പൂണെ: ഇന്നെങ്കിലും പതിവായി ആവർത്തിക്കുന്ന സമനില പൂട്ട് പൊട്ടിക്കാനാവുമോ ബ്ലാസ്‌റ്റേഴ്‌സിന്. ഇന്ന് പൂണെ സിറ്റിയെ നേരിടാനൊരുങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സിന് ശരിയാക്കാൻ ഏറെ പിഴവുകളുണ്ട്. പ്രതിരോധത്തിന്റെ വിള്ളലാണ് ഏറ്റവും പ്രധാനം രണ്ടാം പകുതിക്ക് ശേഷം കെട്ടഴിഞ്ഞ പട്ടമാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം. വെകിട്ട് ഏഴരയ്ക്ക് പൂണെയുടെ ഹോം ഗ്രൗണ്ടായ ബാലേവാഡി സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റി ഉൾപ്പടെയുള്ളവ പാഴാക്കിയിട്ടും അവസാന നിമിഷം നെട്ടോട്ടമോടി ജംഷദ്പൂരിനോട് സമനില പിടിക്കുകയായിരുന്നു. അക്രമിച്ചു കളിക്കുന്ന മുന്നേറ്റ നിരയുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരുന്നില്ലന്നതാണ് ബ്ലാസ്റ്റേഴ്‌സിന് തലവേദന സൃഷ്ടിക്കുന്നത്. പേരു കേട്ട പ്രതിരോധവും രണ്ടാം പകുതിക്ക് ശേഷം വിറ കൊള്ളുന്നതാണ് കഴിഞ്ഞ മത്സരങ്ങളിൽ കണ്ടത്.

ഇതുവരെ തോൽവി അറിയാത്ത ടീമായ ബ്ലാസ്റ്റേഴ്സ് നാലിൽ ഒരു വിജയവും മൂന്ന് സമനിലയുമായി ആറ് പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ്. നാല് കളിയിൽ മൂന്നിലും തോറ്റ പൂണെ ഒരു പോയന്റുമായി ലീഗിൽ ഏറ്റവും അവസാന സ്ഥാനക്കാരാണ്.അവസാന നിമിഷം ഗോൾ വഴങ്ങുന്നതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുന്നത്. വിലക്ക് മാറിയ അനസ് എടത്തൊടികയെ കോച്ച് ഡേവിഡ് ജയിംസ് ഇന്ന് കളിപ്പിച്ചേക്കും. ജംഷഡ്പുരിനെതിരെ മധ്യനിരയിൽ മികച്ച പ്രകടനം നടത്തിയ സഹൽ അബ്ദുസമദും ആദ്യ ഇലവനിൽ കളിച്ചേക്കും.

എന്നാൽ, കഴിഞ്ഞ കളിയിൽ നിറം മങ്ങിയ മധ്യനിര താരം കെസിറോൺ കിസിത്തോ ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പില്ല. സ്ലാവിസ്ല സ്റ്റൊയനോവിച്ചിനെ ചുറ്റിപ്പറ്റിയാകും കേരളത്തിന്റെ കളി.കെട്ടുറപ്പില്ലാത്ത പുണെ പ്രതിരോധക്കോട്ട തകർക്കാനാകുമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. ഇതുവരെ പുണെയുടെ വലയിൽ വീണ 10 ഗോളുകളിൽ 9 എണ്ണവും ആദ്യ പകുതിയിലായിരുന്നു. ഇരുടീമും ഇതിന് മുൻപ് എട്ടുതവണ ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ചിൽ ബ്ലാസ്റ്റേഴ്സും ഒരിക്കൽ പൂണെയും ജയിച്ചു. രണ്ട് കളി സമനിലയിലായി.