ബാംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ ആദ്യ വിജയം തേടിയിറങ്ങിയ ഒഡീഷയ്ക്ക് സമനിലക്കുരുക്ക് പൊട്ടിക്കാനായില്ല. കരുത്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ടീം സമനില വഴങ്ങി. ആവേശപ്പോരാട്ടത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ഒഡിഷയ്ക്കായി ഡീഗോ മൗറീഷ്യോയും കോൾ അലക്സാണ്ടറും സ്‌കോർ ചെയ്തപ്പോൾ നോർത്ത് ഈസ്റ്റിനുവേണ്ടി ബെഞ്ചമിൻ ലാമ്പോട്ടും കെസി അപ്പിയയും ഗോൾ നേടി. ഒഡിഷയുടെ കോൾ അലക്സാണ്ടർ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി

മത്സരം ആരംഭിച്ചപ്പോൾ നോർത്ത് ഈസ്റ്റാണ് ആക്രമിച്ച് കളിച്ചുതുടങ്ങിയത്. ചില അവസരങ്ങളും ടീം നേടിയെടുത്തു. മത്സരത്തിലെ ആദ്യ അവസരം പിറക്കുന്നത് പത്താം മിനിട്ടിലാണ്. ഒഡിഷയുടെ ബോക്സിൽ വെച്ച് നോർത്ത് ഈസ്റ്റിന്റെ മലയാളി താരം ബ്രിട്ടോയ്ക്ക് ഒരു സുവർണാവസരം ലഭിച്ചെങ്കിലും അദ്ദേഹം പന്ത് പുറത്തേക്കടിച്ചു. പിന്നാലെ അപ്പിയയ്ക്കും അവസരം ലഭിച്ചെങ്കിലും ഒഡിഷ ഗോൾകീപ്പർ അർഷ്ദീപ് അത് കാലുകൊണ്ട് തട്ടിയകറ്റി.

16-ാം മിനിട്ടിൽ ഒഡിഷയ്ക്ക് ബോക്സിനുള്ളിൽ മികച്ച അവസരം ലഭിച്ചു. പന്ത് മൗറീഷ്യോ പോസ്റ്റിലേക്ക് പൊക്കിവിട്ടെങ്കിലും ഗോൾലൈനിൽ വെച്ച് നോർത്ത് ഈസ്റ്റിന്റെ ഫോക്സ് അത് ഹെഡ് ചെയ്ത് പുറത്തേക്ക് തട്ടിയൊഴിവാക്കി. പിന്നീട് നിരന്തരം ആക്രമിച്ച് കളിച്ച ഒഡിഷയുടെ പരിശ്രമങ്ങൾക്ക് 23-ാം മിനിട്ടിൽ ഫലം വന്നു.

ഒരു തകർപ്പൻ ഗോളിലൂടെ സൂപ്പർ താരം ഡീഗോ മൗറീഷ്യോ ഒഡിഷയ്ക്ക് വേണ്ടി ഗോൾ നേടി. ഒരു തകർപ്പൻ ലോങ് ഗ്രൗണ്ടർ ഷോട്ടിലൂടെയാണ് മൗറീഷ്യോ ടീമിനെ മുന്നിലെത്തിച്ചത്. 23 മീറ്റർ അകലെ നിന്നാണ് താരം ഷോട്ടുതിർത്തത്. താരം ഈ സീസണിൽ നേടുന്ന മൂന്നാം ഗോളാണിത്.

ഗോൾ വഴങ്ങിയതോടെ നോർത്ത് ഈസ്റ്റ് കളം നിറഞ്ഞുകളിച്ചു. പക്ഷേ ഒഡിഷ പ്രതിരോധം നോർത്ത് ഈസ്റ്റ് മുൻനിരയെ നന്നായി തന്നെ നേരിട്ടു. 40-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന്റെ ഗാലെഗോ ഒരു കിടിലൻ ഫ്രീകിക്ക് എടുത്തെങ്കിലും ഗോൾകീപ്പർ അർഷ്ദീപ് അത് കൃത്യമായി തട്ടിയകറ്റി. എന്നാൽ നോർത്ത് ഈസ്റ്റ് മനോഹരമായ ഒരു ഗോളിലൂടെ ആദ്യ പകുതിയുടെ അധികസമയത്ത് സമനില പിടിച്ചു. നായകൻ ബെഞ്ചമിൻ ലാമ്പോട്ടാണ് ടീമിനായി സമനില ഗോൾ നേടിയത്. ഒരു തകർപ്പൻ ഹെഡ്ഡറിലൂടെയാണ് ലാമ്പോട്ട് ടീമിനായി സമനില ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ഒഡിഷയാണ് കൂടുതൽ ആക്രമിച്ച് കളിച്ചത്. 50-ാം മിനിട്ടിൽ ഒഡിഷയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാൻ താരങ്ങൾക്ക് കഴിഞ്ഞില്ല. 56-ാം മിനിട്ടിൽ ഒഡിഷയുടെ ഒൺവുവിന് സുവർണാവസരം ലഭിച്ചെങ്കിലും അത് താരം പുറത്തേക്ക് ഹെഡ്ഡ് ചെയ്ത് തുലച്ചു. രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണവും പ്രത്യാക്രമണവുമായി കളം നിറഞ്ഞ് കളിച്ചു.

64-ാം മിനിട്ടിൽ കെസി അപ്പിയയെ ബോക്സിനുള്ളിൽ ഗോൾകീപ്പർ അർഷ്ദീപ് വീഴ്‌ത്തിയതിന്റെ ഫലമായി നോർത്ത് ഈസ്റ്റിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത അപ്പിയ പന്ത് അനായാസേന വലയിലെത്തിച്ച് ടീമിന് ലീഡ് നൽകി (2-1).

എന്നാൽ നോർത്ത് ഈസ്റ്റിന്റെ ആഹ്ലാദത്തിന് രണ്ടുമിനിട്ട് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. പ്രത്യാക്രമണം നടത്തി ബോക്സിലേക്ക് ഇരച്ചുകയറിയ ഒഡിഷയുടെ കോൾ അലക്സാണ്ടർ ഒരു അത്ഭുത ഗോളിലൂടെ ടീമിന് സമനില ഗോൾ സമ്മാനിച്ചു. തകർപ്പൻ ഷോട്ടിലൂടെ പന്ത് മഴവില്ല് പോലെ വളഞ്ഞ് വലയെ ചുംബിച്ചു. ഇതോടെ കളി ആവേശക്കൊടുമുടിയിലായി.

ഈ സമനിലയോടെ ഒഡിഷ 10-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ നോർത്ത് ഈസ്റ്റ് നാലാം സ്ഥാനത്ത് തന്നെ തുടരുന്നു.