സിറിയയിലെയും ഇറാഖിലെയും ശക്തികേന്ദ്രങ്ങളിൽനിന്ന് പൂർണമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്തിയതായി സർക്കാർ. തന്റെ രാജ്യം പൂർണമായും ഐസിസ് ഭീഷണിയിൽനിന്ന് ഒഴിഞ്ഞതായി ഇറാഖി പ്രധാനമന്ത്രി ഹൈദർ അൽ അബാദി ശനിയാഴ്ച പ്രഖ്യാപിച്ചു. അവശേഷിച്ച തുരുത്തുകളിൽനിന്നും ഭീകരരെ തുരത്തിയതായണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

മൂന്നുവർഷം മുമ്പാണ് ഇറാഖിന്റെ മൂന്നിലൊരു ഭാഗം ഐസിസ് കൈവശപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് നിരപരാധികളെ കൊന്നൊടുക്കിയ അവർ ലോകത്തിനാകെ ഭീതിവിതച്ചുകൊണ്ട് വളർന്നു. സിറിയയിലും ഗണ്യമായ പ്രദേശം ഐസിസിന്റെ നിയന്ത്രണത്തിലായി. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികൾ ഇറാഖിലും റഷ്യയുടെ നേതൃത്വത്തിൽ സർക്കാർ സേന സിറിയയിലും ഭീകരർക്കെതിരെ നടത്തിയ നിരന്തര പോരാട്ടത്തിലൂടെയാണ് ഭീകരരെ ഉന്മൂലനം ചെയ്തത്.

സിറിയയിൽ ഐസിസ് പൂർണമായും പരാജയപ്പെട്ടെന്ന് കഴിഞ്ഞദിവസം റഷ്യൻ സൈന്യം അവകാശപ്പെട്ടിരുന്നു. ഇതോടെ, ഇരുരാജ്യങ്ങളും ഭീകരരിൽനിന്ന് പൂർണമായി മുക്തമായി. അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന ഭീകരർ ഒളിത്താവളങ്ങളിലാണുള്ളത്. ഇവർക്കായുള്ള തിരച്ചിൽ തുടരുമെന്ന് ഇരുസർക്കാരുകളും വ്യക്തമാക്കി.

സിറിയൻ അതിർത്തിയോട് ചേർന്ന് ശേഷിച്ചിരുന്ന മൂന്ന് താവളങ്ങൾകൂടി പിടിച്ചെടുത്തതോടെയാണ് ഇറാഖിൽനിന്ന് ഐസിസിനെ പൂർണമായി തുരത്താനായത്. ബാഗ്ദാദിൽനടന്ന അറബ് മീഡിയ കോൺഫറൻസിലാണ് ഐസിസിനെ രാജ്യത്തുനിന്ന് തുരത്തിയതായി അബാദി അവകാശപ്പെട്ടത്. ഇറാഖി സൈന്യത്തിന്റെ നേട്ടത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ അബാദിയെ അഭിനന്ദിച്ചു. എന്നാൽ, ഭീകരതയെ തുടച്ചുനീക്കാൻ ഇനിയും പരിശ്രമിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.

ഭീകരരിൽനിന്ന് രാജ്യത്തെ മോചിപ്പിച്ചത് അബാദി പ്രഖ്യാപിച്ചതിന് പിന്നാലെ ഒട്ടേറെ സൈനിക ഹെലിക്കോപ്ടറുകൾ ബാഗ്ദാദ് നഗരത്തിനുമീതെ പറന്ന് വിജയാഘോഷം നടത്തി. അടുത്ത ദിവസം വിപുലമായ തോതിൽ വിജയാഘോഷം നടത്താനും ഇറാഖി സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇറാഖും സിറിയയുമായുള്ള അതിർത്തി മുഴുവൻ ഇപ്പോൾ സുരക്ഷിതമാണെന്ന് സർക്കാർ അറിയിച്ചു.

ഇറാഖിലെയും സിറിയയിലെയും വേരുകൾ നഷ്ടമായത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ മറ്റു രാജ്യങ്ങളിലേക്ക പോകാൻ പ്രേരിപ്പിച്ചേക്കും. ലോകമെമ്പാടും ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാവും ഭീകരരുടെ അടുത്ത ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. യൂറോപ്പിൽ അടുത്ത കാലത്ത് വർധിച്ചുവരുന്ന ഭീകരാക്രമണങ്ങൾ അതിന്റെ സൂചനയാണ്.

സംഘടിതമായി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് പകരം, ഒറ്റയ്‌ക്കൊറ്റയ്ക്ക് ചെറിയ തോതിലുള്ള ആക്രമണങ്ങൾ നടത്തുകയാണ് ഭീകരർ ഇപ്പോൾ നടത്തുന്നത്. തിരക്കിനിടയിലേക്ക് വാഹനമോടിച്ചുകയറ്റുക, കത്തിയുമായി ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറുക തുടങ്ങിയവ പോലുള്ള ആക്രമണങ്ങൾ ഉദാഹരണമാണ്