മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ ആദ്യ 11 റൗണ്ടുകളുടെ മത്സരക്രമം പുറത്തിറക്കി. നവംബർ 19-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും.ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 25-ാം തിയതി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയാണ് മഞ്ഞപ്പടയുടെ രണ്ടാം അങ്കം.

ഇത്തവണയും ഗോവയിൽ മാത്രമായാണ് മത്സരങ്ങൾ നടക്കുന്നത്. ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയം, തിലക് മൈതാൻ സ്റ്റേഡിയം എന്നിവയാണ് ടൂർണമെന്റ് വേദികൾ. വാരാന്ത്യങ്ങളിൽ രണ്ട് മത്സരങ്ങളുണ്ടാകും. ആദ്യ മത്സരം രാത്രി 7.30നും രണ്ടാം മത്സരം 9.30നും തുടങ്ങും.

നാല് മാസം നീണ്ടുനിൽക്കുന്ന ഐഎസ്എൽ സീസണിൽ മൂന്ന് സ്റ്റേഡിയങ്ങളിലായി ആകെ 115 മത്സരങ്ങൾ അരങ്ങേറും. ജനുവരി 9 വരെയുള്ള 55 മത്സരങ്ങളുടെ ഷെഡ്യൂളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഷെഡ്യൂൾ ഡിസംബറിൽ അവതരിപ്പിക്കും.

 

നവംബർ 27-നാണ് ആദ്യ കൊൽക്കത്ത ഡർബി നടക്കുക. എടികെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും രാത്രി 7.30-ന് തിലക് മൈതാൻ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്സി നവംബർ 22ന് ആദ്യ മത്സരത്തിനിറങ്ങും. എഫ്സി ഗോവയാണ് എതിരാളികൾ.