കൊച്ചി: തുടർച്ചയായി മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ ആരാധകരും കൈവിട്ടിരിക്കുന്നു. ഐഎസ്എൽ വേദികളിൽ ഏറ്റവും അധികം അറ്റൻഡൻസ് എന്ന റെക്കോഡ് ഒക്കെ ഇന്ന് പഴങ്കഥയായി. കളി കാണാൻ എത്തിയത് കഷ്ടിച്ച് എണ്ണായിരം പേർ മാത്രം. ആരാധകരുടെ പ്രതിഷേധം കൊണ്ടൊന്നും കാര്യമില്ല. കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഒരിക്കൽ കൂടി അവര് തെളിയിച്ചു. ഗോളിയില്ലാത്ത പോസ്റ്റിൽ പോലും പിഴയ്ക്കുന്നു. ജംഷദ്പൂർ ഫെ്‌സിക്ക് എതിരായ മത്സരത്തിലും കേരളത്തിന് സമനില തന്നെ. പിന്നെ തോറ്റില്ല എന്നത് മാത്രം ആണ് ഒരു ആശ്വാസം.

ലഭിച്ച അവസരങ്ങൾ തുലച്ച മത്സരത്തിൽ ജംഷേദ്പുർ എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. നിരവധി മികച്ച നീക്കങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്സിന് പക്ഷേ ഒന്നു പോലും ഗോളാക്കാനായില്ല. പല തവണ ഗോളിനടുത്തെത്തിയിട്ടും ഫിനിഷിങ്ങിലെ പിഴവ് ബ്ലാസ്റ്റേഴ്സിന് വിനയാകുകയായിരുന്നു. വിവാദ പെനാൽറ്റിയിൽ നിന്നായിരുന്നു ജംഷേദ്പുരിന്റെ പെനാൽറ്റി ഗോൾ.ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം 66-ാം മിനിറ്റിൽ ടിം കാഹിലിന്റെ മുന്നേറ്റം തടയാനുള്ള ബ്ലാസ്റ്റേഴ്സ് ഗോളി ധീരജ് സിങ്ങിന്റെ ശ്രമത്തിന് റഫറി ഫൗൾ വിളിക്കുകയായിരുന്നു. ജംഷേദ്പുർ താരങ്ങളുടെ അപ്പീലിനെ തുടർന്ന് ലൈൻ റഫറിയുമായി ചർച്ച ചെയ്ത ശേഷം റഫറി ബ്ലാസ്റ്റേഴ്സിനെതിരായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത കാർലോസ് കാൽവോ പന്ത് അനായാസം വലയിലെത്തിച്ചു.

ഗോൾ മടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമത്തിന് പലപ്പോഴും ഫിനിഷിങ്ങിലെ പോരായ്മ വില്ലനായി. എന്നാൽ 77-ാം മിനിറ്റിൽ സെയ്മിൻലെൻ ഡുംഗൽ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയിൽ കേരളം മൂന്നു ഗോളുകളെങ്കിലും നേടേണ്ടതായിരുന്നു. ഏഴാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ പാസിൽനിന്ന് സ്ലാവിസ സ്റ്റൊയനോവിച്ച് പാഴാക്കിയ അവസരത്തിൽ തുടങ്ങുന്നു ബ്ലാസ്റ്റേഴ്സിന്റെ നിർഭാഗ്യം. 21-ാം മിനിറ്റിൽ ജംഷേദ്പുർ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് ലഭിച്ചത് സഹലിന്, സഹലിന്റെ ഷോട്ട് പക്ഷേ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. 10 മത്സരങ്ങളിൽ നിന്ന് ഒരു ജയവും മൂന്ന് തോൽവിയും ആറ് സമനിലയും സഹിതം ഒൻപത് പോയിന്റുമായി പട്ടികയിൽ ഏഴാമതാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ