കെട്ടിടത്തിൽ നിന്നും തള്ളിയിട്ട് കൊല്ലുക, കല്ലെറിഞ്ഞ് കൊല്ലുക, നിരത്തി നിർത്തി വെടിവച്ച് കൊല്ലുക...തുടങ്ങിയ പൈശാചികമായ ശിക്ഷാ വിധികളായിരുന്നു തങ്ങൾ ബന്ധികളായി പിടിക്കുന്നവർക്ക് ഐസിസ് ഭീകരർ വിധിച്ചിരുന്നത്. എന്നാൽ ഐസിസിന്റെ കരുത്ത് ചോർന്നതോടെ അവർ ഇപ്പോൾ നേരിടുന്നത് അവർ നൽകിയ അതേ ശിക്ഷാരീതികളാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ലിബിയയിൽ 18 ഐസിസ് ഭീകരരെ ഓറഞ്ച് സ്യൂട്ട് ധരിപ്പിച്ച് നിർത്തി പട്ടാളക്കാർ വെടിവച്ച് കൊല്ലുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത് ഇതിനുള്ള ഉദാഹരണമാണ്. ഇത്തരത്തിൽ തങ്ങളുടെ ബന്ധികളെ ഓറഞ്ച് വസ്ത്രം ധരിപ്പിച്ച് നിരത്തി നിർത്തി വെടി വച്ച് കൊല്ലുന്ന രീതി ഐസിസുകാർ കുറച്ച് കാലമായി പ്രയോഗിച്ച് വരുന്നതായിരുന്നു.

ഐസിസുകാരെ നാല് വരികളായി മുട്ട് കുത്തി നിർത്തിയാണ് ലിബിയൻ പട്ടാളം അവരെ വെടിവച്ച് കൊന്നിരിക്കുന്നത്. ഇവരെ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിർത്തിയാണ് സെമി ഓട്ടോമാറ്റിക് അസാൾട്ട് റൈഫിളുകൾ കൊണ്ട് ലിബിയൻ പട്ടാളക്കാർ വകവരുത്തിയിരിക്കുന്നത്. ഭീകരരുടെ തലയ്ക്ക് പുറകിലാണ് നിറയൊഴിച്ചിരിക്കുന്നത്. ഖലിഫ ഹഫ്താർ ലിബിയൻ നാഷണൽ ആർമിയുടെ കമാൻഡറായി ഉയർത്തപ്പെട്ടതിന് ശേഷം ജിഹാദികളും ലിബിയൻ സേനയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് ബെൻഗസ്സിയിൽ നടന്ന് കൊണ്ടിരിക്കുന്നത്. ഹഫ്താർ ഗദ്ദാഫി ഭരണകാലത്ത് അദ്ദേഹത്തിന്റെ മുൻനിര സൈനികനായിരുന്നു. കിഴക്കൻ നഗരത്തിൽ ലിബിൻ സേന ജിഹാദികൾക്ക് മേൽ വിജയപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.

വെടിയേൽക്കുന്ന 18 ഐസിസുകാരും തറയിലേക്ക് വീഴുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. എന്നാൽ കാഞ്ചി വലിച്ചവരുടെ മുഖം വ്യക്തമല്ല. ആരാണ് ഇതിന് ഉത്തരവിട്ടിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടില്ല. ഈസ്റ്റേൺ സയ്ഖ ഫോഴ്‌സ് ഓഫ് ഓപ്പറേഷന്റെ കമാൻഡറായ മഹമ്മൂദ് അൽവെർഫാലിയാണ് ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടതെന്നാണ് ലിബിയൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഇവരെ വെടി വച്ച് കൊല്ലുന്നതിന് മുമ്പ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം അൽവെർഫാലി വായിച്ച് കേൾപ്പിച്ചിരുന്നുവെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇവർ ഐസിസ് ഭീകരരാണെന്നും ചാനൽ സ്ഥിരീകരിക്കുന്നു.

ഒരു ലൈനിലുള്ളവരെ വെടിവച്ച് കൊന്നതിന് ശേഷം പട്ടാളക്കാർ പിൻവാങ്ങുകയും പുതിയവരെത്തി അടുത്ത ലൈനിലുള്ളവരെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. രണ്ടാമത്തെ ഒരു ഭീകരർ തനിക്ക് വെടിയേറ്റതായി നടിച്ച് വീണ് പട്ടാളക്കാരെ കബളിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത് തിരിച്ചറിഞ്ഞ സൈനികർ അയാളെ പിടിച്ച് വലിച്ച് രണ്ടാം വട്ട വെടിവയ്പിൽ അയാളുടെ തലയ്ക്ക് വെടിവച്ച് കൊല്ലുന്നതും കാണാം. 18 പേരും വധിക്കപ്പെടുന്നത് വരെ ഈ പ്രക്രിയ തുടർന്നിരുന്നു. ജൂലൈ 17 എന്ന തിയതിയിലാണീ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ലിബിയൻ നാഷണൽ ആർമി തടവുകാരെ എങ്ങനെയാണ് കൊല്ലുന്നതെന്ന് വിശദമാക്കണമെന്ന് യുഎന്നിന്റെ മനുഷ്യാവകാശ വക്താവ് ലിസ് ത്രോസെൽ ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണീ കൂട്ടക്കൊല നടന്നിരിക്കുന്നതെന്ന് സൂചനയുണ്ട്. ലിബിയൻ നാഷണൽ ആർമിയുടെ കസ്റ്റഡിയിലുള്ളവരെ ചൊല്ലി യുഎൻ ഹ്യൂമൻ റൈറ്റ്‌സ് ബോഡി ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.