- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ തുടർച്ചയായ മൂന്നാം തോൽവി നേരിട്ട് ബെംഗളൂരു; ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുംബൈ സിറ്റി; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്
ഫത്തോർഡ: ഐ.എസ്.എല്ലിൽ ബെംഗളൂരു എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് മുംബൈ സിറ്റി എഫ്.സി ഒന്നാം സ്ഥാനത്ത്. മുർത്താത ഫാൾ, ബിപിൻ സിങ്, ബർത്തലോമ്യു ഓഗ്ബെച്ചെ എന്നിവരാണ് മുംബൈക്കായി സ്‌കോർ ചെയ്തത്. സുനിൽ ഛേത്രിയുടെ പെനാൽറ്റിയിൽ നിന്നാണ് ബെംഗളൂരുവിന്റെ ആശ്വാസ ഗോൾ. ഐ.എസ്.എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ബെംഗളൂരു എഫ്.സി മൂന്ന് മത്സരങ്ങളിൽ തുടർച്ചയായ പരാജയം നേരിടുന്നത്.
ഒമ്പതാം മിനിറ്റിൽ ബിപിൻ സിങ്ങിന്റെ കോർണറിൽ നിന്നായിരുന്നു മുംബൈയുടെ ആദ്യ ഗോൾ. ബോക്സിലേക്കു വന്ന പന്ത് ഹെർനൻ സന്റാന ഹെഡ് ചെയ്തത് പോസ്റ്റിന് മുന്നിൽ നിന്ന് ഫാളിലേക്ക്. ഒന്ന് ഹെഡ് ചെയ്ത് പന്തിനെ വലയിലെത്തിക്കേണ്ട കാര്യമേ മുർത്താത ഫാളിനുണ്ടായിരുന്നുള്ളൂ.
15-ാം മിനിറ്റിൽ ടീം വർക്കിന്റെ ഫലമായിരുന്നു മുംബൈയുടെ രണ്ടാം ഗോൾ. പന്തുമായി മുന്നേറിയ ഹെർനൻ സന്റാന അത് ആദം ലെ ഫോൺഡ്രെയ്ക്ക് മറിക്കുന്നു. ഫോൺഡ്രെയുടെ ഫസ്റ്റ് ടൈം പാസ് മന്ദർ റാവു ദേശായിയിലേക്ക്. പന്തുമായി മുന്നേറി മന്ദർ നൽകിയ ക്രോസ്, ബോക്സിലേക്ക് ഓടിയെത്തിയ ബിപിൻ സിങ് വലയിലെത്തിക്കുകയായിരുന്നു. ബെംഗളൂരു പ്രതിരോധ നിരയെ കാഴ്ചക്കാരായി നിർത്തിയായിരുന്നു മുംബൈയുടെ മുന്നേറ്റങ്ങൾ.
41-ാം മിനിറ്റിൽ ക്ലെയ്റ്റൺ സിൽവയുടെ ഫ്രീ കിക്ക് മാത്രമായിരുന്നു ആദ്യ പകുതിയിൽ ബെംഗളൂരുവിന് ആശ്വസിക്കാനുള്ള ഏക നിമിഷം, സിൽവയെടുത്ത ഫ്രീ കിക്ക് ഏറെ കഷ്ടപ്പെട്ടാണ് മുംബൈ ഗോൾ കീപ്പർ അമരീന്ദറിന്റെ സേവ് ചെയ്തത്.
77-ാം മിനിറ്റിലായിരുന്നു ബെംഗളൂരുവിന് അനുകൂലമായ പെനാൽറ്റി. പന്തുമായി മുന്നേറിയ ക്ലെയ്റ്റൺ സിൽവയെ മുർത്താത ഫാൾ ബോക്സിൽ വീഴ്‌ത്തിയതിനായിരുന്നു പെനാൽറ്റി. പക്ഷേ ഫാളിന്റേത് ക്ലീൻ ടാക്കിളായിരുന്നുവെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു.
പിന്നാലെ 84-ാം മിനിറ്റിൽ ബർത്തലോമ്യു ഓഗ്ബെച്ചെയിലൂടെ മുംബൈ ഗോൾപട്ടിക പൂർത്തിയാക്കി. ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീതിന്റെ പിഴവിൽ നിന്നായിരുന്നു മുംബൈയുടെ മൂന്നാം ഗോൾ. ഓഗ്ബച്ചെയുടെ ഹെഡർ തടഞ്ഞെങ്കിലും നിലത്ത് വീണ ഗുർപ്രീതിന്റെ കൈയിൽ നിന്നും വഴുതിപ്പോയ പന്ത് ഗോൾലൈൻ കടക്കുകയായിരുന്നു.
86-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട അഹമ്മദ് ജാഹുവിന് മാർച്ചിങ് ഓർഡർ കിട്ടിയത് മുംബൈക്ക് തിരിച്ചടിയായി. മത്സരത്തിന്റെ അവസാന നിമിഷത്തിൽ 10 പേരായി ചുരുങ്ങിയെങ്കിലും മുംബൈയുടെ പ്രതിരോധ നിര ഉണർന്നുകളിച്ചതോടെ ബംഗളുരു തുടരെ മൂന്നാം മത്സരത്തിലും തോൽവി ഉറപ്പിച്ചു.
സ്പോർട്സ് ഡെസ്ക്