ബെംഗളൂരു: ആദ്യം വില്ലനും പിന്നീട് നായകനുമായി അവതിരിച്ച രാഹുൽ ബേക്കെയുടെ മികവിൽ ബംഗളൂരു എഫ്സിക്ക് ജയം. പുനെ സിറ്റിക്കെതിരെ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളിനാണ് സീസണിൽ മുന്നിലുള്ള ബെംഗളൂരു വിജയിച്ചത്. 11-ാം മിനുറ്റിൽ ഉദാന്ത സിംഗിന്റെ തകർപ്പൻ ഗോളിൽ ബെംഗളൂരു മുന്നിലെത്തിയിരുന്നു. എന്നാൽ നാല് മിനുറ്റുകളുടെ ഇടവേളയിൽ രാഹുൽ സെൽഫ് ഗോൾ വഴങ്ങിയത് ബെംഗളൂരുവിന് തിരിച്ചടിയായി.

ഇതോടെ കളി സമനിലയിൽ ആദ്യ പകുതി പിന്നിട്ട് അവസാന 10 മിനുറ്റുകളിലേക്ക് മുന്നേറി. ഇതിനിടയിൽ മികച്ച മുന്നേറ്റങ്ങൾ കണ്ടെങ്കിലും ബെംഗളൂരുവിന് ഗോളടിക്കാൻ സാധിച്ചില്ല. എന്നാൽ പുനെയെ ഞെട്ടിച്ച് 88-ാം മിനുറ്റിൽ ബേക്ക ഗോൾ നേടിയപ്പോൾ ബെംഗളൂരുവിന്റെ വിജയം ഉറപ്പാവുകയായിരുന്നു. ജയത്തോടെ എട്ട് കളിയിൽ 22 പോയിന്റുമായി ബെംഗളൂരു പട്ടികയിൽ ലീഡുയർത്തി. ഒമ്പത് കളിയിൽ 17 പോയിന്റുള്ള ഗോവയാണ് രണ്ടാമത്. 10 കളിയിൽ 5 പോയിന്റുള്ള പുനൈ 9ാംസ്ഥാനത്താണ്.