ബംബോലിം: ഐ എസ് എല്ലിൽ എഫ് സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ജംഷഡ്പൂർ എഫ്സിക്ക് സീസണിലെ ആദ്യ ജയം. നെരിജൂസ് വാൽസ്‌കിസിന്റെ ഇരട്ട ഗോളും ജോർദാൻ മുറേയുടെ ഗോളിലുമാണ് ജംഷഡ്പൂർ ഗോവയെ മുട്ടുകുത്തിച്ചത്. ഐറാം കാർബ്രെറയാണ് ഗോവയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും. 51-ാം മിനിറ്റിൽ വാൽസ്‌കിസിന്റെ ഗോളിലൂടെ ജംഷഡ്പുർ ലീഡെടുത്തു. പത്ത് മിനിറ്റിന് ശേഷം വാൽസ്‌കിസ് വീണ്ടും ലക്ഷ്യം കണ്ടു. 80-ാം മിനിറ്റിൽ മുറേയിലൂടെ ജംഷ്ഡ്പുർ ലീഡ് മൂന്നാക്കി. നിശ്ചിത സമയത്തിന് നാല് മിനിറ്റ് ശേഷിക്കെ കബ്രേറ ഗോവയുടെ ഗോൾ കണ്ടെത്തി.

ജയത്തോടെ രണ്ട് കളികളിൽ ഒരു ജയവും ഒരു സമനിലയും അടക്കം നാലു പോയന്റ് സ്വന്തമാക്കിയ ജംഷഡ്പൂർ പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ തുടർച്ചയായ രണ്ടാം തോൽവിയോ എഫ് സി ഗോവ പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്നു. ഒമ്പത് മത്സരങ്ങളിലെ ഗോൾ വരൾച്ചക്കു ശേഷമാണ് വാൽസ്‌കിസ് ജംഷഡ്പൂരിനായി ഇന്ന് ഗോളടിച്ചത്.

തുടക്കത്തിൽ ഗോവയായിരുന്നു ആക്രമിച്ചു കളിച്ചത്. ആദ്യ നിമിഷങ്ങളിൽ ജംഷഡ്പൂരിന്റെ പകുതിയായിലായിരുന്നു കളി മുഴുവൻ. എന്നാൽ ആദ്യ അവസരം സൃഷ്ടിച്ചത് ജംഷഡ്പൂരായിരുന്നു. ഏഴാം മിനിറ്റിൽ വാൽസ്‌കിസിന് ലഭിച്ച അവസരം പക്ഷെ ധീരജ് സിംഗിന്റെ രക്ഷപ്പെടുത്തിൽ ഗോളാകാതെ പോയി. തൊട്ടുപിന്നാലെ ഫ്രീ കിക്കിൽ നിന്ന് കോമൾ തട്ടാൽ ഗോവ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി.

ആദ്യ പകുതിയുടെ ആദ്യ അര മണിക്കൂറിൽ അവസരങ്ങൾ സൃഷ്ടിച്ചത് ജം,ഢ്പൂരായിരുന്നെങ്കിലും 70 ശതമാനം പന്തടക്കം ഗോവക്കായിരുന്നു. ആദ്യ പകുതിയിൽ നിരവധി അർധാവസരങ്ങൾ ലഭിച്ചെങ്കിലും ഇരു ടീമിനും ഗോളിലേക്ക് ലക്ഷ്യം വെക്കാനായില്ല.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിലെ വാൽസ്‌കിസ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചു. ഗോവൻ താരം ആൽബർട്ടോ നൊഗൂരയുടെ ത്രൂ ബോൾ മലയാളി താരം ടി പി രഹ്നേഷ് തകർപ്പൻ സേവിലൂടെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ജംഷഡ്പൂർ ഗോവൻ വലയിൽ പന്തെത്തിച്ചു. 51-ാം മിനിറ്റിലായിരുന്നു സൈമിൻലെൻ ഡംഗലിന്റെ പാസിൽ നിന്ന് വാൽസ്‌കിസ് ഡംഷഡ്പൂരിന് ലീഡ് സമ്മാനിച്ചത്. പത്തു മിനിറ്റിനകം ധീരജ് സിംഗിനെ കീഴടക്കി വാൽസ്‌കിസ് വീണ്ടും ഗോവൻ വലയനക്കി. സ്റ്റുവർട്ടിന്റെ ഫ്രീ കിക്കിൽ നിന്ന് മനോഹരമായൊരു ഹെഡ്ഡറിലൂടെയാണ് വാൽസ്‌കിസ് ജംഷഡ്പൂരിന്റെ ലീഡുയർത്തിയത്.

81-ാ ംമിനിറ്റിൽ സ്റ്റുവർട്ടിന്റെ പകരക്കാരനായി ഇറങ്ങി തന്റെ ആദ്യ ടച്ചിൽ തന്നെ ഗോളടിച്ച് ജോർദാൻ മുറേ ജംഷഡ്പൂരിന്റെ ജയമുറപ്പിച്ചു. ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ഗോവൻ ശ്രമം വൈകാതെ ഫലം കണ്ടു. 86-ാം മിനിറ്റിൽ ജോർഗെ ഓർട്ടിസിന്റെ പാസിൽ നിന്ന് ഐറാം കാർബ്രെറ ഗോവയുടെ തോൽവിഭാരം കുറച്ച് ഒരു ഗോൾ മടക്കി. ഇഞ്ചുറി ടൈമിൽ നാലാം ഗോളിന് ബോറിസ് സിംഗിലൂടെ ജംഷഡ്പൂരിന് അവസരമുണ്ടായിരുന്നെങ്കിലും ധീരജ് സിംഗിന്റെ സേവ് ഗോവയുടെ മാനം കാത്തു.