ലണ്ടൻ: യുഎസിന്റെ നേതൃത്വത്തിലുള്ള രാജ്യങ്ങളിൽ വേരോട്ടമുണ്ടാക്കാനുള്ള ശ്രമം തകർന്നതോടെ ആക്രമണത്തിന് മറ്റ് വഴികൾ തേടി ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ. ഇതിന്റെ ഭാഗമായി 'രാസായുധ സെല്ലി'ന് ഐഎസ് രൂപം നൽകിയതായാണു വിവരം.

ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയാണു സെൽ രൂപീകരിച്ചിരിക്കുന്നത്. ഭീകരർ വ്യാപകമായ തോതിൽ രാസായുധ ആക്രമണത്തിനു തുനിഞ്ഞാൽ അതു വൻതോതിൽ അപകടം സൃഷ്ടിക്കുമെന്നാണു ഭയം. മധ്യപൂർവേഷ്യയിലെ സ്വാധീന മേഖലകളിൽനിന്നു വിദഗ്ധരെ കൊണ്ടുവന്നു രാസായുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് ഐഎസ് കോപ്പുകൂട്ടുകയാണെന്നു യുഎസ് അധികൃതരെ ഉദ്ധരിച്ചു വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതുവരെ നേരിൽക്കണ്ടിട്ടു പോലുമില്ലാത്ത ആളുകളെയാണ് 'രാസായുധ സെല്ലി'ന്റെ രൂപീകരണാർഥം ഒരുമിപ്പിക്കാൻ ഐഎസ് ശ്രമിക്കുന്നത്. സിറിയയിലെ മയാദീനും അൽ ഖയിമിനും ഇടയിലുള്ള പ്രദേശം ആസ്ഥാനമാക്കിയാണ് പുതിയ സെല്ലിനു തുടക്കം കുറിച്ചിരിക്കുന്നതത്രെ.

ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി ഉൾപ്പെടെ ആയിരക്കണക്കിന് ഐഎസ് ഭീകരർ ഈ മേഖലയിൽ തമ്പടിച്ചിരിക്കുന്നതായാണു വിവരം. ഒരിക്കൽ സംഘടനയുടെ ആസ്ഥാനമായിരുന്ന റാഖയിൽ യുഎസ് സൈന്യം നടത്തിയ തുടർച്ചയായുള്ള വ്യോമാക്രമണങ്ങളാണ് ഈ മേഖലയിലേക്ക് ആസ്ഥാനം മാറ്റാൻ ഐഎസിനെ പ്രേരിപ്പിച്ചതെന്നു കരുതുന്നു.

യുഎസ് അധികൃതരുടെ കണക്കനുസരിച്ച് ഈ മാസം ഏപ്രിൽ 14നുശേഷം പശ്ചിമ മൊസൂളിലും പരിസരപ്രദേശങ്ങളിലുമായി ഐഎസ് ഭീകരർ പതിനഞ്ചിലധികം രാസായുധ ആക്രമണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. രാസായുധ സെൽ സജീവമാകുന്നതോടെ ആക്രമണങ്ങളുടെ തോതും ശക്തിയും വർധിച്ചേക്കുമെന്നാണ് ലോകരാജ്യങ്ങളുടെ ഭയം.