കോഴിക്കോട്: എം.എം അക്‌ബറിനെതിരെും പീസ് സ്‌കൂളിനെതിരെയും തുറന്നടിച്ച് ഐ.എസ് നേതാവ് അബ്ദുൽ റാഷിദ് അബ്ദുള്ള. കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഹിജ്റ (പലായനം) ചെയ്തവരിൽ അധികവും പീസ് സ്‌കൂളിൽ നിന്നുള്ളവരോ, പീസ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടവരോ ആണെന്ന് റാഷിദ് പറയുന്നു. ഐ.എസിൽ നിന്നും മലയാളികൾക്കായുള്ള 56ാമത് ഓഡിയോ ക്ലിപ്പിലാണ് എം.എം അക്‌ബറിനെ പ്രതിരോധത്തിലാക്കുന്ന പരാമർശമുള്ളത്. 15 മിനുട്ടോളം ദൈർഘ്യമുള്ള ശബ്ദ സന്ദേശത്തിൽ കൂടുതലായും എം.എം അക്‌ബറിനെതിരെയും കേരളത്തിലെ സലഫികളടക്കമുള്ള മുസ്ലിം സംഘടനകൾക്കെതിരെയുമാണ്. ഇവർ യഥാർത്ഥ ഇസ്ലാമിനെയും ഹിജ്റയും, ജിഹാദും പഠിപ്പിക്കുന്നില്ലെന്നാണ് റാഷിദ് പ്രധാനമായും ഉയർത്തുന്ന വാദം. 2016ൽ കേരളത്തിൽ നിന്നും ഐ.എസിലേക്കു പോയ 21 പേരടങ്ങുന്ന സംഘത്തിൽപ്പെട്ടയാളാണ് പീസ് സ്‌കൂൾ അഡ്‌മിനിട്രേറ്റിംങ് ജീവനക്കാരൻ കൂടിയായിരുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദ്.

ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ ഐ.എസ് സ്വാധീന മേഖലയായ ഖുറാസാൻ പ്രവിശ്യയിൽ കഴിയുന്ന റാഷിദ് ഐ.എസിന്റെ മലയാളി സംഘത്തിന്റ നേതാവുകൂടിയാണ്. റിപ്പോർട്ടർ ടിവി ചാനലിൽ വന്ന എം.എം അക്‌ബറിന്റെ അഭിമുഖത്തിനെ ഖണ്ഡിക്കുന്നതാണ് റാഷിദിന്റെ ഓഡിയോ ക്ലിപ്പ്. ടിവി അഭിമുഖത്തിൽ സത്യം പറയാനാകാതെ എം.എം അക്‌ബർ ഉരുണ്ടുകളിക്കുകയാണെന്നും പീസ് സ്‌കൂളിലെ പലരും നമ്മോടൊപ്പം ഹിജ്റ ചെയ്തിട്ടുള്ളവരാണെന്നും റാഷിദ് പറയുന്നു. പീസ് സ്‌കൂളിൽ നിന്ന് ഐ.എസിലെത്തിയവരുടെ കൂട്ടത്തിൽ രണ്ട് പേരെ അക്‌ബർ മറച്ചു വെയ്ക്കുന്നുണ്ട്. പീസ് ഫൗണ്ടേഷനിലെ സപ്ലൈ മാനേജരായ ശിയാസും മറ്റൊന്ന് ഇസ്ലാം സ്വീകരിച്ച പാലക്കാട് യാക്കര സ്വദേശി യഹിയയുമാണ്.

സ്‌കൂളിൽ അഭിമുഖത്തിനു വന്ന മെറിൻ മറിയത്തിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇവരുടെ ഭർത്താവ് യഹിയയെ പറ്റി അക്‌ബർ മിണ്ടിയില്ല. എറണാകുളം, കൊല്ലം, മതിലകം സ്‌കൂളുകളിൽ ടീച്ചേഴ്സ് ട്രൈനിംങ് ചുമതലയുണ്ടായിരുന്നയാളാണ് യഹിയ. കൂടാതെ അക്‌ബറിന്റെ ത്രീ ഐസ് എന്ന സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകൻ കൂടിയാണ് യഹിയ. എന്തുകൊണ്ടാണ് ചാനൽ അഭിമുഖത്തിൽ ശിയാസിന്റെയും യഹിയയുടെയും പേരുകൾ പറഞ്ഞില്ലെന്ന് റാഷിദ് ചോദിക്കുന്നു. ശിയാസും
കുടുംബവും, യഹിയയും കുറച്ച് മാസം മുമ്പ് അള്ളാഹുവിന്റെ മാർഗത്തിൽ 'ശഹീദാ'(രക്തസാക്ഷിത്വം)യതായും റാഷിദ് പറയുന്നുണ്ട്.

ഐ.എസിലേക്ക് മലയാളികൾ പോകുന്നതിന് പീസ് സ്‌കൂൾ സ്വാധീനം ചെലുത്തിയില്ലയെന്ന് അക്‌ബർ പറഞ്ഞത് കളവാണെന്നും ഐ.എസിലെത്തിയവർ അധികവും പീസിൽ നിന്ന് സ്വാധീനിക്കപ്പെട്ടവരാണെന്നുമുള്ള ഗുരുതരമായ ആരോപണവും റാഷിദ് ഉന്നയിക്കുന്നുണ്ട്. ഇപ്പോൾ പീസിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരിൽ ചിലരും, ചില രക്ഷിതാക്കളും ഇസ്ലാമിക് സ്റ്റേറ്റിനെ സപ്പോർട്ട് ചെയ്യുന്നവരാണ്. ഇതിൽ കുട്ടികളുമുണ്ടാകാം. അദ്ധ്യാപകരുടെ പേരെടുത്ത് പറഞ്ഞ് അവരെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, പക്ഷെ ഇതാണ് സത്യാവസ്ഥയെന്നും റാഷിദ് പറയുന്നു.

പീസിൽ ഞങ്ങളുടെ ചിന്താഗതിയുള്ളവർ ഇല്ലാത്തതുകൊണ്ടല്ല, അള്ളാഹു 'ഹിജ്റ' നിർബന്ധമാക്കിയതുകൊണ്ടാണ് ഞങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിലെത്തിയത്. കേരളത്തിൽ നിന്ന് ഐ.എസിലേക്ക് ഹിജ്റ ചെയ്യുന്നവർ കൂടുതലും പീസ് സ്‌കൂളിൽ നിന്നുള്ളവരാണ്. ഡയറക്ടർ അവിടെ തീവ്രവാദം പഠിപ്പിക്കുന്നുണ്ടാകില്ല. യഥാർത്ഥ സലഫിസം കുറച്ചെങ്കിലും പഠിപ്പിക്കുന്നതുകൊണ്ടാണ് പീസിൽ നിന്ന് ഐ.എസിലേക്കുള്ള സാധ്യത കൂടുന്നത്. കേരളത്തിലെ സുന്നികൾ യഥാർത്ഥ മുസ്ലിംങ്ങളല്ല. അവർ ഖബർ ആരാധകരും ഹിന്ദു ആചാരങ്ങളടക്കമുള്ള കൾച്ചറൽ ആരാധനാ രീതിയാണ് സുന്നികളുടെതും ബറേൽവി വിഭാഗക്കാർ, അല്ലെങ്കിൽ സൂഫികൾ എന്ന് പറയുന്നവർ. എന്നാൽ ഹിജ്റയും ജിഹാദും ബലാഉം വറാഉം പ്രാക്ടിക്കലാക്കാൻ പഠിപ്പിക്കുന്നില്ലെങ്കിലും പീസ് സ്‌കൂളിൽ ഇതെല്ലാം പഠിപ്പിക്കുന്നുണ്ട്. പിന്നീട് കുട്ടികൾ സ്വയം ചിന്തിക്കാൻ തുടങ്ങിയാൽ അവർ ഹിജിറയും ജിഹാദും സ്വയം പഠിക്കും. അപ്പോൾ എം.എം അക്‌ബറിനെ പോലുള്ളവരുടെ കപടത മനസിലാകും, ഞങ്ങൾക്ക് മനസിലായ പോലെ.-റാഷിദ് പറയുന്നു.

യുവാക്കാൾ ഇന്റർനെറ്റിലും മറ്റുമായി സത്യം അന്വേഷിക്കുന്നവരാണെന്നും ഇപ്പോൾ 5000 കുട്ടികൾ പീസ് സ്‌കൂളിൽ പഠിക്കുന്നുണ്ടെങ്കിൽ ഇതിൽ വിലിയ ഭാഗം ഭാവിയിൽ ഐ.എസിലെത്തുമെന്നും റാഷിദ് പറഞ്ഞു വെയ്ക്കുന്നു. തീവ്രവാദ സംഘങ്ങളിലേക്ക് പോയവർ സലഫി സംഘടനകളാണെന്ന് പറയുന്നത് സത്യം തന്നെയാണ്. ഇവരെല്ലാം ആദ്യം സുന്നി പശ്ചാത്തലത്തിൽ ജീവിച്ചിരുന്നവരായിരിക്കും. പിന്നീട് ജമാഅത്തേ ഇസ്ലാമിയോ മറ്റ് സംഘടനകളിലോ എത്തുന്നു. മുജാഹിദ് വിഭാഗത്തിലെത്തിയാൽ ആദ്യം കെ.എൻ.എമ്മിലും പിന്നീട് കുറച്ചുകൂടി പ്രാക്ടിക്കൽ വിസ്ഡം വിഭാഗമാണെന്നു കരുതി അതിലെത്തുന്നു. ശേഷം ദമ്മാജി സലഫിയാകുന്നു. വീണ്ടും പഠിച്ചാണ് അവസാനം ഐ.എസിൽ ചേരുന്നത്. ഈ ഘട്ടങ്ങളിലൂടെയാണ് ഞങ്ങളെല്ലാം ഐ.എസിലെത്തിയതെന്നും ലോകത്ത് മുഴുവൻ പല ഘട്ടങ്ങളിലൂടെ പഠിച്ചാണ് അവസാനം ഇസ്ലാമിക് സ്റ്റേറ്റിലെത്തുന്നതെന്നും അബ്ദുൽ റാഷിദ് അബ്ദുള്ള വിശദീകരിക്കുന്നു. ഇത് നിങ്ങളുടെ ഭാഷയിൽ തീവ്രവാദമാകാം, പക്ഷെ ഇതാണ്
യഥാർത്ഥ ഇസ്ലാമെന്ന് റാഷിദ് വാദിക്കുന്നു.

വിഷം ചീറ്റുന്നതും വർഗീയത പരത്തുന്നതുമായ നിരവധി ശബ്ദ സന്ദേശങ്ങൾ നേരത്തെയും റാഷിദ് പുറത്ത് വിട്ടിരുന്നു. ക്ഷേത്രങ്ങളും ജാറങ്ങളും തകർക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള റാഷിദിന്റെ ശബ്ദവും പുറത്തു വന്നിരുന്നു. മലയാളികളടങ്ങുന്ന ടെലഗ്രാം ഗ്രൂപ്പിലേക്കാണ് റാഷിദ് ശബ്ദ സന്ദേശം അയക്കുന്നത്. മുമ്പും എം.എം അക്‌ബറിനെതിരെ പരാമർശവുമായി റാഷിദ് രംഗത്തെത്തിയിരുന്നു. അക്‌ബറിന്റെ അറസ്റ്റിനു പിന്നാലെ ടിവി ചാനലിൽ വന്ന അഭിമുഖം ഖണ്ഡിച്ചുകൊണ്ടാണ് അക്‌ബറിനെ പ്രതിരോധത്തിലാക്കും വിധം അബ്ദുൽ റാഷിദ് വീണ്ടും വന്നിരിക്കുന്നത്.