മലപ്പുറം: ജിഹാദി ആശയങ്ങൾ വീട്ടുകാർക്ക് അയച്ച മലപ്പുറം പൊന്മള, പള്ളിപ്പടി സ്വദേശി സ്വദേശി നജീബ് ( 23)രാജ്യം വിട്ടത് ഹിജ്‌റ (പലായനം)പോകൽ ഉദ്ധേശത്തോടെ തന്നെ. വീസ കാലാവധി കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതോടെ നജീബ് ഐ.എസി(ഇസ്ലാമിക് സ്റ്റേറ്റ്) ൽ എത്തിയെന്നത് അന്വേഷണ ഏജൻസികൾക്കും ബലപ്പെട്ടു. താൻ ലക്ഷ്യസ്ഥാനത്തേക്ക് ഹിജ്‌റ വന്നെന്നും ഞങ്ങൾ മരണം വരിക്കാനായി കാത്തിരിക്കുന്നുവെന്നും നജീബ് അയച്ച സന്ദേശത്തിൽ പറയുന്നു. നജീബിന്റെ ഫോട്ടോയും മാതാവിനയച്ച സന്ദേശങ്ങളും മറുനാടൻ മലയാളിക്ക് ലഭിച്ചു.

വൃത്തികെട്ട കുഫ്ഫാറുകളുടെയും (അവിശ്വാസികൾ), മുനാഫിഖുകളുടെയും (കപട വിശ്വാസികൾ) കൂടെ ജീവിച്ചാൽ പരലോകം നശിക്കുമെന്നും അതിനാൽ ഹിജ്‌റ പോകണമെന്നും നജീബ് ഈ സന്ദേശത്തിൽ പറയുന്നു. എന്നാൽ ഹിജ്‌റ പോകാൻ ക്ഷണിച്ച മകനോട് 'ഞങ്ങൾ ഇന്ത്യക്കാരാണ്, ഞാൻ ഇന്ത്യയെ സ്‌നേഹിക്കുന്നു, ഞങ്ങൾക്ക് ഇവിടെ ജീവിക്കണമെന്നുമായിരുന്നു മാതാവിന്റെ മറുപടി. ഞാൻ ശപിച്ചാൽ നിനക്ക് ഒരു സ്വർഗവും കിട്ടില്ലെന്നും മാതാവിന്റെ കാൽ പാദത്തിന് അടിയിലാണ് സ്വർഗമെന്നും, സ്വർഗം തേടി തീവ്രവാദത്തിലേക്ക് പോയ മകനോട് ഉമ്മ ഖമറുന്നിസ പറഞ്ഞു.

ഓഗസ്റ്റ് 16നായിരുന്നു ഹൈദരാബാദിൽ നിന്നും നജീബ് യു.എ യിലേക്ക് വിമാനം കയറിയത്. യുഎയിൽ നിന്ന് ഇറാനിലേക്ക് കടന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അഫ്ഗാനിലെ ഐ.എസ് ക്യാമ്പായിരുന്നു നജീബിന്റെ ലക്ഷ്യമെന്നാണ് നിഗമനം. ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്. ഒരു മാസത്തെ വിസ കാലാവധിയിലാണ് നജീബ് രാജ്യം വിട്ടത്.

തമിഴ്‌നാട് വെല്ലൂർ വി.ഐ.ടി യൂണിവേഴ്‌സിറ്റിയിൽ എം.ടെക്ക് വിദ്യാർത്ഥിയായ നജീബ് കൂട്ടുകാരെ കാണാനെന്ന് പറഞ്ഞായിരുന്നു വീട് വിട്ടിറങ്ങിയത്. ഒരാഴ്ച പിന്നിട്ടിട്ടും നജീബ് തിരികെ എത്തിയിരുന്നില്ല. എന്നാൽ ഒരാഴ്ചക്ക് ശേഷം വീട്ടിലേക്ക് വിളിച്ചു. യഥാർത്ഥ ഇസ്ലാമിക രാജ്യത്ത് എത്തിയെന്നും സ്വർഗം ലഭിക്കുന്നതിനാണ് താൻ ഹിജ്റ ചെയ്തതെന്നും മാതാവിനോടു പറഞ്ഞു. ഇതിനു ശേഷം ടെലഗ്രാം വഴി ബന്ധപ്പെടാമെന്നും അറിയിച്ചു. ഇതനുസരിച്ച് കഴിഞ്ഞ മാസം (ഓഗസ്റ്റ് ) 26 ന് വൈകിട്ട് നാലരയോടെയാണ് നജീബ് ടെലഗ്രാം അക്കൗണ്ടിൽ നിന്നും മാതാവിന്റെ ഫോണിലേക്ക് 'ജിഹാദി' സന്ദേശങ്ങൾ അയച്ചത്. ഐ.എസിലെത്തുന്നവർ 'അബൂ' എന്ന് തുടങ്ങുന്ന പേര് സ്വീകരിക്കുന്നതാണ് പതിവ്. 'അബൂ ബാസിർ' എന്നാണ് നജീബിന്റെ പുതിയ നാമം.

വേഗം തിരികെ വരണമെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും മാതാവ് പറഞ്ഞെങ്കിലും 'ഞാൻ ഹിജ്‌റ പോയി., എന്നെ അന്വേഷിക്കുകയോ പൊലീസിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്നായിരുന്നു നജീബിന്റെ മറുപടി. സന്ദേശത്തിൽ വീട്ടുകാരോട് ഇസ്ലാമിക രാജ്യത്തേക്ക് ക്ഷണിക്കുകയും ഹിജ്‌റ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്.

'ഞങ്ങളെല്ലാവരും മരണം വരിക്കാൻ കാത്തിരിക്കുന്നു. ഞാൻ എത്തേണ്ടിടത്ത് എത്തി. ലക്ഷ്യസ്ഥാനത്തെത്തി. ഇവിടെ എല്ലാവരും സ്വഹാബാക്കളുടെ ( പ്രവാചക അനുചരന്മാർ) ജീവിതമാണ് നയിക്കുന്നത്. ഇതുപോലെ ശ്രേഷ്ഠമായ മറ്റൊരിടം ഭൂമിയിലില്ല. പൊലീസിൽ ബന്ധപ്പെടരുത്. അവർ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരിക്കും'. ഇതെന്റെ അവസാന സന്ദേശമാണെന്ന് കുറിച്ചാണ് നജീബ് മാതാവുമായുള്ള ടെലഗ്രാം ചാറ്റിങ് അവസാനിപ്പിക്കുന്നത്. പിന്നീട് നജീബിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.

ഇതോടെ മാതാവ് ഖമറുന്നിസ അടുത്ത ദിവസം മലപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു. മകനെ കാണാനില്ലെന്നും മകൻ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോയതായി സംശയിക്കുന്നതായും മാതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. സംഭവം കഴിഞ്ഞ മാസം 28ന് മറുനാടൻ മലയാളിയാണ് പുറത്തുവിട്ടത്.

നജീബ് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ലക്ഷ്യം വെച്ച് രാജ്യം വിട്ടതാകാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ടെലഗ്രാം സന്ദേശങ്ങൾ ഈ സംശയം ബലപ്പെടുത്തുന്നു. ഒരു മാസത്തെ വിസ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതും തീവ്രവാദ സംഘത്തിൽ ചേർന്നതായ നിഗമനത്തിൽ അന്വേക്ഷണ സംഘത്തെ എത്തിക്കുന്നു. നജീബ് അയച്ച സന്ദേശങ്ങൾ അതി തീവ്രവും ഐ.എസിന്റേതിനു സാമ്യമുള്ളതുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയ മലയാളി സംഘവും ഇറാൻ വഴിയാണ് അഫ്ഗാനിസ്ഥാനിലെ ഐ.എസ് കേന്ദ്രത്തിലെത്തിയത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസ് എന്ന നിലയിൽ അതീവ ഗൗരവത്തോടെയാണ് നജീബിന്റെ തിരോധാനം പൊലിസ് തുടക്കം മുതൽ അന്വേഷിക്കുന്നത്. നിലവിൽ മിസ്സിങ് കേസ് മാത്രം രജിസ്റ്റർ ചെയ്ത് പഴുതടച്ച അന്വേഷണമാണ് മലപ്പുറം പൊലീസ് നടത്തുന്നത്.

ഇറാൻ എംബസിയുമായി അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടുണ്ട്. നജീബിന്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഇറാൻ എംബസിക്ക് കൈമാറി. ഇതുപ്രകാരം നജീബിനെ കണ്ടെത്താനുള്ള ശ്രമം എംബസിയും തുടങ്ങി. കണ്ടെത്തിയാൽ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് കയറ്റി വിടുമെന്നും എംബസി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ നജീബ് പഠിച്ചിരുന്ന വെല്ലൂരിലെ കോളേജിലെത്തിയും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പൊന്മളയിലെ വീട്ടിൽ നിന്ന് മാതാവും സഹോദരനും വീട് പൂട്ടി താമസം മാറിയിട്ടുണ്ട്.

ആറാം ക്ലാസ് മുതൽ ബി.ടെക്ക് വരെ യു എ ഇയിൽ പഠിച്ച് വളർന്നയാളാണ് നജീബ്. പിതാവ് ഇപ്പോഴും യു.എ.ഇയിലാണ്. ഏറെ വർഷം ഗൾഫിൽ ജീവിച്ചതുകൊണ്ടുതന്നെ നജീബിന് നാട്ടിൽ ബന്ധങ്ങൾ ഇല്ല. മറ്റു കുടുംബാംഗങ്ങളോടൊപ്പം അടുത്ത കാലത്താണ് നജീബ് നാട്ടിൽ സ്ഥിരതാമസമാക്കിയത്.



അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ചില വാർത്തകളും സോഷ്യൽ മീഡിയാ പ്രചാരണങ്ങളും നടന്നിരുന്നു. ഇത് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ചില തീവ്ര ആശയക്കാരാണ് ഫേസ് ബുക്കിൽ വ്യാജ, ഒറിജിനൽ ഐഡികളിൽ വന്ന് നജീബിന്റെ 'ഹിജ്‌റയെ' ന്യായീകരിച്ചത്. എന്നാൽ നജീബ് അയച്ച സന്ദേശം മറുനാടൻ പുറത്ത് വിടുന്നതോടെ ഈ വ്യാജ പ്രചാരണങ്ങൾ പൊളിയുക കൂടിയാണ്. ദേശീയ അന്വേഷണ ഏജൻസിയുടെ മേൽനോട്ടത്തിൽ മലപ്പുറം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. നജീബിന്റെ ഫോൺ കോളുകൾ, ഇ മെയിൽ ഐഡി, ഫേസ് ബുക്ക് തുടങ്ങിയവ പരിശോധിക്കും. ഏതെങ്കിലും സംഘടനകളുമായോ വ്യക്തിളുമായോ രാജ്യം വിടാൻ ബന്ധപ്പെട്ടിരുന്നോയെന്നും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ സംഘം മറുനാടൻ മലയാളിയോട് പറഞ്ഞു.