- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുരുങ്ങിയ കാലം കൊണ്ട് ഐഎസ് ആശയങ്ങൾ കേരളത്തിൽ ആഴത്തിൽ വേരൂന്നി; അൽ മുഹാജിറൂൻ വെബ്സൈറ്റ് പൂട്ടിച്ചെങ്കിലും മലയാളത്തിൽ ഐ.എസ് ആശയങ്ങൾ സൈബർ ലോകത്ത് സുലഭം; 'ദഅവത്തും ജിഹാദും' എന്ന പേരിൽ തീവ്രവാദ സംഘടനയുടെ ആശയ പ്രചരണം നടത്തുന്ന ഓൺലൈൻ പതിപ്പും സുരക്ഷാ ഏജൻസികൾക്ക് തലവേദന; പുസ്തകം ഓൺലൈനിലേക്ക് മാറ്റിയത് അഫ്ഗാനിൽ കൊല്ലപ്പെട്ട സജീർ അബ്ദുല്ല
കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റി(ഐ.എസ്)ന്റെ മലയാളം വെബ്സൈറ്റായ അൽ മുഹാജിറൂൻ പൂട്ടിച്ചെങ്കിലും മലയാളത്തിൽ ഐ.എസ് ആശയങ്ങൾ ഇപ്പോഴും സുലഭം. 'ദഅവത്തും ജിഹാദും' എന്ന മലയാളം പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പാണ് മുഹാജിറൂന് പിന്നാലെ സുരക്ഷാ ഏജൻസികൾക്ക് തലവേദനയായിരിക്കുന്നത്. 2016ന്റെ ആദ്യത്തിൽ കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയ 21അംഗ മലയാളി സംഘം വായിച്ചിരുന്നതും വായിക്കാൻ നിർദ്ദേശിച്ചതുമായ ഐ.എസ് ലേഖനങ്ങളടങ്ങിയ ബ്ലോഗായിരുന്നു അൽ മുഹാജിറൂൻ. മറുനാടൻ മലയാളി അടക്കമുള്ള മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തതോടെ മുഹാജിറൂൻ പൂട്ടിക്കുകയായിരുന്നു. ഇത് പിന്നീട് 2016 അവസാനത്തോടെ അൽ മുഹാജിറൂൻ എന്ന പേരിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഈ വെബ്സൈറ്റ് വീണ്ടും പൂട്ടിയെങ്കിലും ഐ.എസിലെത്തിയ മലയാളികൾ ഇതിലെ ലേഖനങ്ങൾ വീണ്ടും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. 'ജിഹാദി'ന് പ്രേരിപ്പിക്കുന്നതായ അറുപതോളം ലേഖനങ്ങൾ അടങ്ങുന്നതായിരുന്നു അൽ മുഹാജിറൂൻ ബ്ലോഗ്. എന്നാൽ തെല്ലൊരു ഇടവേളക്കു ശേഷം ഓൺലൈനിൽ സമാനമായ ലേഖനങ്ങളും പുസ്തകങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്
കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റി(ഐ.എസ്)ന്റെ മലയാളം വെബ്സൈറ്റായ അൽ മുഹാജിറൂൻ പൂട്ടിച്ചെങ്കിലും മലയാളത്തിൽ ഐ.എസ് ആശയങ്ങൾ ഇപ്പോഴും സുലഭം. 'ദഅവത്തും ജിഹാദും' എന്ന മലയാളം പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പാണ് മുഹാജിറൂന് പിന്നാലെ സുരക്ഷാ ഏജൻസികൾക്ക് തലവേദനയായിരിക്കുന്നത്. 2016ന്റെ ആദ്യത്തിൽ കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയ 21അംഗ മലയാളി സംഘം വായിച്ചിരുന്നതും വായിക്കാൻ നിർദ്ദേശിച്ചതുമായ ഐ.എസ് ലേഖനങ്ങളടങ്ങിയ ബ്ലോഗായിരുന്നു അൽ മുഹാജിറൂൻ.
മറുനാടൻ മലയാളി അടക്കമുള്ള മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തതോടെ മുഹാജിറൂൻ പൂട്ടിക്കുകയായിരുന്നു. ഇത് പിന്നീട് 2016 അവസാനത്തോടെ അൽ മുഹാജിറൂൻ എന്ന പേരിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഈ വെബ്സൈറ്റ് വീണ്ടും പൂട്ടിയെങ്കിലും ഐ.എസിലെത്തിയ മലയാളികൾ ഇതിലെ ലേഖനങ്ങൾ വീണ്ടും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. 'ജിഹാദി'ന് പ്രേരിപ്പിക്കുന്നതായ അറുപതോളം ലേഖനങ്ങൾ അടങ്ങുന്നതായിരുന്നു അൽ മുഹാജിറൂൻ ബ്ലോഗ്. എന്നാൽ തെല്ലൊരു ഇടവേളക്കു ശേഷം ഓൺലൈനിൽ സമാനമായ ലേഖനങ്ങളും പുസ്തകങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്. അത്യന്തം അപകടകാരിയായ ലേഖനങ്ങളാണ് മലയാളത്തിൽ ഐ.എസ് പ്രചാരകർ പ്രചരിപ്പിക്കുന്നത്.
ആഗോള ഭീകര സംഘടനയായ ഇസ്ലാമിക്സ്റ്റേറ്റി(ഐ.എസ്)ലേക്കുള്ള മലയാളികളടക്കമുള്ളവരുടെ കടന്നു കയറ്റം അനുദിനം വർദിച്ചു കൊണ്ടിരിക്കുന്നത് ഇത്തരം ആശയങ്ങളിൽ സ്വാധീനിച്ചാണ്. 'സ്വർഗ' പ്രവേശനത്തിനായി 'ഹിജ്റ' (പലായനം) പോയവരും തീവ്ര ആശയങ്ങൾ പ്രചരിപ്പിച്ചവരുമായ അമ്പതിലധികം പേർക്കെതിരെ കേരളത്തിൽ മാത്രം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഐ.എസ് കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്ത സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. എന്നാൽ ഐ.എസ് അടക്കമുള്ള തീവ്രവാദ സംഘങ്ങൾ നടത്തുന്ന ആശയ പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്താൻ സുരക്ഷാ ഏജൻസികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 'ദഅവത്തും ജിഹാദും' എന്ന പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പ്.
ഹൈദ്രാബാദ് ജാമിഅത്തുൽ ബനാത്ത് ഡയറക്ടറും മദ്രസത്തുൽ മൗലാനാ മൗദൂദിയുടെ സ്ഥാപകനുമായ മൗലാനാ അബ്ദുൽ അലീം ഇസ്ലാഹി എന്ന വിവാദ ഇസ്ലാമിക പണ്ഡിതനാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. 'ജാഹിലിയ്യത്ത് കെ ഖിലാഫ് ജംഗ്' ( ജാഹിലിയ്യത്തിനെതിരെയുള്ള പോരാട്ടം) എന്നപേരിൽ ഉറുദുവിൽ രചിച്ച പുസ്തകം അബ്ദുൽ മജീദ് നദ് വിയാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. മൗലാനാ അബ്ദുൽ അലീം ഇസ്ലാഹി വേറെയും നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
2013ൽ കോഴിക്കോട് നടക്കാവ് പൊലീസ് മലയാളത്തിലുള്ള ഈ പുസ്തകം കണ്ട്കെട്ടുകയും പുസ്തകം പബ്ലിഷ് ചെയ്ത നന്മ പബ്ലിക്കേഷനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നന്മ പബ്ലിക്കേഷൻ മാനേജിങ് ഡയറക്ടറും മുൻ സിമി നേതാവുമായ അബ്ദുറഹിമാനെ 153 എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് അന്വേഷണം പരിഭാഷകനിലേക്കോ ഇതിന്റെ ഒറിജിനിൽ പതിപ്പിലേക്കോ നീണ്ടിരുന്നില്ല. മലയാള പുസ്തകം മാർക്കറ്റിൽ നിന്ന് പിൻവലിച്ചെങ്കിലും ഇത് ഓൺലൈനിൽ സുലഭമായിരിക്കുകയാണ്.
ഐ.എസിന്റെ ഇന്ത്യൻ തലവനെന്ന് അറയപ്പെട്ടിരുന്ന കോഴിക്കോട് ചെലവൂർ മൂഴിക്കൽ സ്വദേശി സജീർ അബ്ദുല്ല മംഗലശ്ശേരിയാണ് 2015ൽ ഈ പുസ്തകം ഓൺലൈനിലേക്ക് മാറ്റിയതും പിന്നീട് ഇതിന്റെ വേർഡ്പ്രസ് ലിംങ്ക് പ്രചരിപ്പിച്ചിരുന്നതും. അഫ്ഗാനിലെ ഐ.എസ് മേഖലയിലായിരുന്ന സജീർ ആറ് മാസം മുമ്പ് കൊല്ലപ്പെട്ടെങ്കിലും പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പ് ഇപ്പോഴും പ്രചരിക്കുകയാണ്. രചയിതാവിനും പരിഭാഷകനും കടപ്പാട് പറഞ്ഞാണ് വേർഡ് പ്രസ്സിന്റെ ബ്ലോഗിൽ സജീർ അബ്ദുള്ള ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.
ദഅവത്തും ജിഹാദും എന്ന ഓൺലൈൻ പതിപ്പിൽ ഐ.എസ് മുന്നോട്ടു വെയ്ക്കുന്ന ജിഹാദി ആശയങ്ങളടങ്ങിയ 24 അധ്യായങ്ങളാണുള്ളത്. ജിഹാദ് ഒരു മുസ്ലിമിന് നിർബന്ധമാണെന്നും കാഫിറുകളോട് യാതൊരു വിധ വിട്ടുവീഴ്ചയും പാടില്ലെന്നുമുള്ള അതി വീവ്രമായ അധ്യായങ്ങളാണ് ഇതിലുള്ളത്. ഇസ്ലാമിക ചരിത്രത്തേയും ഖുർആൻ ഹദീസ് വചനങ്ങളേയും തെറ്റായി വ്യാഖ്യാനിക്കുന്നതാണ് ലേഖനങ്ങൾ. പ്രായപൂർത്തി എത്താത്തവർ, അന്തർ, രോഗി, മുടന്ത്, ബുദ്ധിമാന്ദ്യം ഉള്ളവർ ഒഴികെ ജിഹാദ് നിർബന്ധമാണെന്നും ജിഹാദ് ഏതൊക്കെ വിധമുണ്ടെന്നും ഇതിൽ പറയുന്നു. അമുസ്ലിംങ്ങളോടുള്ള യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കൽ വലിയ പാപമാണെന്നും ഇതിനെതിരെയുള്ള ഹദീസുകൾ(പ്രവാചക വചനം/പ്രവർത്തി...) ദുർബലമായ ഹദീസുകളാണെന്നും പുസ്തകത്തിൽ സമർത്ഥിക്കാൻ ശ്രമിക്കുന്നുണ്ട്.
വേർഡ്പ്രസ്സിൽ തയ്യാറാക്കിയ 'ദഅവത്തും ജിഹാദും' ഓൺലൈൻ പതിപ്പ് ഐ.എസ് ആശയക്കാർക്കിടയിലാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഇത്തരത്തിൽ നിരവധി 'ജിഹാദി' പുസ്തകങ്ങൾ മലയാളത്തിൽ ഇപ്പോഴും ലഭ്യമാണ്. മുഹാജിറൂൻ മുതൽ 'ദഅവത്തും ജിഹാദും' വരെയുള്ള ഓൺലൈൻ പ്രചാരണത്തിനു പിന്നിൽ നിരവധി പേരടങ്ങുന്ന മലയാളി സംഘം തന്നെയുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) പറയുന്നത്. പഴയ സിമി, എൻ.ഡി.എഫ് പ്രവർത്തകർക്ക് ഇതുമായി ബന്ധമുള്ളതായി സംശയിക്കുന്നു. മലയാളികളെ ഐ.എസിലേക്ക് സ്വാധീനിക്കാനുള്ള വഴിയായാണ് തീവ്രവാദികൾ ഇത്തരം ലേഖനങ്ങൾ കാണുന്നത്.
പടർന്നു പിടിക്കുന്ന തീവ്രവാദ ആശയങ്ങൾക്കെതിരെ പഴുതടച്ച നീക്കങ്ങൾ വിവിധ അന്വേഷണ ഏജൻസികൾ നടത്തുന്നുണ്ടെങ്കിലും ഓൺലൈൻ വഴിയുള്ള ഐ.എസ് ആശയ പ്രചാരണം തലവേദനമാണ് ഉദ്യോഗസ്ഥർക്കും. രാജ്യം വിട്ട മിക്കവരും ഇസ്ലാമിനെ തെറ്റായി മനസിലാക്കിയതും തീവ്ര ആശയങ്ങളിലെത്തിപ്പെട്ടതും ഓൺലൈൻ വഴിയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കാഫിറുകളോട് യുദ്ധം ചെയ്യാൻ ഇന്ത്യൻ മുസ്ലിംങ്ങളോട് ആഹ്വാനം ചെയ്യുന്നതാണ് 'ദഅവത്തും ജിഹാദും' എന്ന പുസ്തകത്തിന്റെ ചുരുക്കം. ഇതിന്റെ ഓൺലൈൻ പ്രചാരണം ഗൗരവമുള്ളതാണെന്നും നടപടി കൈകൊള്ളുമെന്നും എൻ.ഐ.എ വൃത്തങ്ങൾ മറുനാടൻ മലയാളിയോടു പറഞ്ഞു.