൽ നരകയാതന അനുഭവിക്കുന്നവർക്കിടയിൽ ജിഹാദികളെന്ന് സംശയിക്കുന്ന കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട്. ഇവരെ മനുഷ്യരായി കണക്കാക്കാൻ സാധിക്കില്ലെന്നാണ് ഒരു ഇറാഖി ലെഫ്റ്റനന്റ് പ്രതികരിച്ചിരിക്കുന്നത്. ഇറാഖി സൈന്യത്തിന് ഐസിസിനോടുള്ള അടങ്ങാത്ത പകയാണീ വാക്കുകളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇറാഖിനെ തീവ്രവാദത്തിലേക്ക് തള്ളി വിട്ട ഐസിസുകാർക്ക് മരണത്തിന് മാത്രമേ ഇനി അർഹതയുള്ളുവെന്നും ലെഫ്റ്റനന്റ് അഭിപ്രായപ്പെടുന്നു. നിലവിൽ ഈ ജയിലിൽ 370 തടവുകാരാണുള്ളതെന്നാണ് ഇതിന് മേൽനോട്ടം നടത്തുന്ന പ്രസ്തുത ഇറാഖി ഓഫീസർ വെളിപ്പെടുത്തുന്നു.

നീണ്ട ഒമ്പത് മാസത്തെ പോരാട്ടത്തിലൂടെ മൊസൂളിലെ ഓരോ നൈബർഹുഡിൽ നിന്നും ഐസിസുകാരെ ഈ മാസം ആദ്യത്തോടെ ഇറാഖി സേന തുരത്തിയിരിക്കുകയാണെന്നാണ് ഈ ഓഫീസർ പറയുന്നത്. ഇവിടുത്തെ തടവുകാർ സൂര്യപ്രകാശമേൽക്കാത്തതിനാൽ അവർക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ത്വക്ക് രോഗങ്ങളുമുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം പേർക്കും നടക്കാനും സാധിക്കുന്നില്ല. ഐസിസുകാരെന്ന് സംശയിക്കുന്ന 1150 പേരെ കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ തടവിലിട്ടിരുന്നു. 540 പേരെ കൂടുതൽ അന്വേഷണങ്ങൾക്ക് വിധേയമാക്കുന്നതിനായി ബാഗ്ദാദിലേക്ക് അയക്കുകയും ചെയ്തിരുന്നു.

ഇതിന് പുറമെ മറ്റ് 2800 തടവ് പുള്ളികളെ മൊസൂളിന് തെക്ക് ഭാഗത്തുള്ള ഖ്വായറ എയർബേസിൽ പാർപ്പിച്ചിട്ടുണ്ട്. നൂറ് കണക്കിന് പേരെ ചെറിയ ജയിലുകളിലുമിട്ടിട്ടുണ്ട്. ഇത്തരം തടവ് പുള്ളികളിൽ വളരെ കുറച്ച് ഐസിസുകാർ മാത്രമേയുള്ളുവെന്നാണ് അവരുമായി കൂടിക്കാഴ്ച നടത്തിയ അസോസിയേറ്റ് പ്രസ് പ്രതിനിധികൾ വെളിപ്പെടുത്തുന്നത്. ഇവരിൽ മിക്കവരും കഴിഞ്ഞ ആറ് മാസത്തോളമായി ജയിലിൽ കഴിയുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇറാഖിസേന മനുഷ്യാവകാശ ധ്വംസനങ്ങൾ നടത്തുന്നുവെന്ന് ഇറാഖി പ്രധാനമന്ത്രി ഹൈദർ അൽഅബാദി തന്നെ സമ്മതിക്കുന്നുണ്ട്.

എന്നാൽ ഇത്തരം ശിക്ഷകൾ ചില സൈനികർ വൈരാഗ്യ ബുദ്ധിയോടെ ഭീകരർക്ക് മേൽ നടപ്പിലാക്കുകയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐസിസ് ഭീകരർ സിവിലിന്മാർക്ക് മേലും സൈനികർക്ക് മേലും കടുത്ത ആക്രമണങ്ങളും ക്രൂരമായ കൊലപാതകങ്ങളുമാണ് നടപ്പിലാക്കി വന്നിരുന്നത്. എന്നാൽ സിറിയയിലും ഇറാഖിലും ഇവർക്ക് സമീപകാലത്തായി ശക്തമായ തിരിച്ചടിയുണ്ടായി സമ്പൂർണ നാശത്തെ നേരിട്ട് കൊണ്ടിരിക്കുകയാണ്.