പനാജി: ചെന്നൈയിൻ എഫ്.സിയ്‌ക്കെതിരായ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഗോൾ രഹിത സമനില. തുല്യശക്തികൾ ഏറ്റുമുട്ടിയ പോരാട്ടത്തിൽ പന്തടക്കത്തിലും പാസിങ്ങിലും മുന്നിട്ടുനിന്നിട്ടും സമനില കുരുക്കഴിക്കാൻ ബ്ലാസ്റ്റേഴ്‌സിനായില്ല. മുന്നേറ്റത്തിലെ മൂർച്ചക്കുറവാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.

സീസണിലെ രണ്ടാം തോൽവിയിലേക്ക് നയിക്കുമായിരുന്ന ആ പെനൽറ്റി തടുത്തിട്ട ഗോൾകീപ്പർ ആൽബിനോ ഗോമസ് ടീമിന്റെ രക്ഷകനായി.

ആദ്യപകുതിയിൽത്തന്നെ ഗോളെന്നുറപ്പിച്ച രണ്ടിലധികം അവസരങ്ങൾ ലഭിച്ചിട്ടും ചെന്നൈയിൻ എഫ്‌സി അവിശ്വസനീയമായ രീതിയിൽ അവ പാഴാക്കി.

മലയാളി താരങ്ങളില്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിന് ഇറങ്ങിയത്. ആദ്യ മിനിട്ടുകളിൽ തന്നെ ചെന്നൈ ആക്രമണം അഴിച്ചുവിട്ടു. ചാങ്തെയും ഥാപ്പയും ഇസ്മയുമെല്ലാം മികച്ച കളി പുറത്തെടുത്തതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കടുപ്പിച്ചു.

17-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസ് വലിയൊരു പിഴവ് വരുത്തിയെങ്കിലും സെന്റർബാക്ക് ബക്കാരി കോനെ ടീമിന്റെ രക്ഷകനായി.

20-ാം മിനിട്ടിനുശേഷം ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിക്കാൻ തുടങ്ങി. ഇതോടെ ചെന്നൈ വിയർത്തു. 21-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ നയോറത്തിന് ഒരു ഓപ്പൺ ചാൻസ് ലഭിച്ചെങ്കിലും അത് മുതലാക്കാൻ താരത്തിന് സധിച്ചില്ല. 25-ാം മിനി്ട്ടിൽ ചെന്നൈയിൻ വല ചലിപ്പിച്ചെങ്കിലും അത് റഫറി ഓഫ് സൈഡ് വിളിച്ചു

28-ാം മിനിട്ടിൽ ഒരു തകർപ്പൻ ലോങ്റേഞ്ചറിലൂടെ ബ്ലാസ്റ്റേഴ്സിന്റെ രോഹിത് കുമാർ ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ചെന്നൈ ഗോൾകീപ്പർ വിശാൽ അത് കഷ്ടപ്പെട്ട് തട്ടിമാറ്റി.

രണ്ടാം പകുതിയിൽ കണ്ടത് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. മലയാളി താരം രാഹുൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി ചെന്നൈ വല കുലുക്കിയെങ്കിലും റഫറി അത് ഓഫ് സൈഡ് വിളിച്ചു. പിന്നാലെ ചെന്നൈയിന്റെ പ്രത്യാക്രമണം. പിന്നാലെ മറ്റൊരു മലയാളി താരം പ്രശാന്തും ബ്ലാസ്റ്റേഴ്സിനായി ഇറങ്ങി.

65-ാം മിനിട്ടിൽ ചെന്നൈയിന്റെ അനിരുദ്ധ് ഥാപ്പ എടുത്ത ഫ്രീകിക്ക് അതിമനോഹരമായി കേരള ഗോൾകീപ്പർ ആൽബിനോ തട്ടിയകറ്റി.

73-ാം മിനിട്ടിൽ അനാവശ്യമായി പെനാൽട്ടി ബോക്സിൽ ഒരു ഫൗൾ നടത്തിയതിന് ബ്ലാസ്റ്റേഴ്സ് സിഡോയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു.
ചെന്നൈയിൻ താരം ക്രിവെല്ലാരോയെ സിഡോഞ്ച ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനുള്ളിൽ വീഴ്‌ത്തിയതിന് റഫറി പെനാൽട്ടിയും വിധിച്ചു. ചെന്നൈയ്ക്കായി കിക്കെടുത്തത് യാക്കൂബ് സിൽവസ്റ്ററായിരുന്നു. പോസ്റ്റിന്റെ ഇടതുഭാഗത്തേക്ക് തൊടുത്ത ഷോട്ട് കൃത്യമായ കണക്കുകൂട്ടലോടെ മുഴുനീളെ ഡൈവ് ചെയ്താണ് ആൽബിനോ ഗോമസ് രക്ഷപ്പെടുത്തിയത്. ചെന്നൈയ്ക്ക് മുന്നിൽ കയറാനുള്ള അവസരം മുതലാക്കാനുമായില്ല.

ഇൻജുറി ടൈമിൽ ബ്ലാസ്റ്റേഴ്സ് നായകൻ സിഡോ പരിക്കേറ്റ് പുറത്തുപോയി. പിന്നീടുള്ള അഞ്ചുമിനിട്ടിൽ പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്.

സീസണിൽ മൂന്നു മത്സരങ്ങളിൽ നിന്നും രണ്ടു സമനിലകളും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുള്ളത്. പെനാൽട്ടി സേവ് ചെയ്ത് ബ്ലാസ്റ്റേഴ്സിന്റെ താരമായി മാറിയ ഗോൾകീപ്പർ ആൽബിനോ ഗോമസ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.