ക്രൂരതയ്ക്ക് പുതിയ അർഥങ്ങൾ കണ്ടെത്തിയവരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ. നിരപരാധികളായ മനുഷ്യരെ ഓരോ ദിവസവും ഓരോ തരത്തിൽ പീഡിപ്പിച്ച് കൊലപ്പെടുത്തി അത് ലോകത്തിന് കാട്ടിക്കൊടുത്ത നരാധമന്മാർ. ഇപ്പോൾ ഇറാഖിലെയും സിറിയയിലെയും ശക്തികേന്ദ്രങ്ങൾ മുഴുവൻ നഷ്ടമായതോടെ, അവശേഷിക്കുന്നയിടങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും അതിക്രൂരമായി കൊലപ്പെടുത്തി അതാസ്വദിക്കുകയാണ് ഈ ഭീകരന്മാർ.

സിറിയയിലെ ക്വാർയാത്തെയ്ൻ പട്ടണത്തിൽ മൂന്നാഴ്ചയ്ക്കിടെ 128 സ്ത്രീകളെയും കുട്ടികളെയുമാണ് ഭീകരർ കൊലപ്പെടുത്തിയത്. കുട്ടികളെ വെട്ടിക്കൊലപ്പെടുത്തുകയും സ്ത്രീകളെ ചുട്ടുകൊല്ലുകയുമായിരുന്നുവെന്ന് ഇവിടുത്തെ താമസക്കാർ പറയുന്നു. വഴിനീളെ മൃതദേഹങ്ങൾ കിടപ്പുണ്ടായിരുന്നുവെന്നും താമസക്കാർ പറയുന്നു. സിറിയൻ സേന ഇവിടെ ഭീകർക്കായി തിരച്ചിൽ നടത്തുകുയും ഭൂരിഭാഗം ഭീകരരെയും തുരത്തുകയും ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമായിരുന്നു ഈ കൂട്ടക്കുരുതി.

കൊല്ലാനുള്ളവരുടെ പട്ടികയുമായെത്തിയ ഭീകരർ അവരെ കണ്ടെത്തി നിഷ്ഠൂരം വധിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഒക്ടോബർ ആദ്യമാണ് ഭീകരർ ഈ പട്ടണത്തിൽ താവളമുറപ്പിച്ചത്. മൂന്നാഴ്ചയ്ക്കുശേഷം സൈന്യം അവരെ തുരത്തുകയും ചെയ്തു. സിറിയൻ ഭരണകൂടത്തോടുള്ള ക്വാർയാത്തെയ്ൻ വിഭാഗത്തിന്റെ വിധേയത്വമാണ് ഭീകരരെ പ്രകോപ്പിച്ചത്. കൂട്ടക്കൊലയിലേറെയും ഭീകരർ ഇവിടംവിട്ടുപോകുന്നതിന് തൊട്ടുമുുമ്പ് നടന്നതാണെന്ന് കരുതുന്നു.

ശക്തിക്ഷയിച്ചെങ്കിലും നിരപരാധികളെ കൊന്നൊടുക്കാനുള്ള ആൾബലം ഇപ്പോഴും ഭീകരിൽ ശേഷിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കൂട്ടക്കൊലയെന്ന് നിരീക്ഷിക്കപ്പെടുന്നു. അവശേഷിക്കുന്ന ശക്തികേന്ദ്രങ്ങളിൽ സമാനമായ കൂട്ടക്കുരുതിക്ക് ഭീകരർ തയ്യാറായേക്കുമെന്ന ആശങ്കയും ഇതുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച മുതൽക്കാണ് കൂട്ടക്കൊലയുടെ വിവരങ്ങൾ പുറത്തേയ്ക്ക് വരാൻ തുടങ്ങിയത്. ഐസിസ് സംഘത്തെ സിറിയൻ സേന തുരത്താൻ തുടങ്ങിയതോടെയാണിത്. റോഡിലും വയലുകളിലും മറ്റും പരസ്യമായാണ് കൂട്ടക്കുരുതി നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. സ്ത്രീകളെ പച്ചയ്ക്ക് കത്തിച്ചും കുട്ടികളെ തല്ലി മൃതപ്രായരാക്കിയശേഷം വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. സർക്കാരിനെ സഹായിച്ചുവെന്നാരോപിച്ചാണ് പലരെയും കൊലപ്പെടുത്തിയതെന്നും അവർ പറയുന്നു.