വാസ്‌കോ: ആരാധകരെ ആവേശത്തിലാഴ്‌ത്തിയ മത്സരത്തിൽ ഹൈദരാബാദിനെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തകർത്ത് ഗോവ ന്യൂഇയർ ആഘോഷത്തിന് തുടക്കമിട്ടു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടുഗോളുകളടിച്ച് മത്സരം സ്വന്തമാക്കിയത്. മൂന്നു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നാ അരങ്ങേറിയത്.

ജയത്തോടെ ഗോവ പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്തുനിന്നും മൂന്നാം സ്ഥാനത്തേക്ക് കയറി. ഗോവയ്ക്ക് വേണ്ടി സൂപ്പർ താരം ഇഗോർ അംഗൂളോ, ഇഷാൻ പണ്ഡിത എന്നിവർ സ്‌കോർ ചെയ്തപ്പോൾ ഹൈദരാബാദിനായി അരിഡാനെ സന്റാന ഗോൾ നേടി. ഗോവയുടെ ഇഗോർ അംഗൂളോ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

മത്സരം തുടങ്ങിയപ്പോൾ തൊട്ട് മധ്യനിരയിലാണ് പന്ത് കൂടുതൽ സമയം ചെലവഴിച്ചത്. മത്സരത്തിന്റെ അഞ്ചാം മിനിട്ടിൽ ബ്രാന്റൺ ഫെർണാണ്ടസ് എടുത്ത ഫ്രീകിക്ക് മികച്ച അവസരം സൃഷ്ടിച്ചെങ്കിലും ഗോവയ്ക്കെതിരേ റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീട് കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല. പ്രതിരോധത്തിലൂന്നിയുള്ള കളി ഗോവയും ഹൈദരാബാദും പുറത്തെടുക്കാൻ തുടങ്ങിയതോടെ ആദ്യപകുതി വിരസമായി. വിരലിലെണ്ണാവുന്ന അവസരങ്ങൾ പോലും സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല.

രണ്ടാം പകുതിയിൽ ആദ്യ പകുതിയിൽ നിന്നും വ്യത്യസ്തമായി ആക്രമണ ഫുട്ബോളാണ് ഹൈദരാബാദ് കാഴ്ചവെച്ചത്. ജോയലിന് പകരം യാസിറിനെ കൊണ്ടുവന്നത് ഹൈദരാബാദിന് ഗുണം ചെയ്തു. 53-ാം മിനിട്ടിൽ ഹൈദരാബാദിന്റെ ദാവോ വിക്ടറിന് ബോക്സിനകത്തുവെച്ച് മികച്ച അവസരം ലഭിച്ചെങ്കിലും ഗോവൻ ഗോൾകീപ്പർ നവാസ് അത് തട്ടിയകറ്റി. പിന്നാലെ ഹൈദരാബാദ് കാത്തിരുന്ന ഗോൾ പിറന്നു. 58-ാം മിനിട്ടിൽ സൂപ്പർതാരം അരിഡാനെ സന്റാനയാണ് ടീമിനായി ഗോൾ നേടിയത്. ആശിഷിന്റെ എണ്ണം പറഞ്ഞ ഒരു ക്രോസ്, ഹെഡ്ഡറിലൂടെ സന്റാന വലയിലെത്തിച്ചു. താരം ഈ സീസണിൽ നേടുന്ന അഞ്ചാം ഗോളാണിത്. ഗോൾ പിറന്നതോടെ ഹൈദരാബാദ് ഉണർന്നുകളിച്ചു.

61-ാം മിനിട്ടിൽ വീണ്ടും സന്റാന ഒരു ഉഗ്രൻ ലോങ്റേഞ്ചർ ക്രോസ്ബാറിന് തട്ടിത്തെറിച്ചു. ഗോൾ വഴങ്ങിയതോടെ ഗോവ ആക്രമിച്ച് കളിക്കാൻ തുടങ്ങി. പതിയെ ആദ്യപകുതിയിൽ കൈവിട്ട ആവേശം മത്സരത്തിലേക്ക് തിരിച്ചുവന്നു. ഗോവ പോസ്റ്റിലേക്ക് ആക്രമിച്ച് കളിച്ചെങ്കിലും ഹൈദരാബാദ് പ്രതിരോധം ഉറച്ചുനിന്നു.70-ാം മിനിട്ടിൽ സന്റാന വീണ്ടും ഹെഡ്ഡറിലൂടെ വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു.

നിരന്തരം ആക്രമിച്ച് കളിച്ച ഗോവയ്ക്ക് 87-ാം മിനിട്ടിൽ സമനില പിടിച്ചു. പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിതയാണ് ടീമിനായി സമനില ഗോൾ നേടിയത്. ഫ്രീകിക്കിൽ നിന്നും ഹെഡ്ഡർ വഴിയാണ് താരം ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങി ആദ്യ ടച്ചിൽ തന്നെ ഗോൾ നേടി ഇഷാൻ ഐ.എസ്.എല്ലിൽ ചരിത്രം സൃഷ്ടിച്ചു.

കളിയവസാനിക്കാൻ മിനിട്ടുകൾ ബാക്കിനിൽക്കെ ഇൻജുറി ടൈമിൽ സൂപ്പർ താരം ഇഗോർ അംഗൂളോയിലൂടെ ഗോവ വിജയഗോൾ കണ്ടെത്തി. ബോക്സിലേക്ക് ഒറ്റയ്ക്ക് കുതിച്ച് കയറിയ അംഗൂളോ മനോഹരമായി ഡ്രിബിൾ ചെയ്ത് പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. സീസണിൽ താരം നേടുന്ന ഒൻപതാം ഗോൾ. പിന്നാലെ ഫൈനൽ വിസിൽ. ഗോവയുടെ വിജയാരവം. 9 മത്സരങ്ങളിൽ നിന്നും 14 പോയിന്റോടെ ഗോവ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. എട്ട് മത്സരങ്ങളിൽ നിന്നും 9 പോയിന്റോടെ ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്.