കൊൽക്കത്ത: ഐഎസ്എൽ സീസൺ അഞ്ചിലെ ലീഗ് മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ ബെംഗലൂരു എഫ്‌സിക്ക ജയം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ മടക്കിയാണ് കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ ബെഗലൂരു വിജയിച്ചത്. നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ബെഗലൂരു ഇതോടെ നാലാം സ്ഥാനത്ത് എത്തി. ഇന്ത്യൻ നെയ്മർ എന്ന വിളിപ്പേരുള്ള അണ്ടർ 17 ലോകകപ്പിലെ സൂപ്പർ താരം കൊമൾ തട്ടാൽ 15ാം മിനിറ്റിൽ നേടിയ ഗോളിലാണ് കൊൽക്കത്ത മുന്നിലെത്തിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മിക്കു ബെംഗലൂരുവിനെ ഒപ്പമെത്തിച്ചു. രണ്ടാം പാതിയുടെ തുടക്കത്തിൽ 48ാം മിനിറ്റിൽ എറിക് പാർത്താലും വിജയഗോൾ നേടി. ആറ് മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി കൊൽക്കത്ത ആറാമതാണ്.