ലണ്ടൻ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുടെ ചുവടുപിടിച്ച് വനിതകൾ മാത്രമടങ്ങിയ ഹിറ്റ് സ്‌ക്വാഡുണ്ടാക്കാൻ ശ്രമിച്ച അമ്മയുടെയും മകളുടെയും വിചാരണ തുടങ്ങി. 43 വയസ്സുള്ള മിന ഡിച്ച്, മകൾ 21-കാരിയായ റിസ്‌ലെയ്ൻ ബൗലർ എന്നിവരെയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. ഇവർക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത ഖവ്‌ല ബർഗൂത്തിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെസ്റ്റ്മിനിസ്റ്ററിൽ നടന്നതുപോലെ ആക്രമണം സംഘടിപ്പിക്കുകയും കൈയിൽകിട്ടുന്നവരെയൊക്കെ വകവരുത്തുകയുമായിരുന്നു വനിതാ ഹിറ്റ് സ്‌ക്വാഡിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 27-നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ തിരച്ചിലിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ബൗലർക്ക് പൊലീസിന്റെ വെടിയേറ്റിരുന്നു.

വടക്കുപടിഞ്ഞാറൻ ലണ്ടനിലെ വിൽസ്‌ഡെനിലെ വീട്ടിൽനിന്നാണ് ബൗലറിനെയും ബർഗൂതിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഡിച്ചിനെ കെന്റിൽ നടന്ന മറ്റൊരു പരിശോധനയിലും പിടികൂടി. ജയിലിൽ കഴിയുന്ന മൂവരെയും ഓൾഡ് ബെയ്‌ലി കോടതിയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് വിചാരണ ചെയ്തത്. നവംബറിൽ ഇവരെ വീണ്ടും കോടതിയിൽ ഹാജരാക്കും.

വെടിയേറ്റ ബൗലറിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് പൊലീസ് കേസ് കോടതിയിലെത്തിച്ചത്. വീഡിയോ കോൺഫറൻസിലൂടെ വിചാരണയ്ക്ക് ഹാജരാകുമ്പോൾ ഡിച്ചും മകളും മുഖം മറച്ച പർദയാണ് അണിഞ്ഞിരുന്നത്. ബർഗൂത്തിയും പർദയണിഞ്ഞിരുന്നെങ്കിലും മുഖം മറച്ചിരുന്നില്ല.