ഫത്തോർഡ: ഐ.എസ്.എല്ലിൽ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് എടികെ മോഹൻബഗാൻ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. രണ്ടാം പകുതിയിലാണ് ഗോളുകൾ രണ്ടും പിറന്നത്.

51-ാം മിനിറ്റിൽ റോയ് കൃഷ്ണയാണ് എ.ടി.കെയെ മുന്നിലെത്തിച്ചത്. പിന്നാലെ 58-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ക്യാപ്റ്റൻ ബെഞ്ചമിൻ ലാംബോട്ടിന്റെ സെൽഫ് ഗോളിലാണ് എ.ടി.കെ ലീഡുയർത്തിയത്.

ആദ്യ പകുതിയിൽ എ.ടി.കെയുടെ മുന്നേറ്റങ്ങൾ മാത്രമായിരുന്നു. ആദ്യ പകുതിയുടെ ഭൂരിഭാഗം സമയവും നോർത്ത് ഈസ്റ്റ് പ്രതിരോധത്തിലേക്ക് വലിഞ്ഞത് മത്സരം പലപ്പോഴും വിരസമാക്കി.

51-ാം മിനിറ്റിൽ എഡു ഗാർസിയയുടെ കോർണറിൽ നിന്നായിരുന്നു ഗോൾ. ഗാർസിയ നൽകിയ പന്ത് ബോക്സിലുണ്ടായിരുന്ന ടിരി കൃഷ്ണയ്ക്ക് മറിച്ച് നൽകുകയായിരുന്നു. കുത്തി ഉയർന്ന പന്ത് ഹെഡറിലൂടെ കൃഷ്ണ വലയിലെത്തിച്ചു.

58-ാം മിനിറ്റിൽ വീണ്ടുമൊരു കോർണറിൽ നിന്നായിരുന്നു എ.ടി.കെയുടെ രണ്ടാം ഗോൾ പിറന്നത്. എഡു ഗാർസിയയെടുത്ത കോർണറിൽ നിന്ന് ഗോൾ നേടാനുള്ള ജന്ദേശ് ജിംഗാന്റെ ശ്രമമാണ് ഗോളിൽ കലാശിച്ചത്. ജിംഗനെ ടാക്കിൾ ചെയ്യാനെത്തിയ നോർത്ത് ഈസ്റ്റ് ക്യാപ്റ്റൻ ബെഞ്ചമിൻ ലാംബോട്ടിന്റെ കാലിൽ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.

ഒൻപത് മത്സരങ്ങളിൽ ആറിലും ജയം നേടിയ എടികെ 20 പോയിന്റോടെ ഒന്നാമതെത്തി. 19 പോയിന്റോടെ മുംബൈ സിറ്റിയാണ് രണ്ടാമത്. ഗോവ മൂന്നാം സ്ഥാനത്തും ജംഷഡ്പൂർ നാലാം സ്ഥാനത്തുമാണ്. ഇതുവരെ ജയം കണ്ടെത്താനാവാത്ത ഒഡീഷയാണ് ഏറ്റവും പിന്നിൽ.