- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഡീഷയ്ക്ക് ജയിക്കാനും ബ്ലാസ്റ്റേഴ്സിനെ വേണം; ഐഎസ്എല്ലിൽ അഞ്ചാം തോൽവി വഴങ്ങി കേരളാ ബ്ലാസ്റ്റേഴ്സ്; ഒഡിഷ സീസണിലെ ആദ്യ ജയം നേടിയത് രണ്ടിനെതിരെ നാല് ഗോളുകൾക്ക്; ഡീഗോ മൗറീഷ്യോയ്ക്ക് ഇരട്ട ഗോൾ
പനാജി: ഐ.എസ്.എല്ലിൽ തോൽവി തുടർക്കഥയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് അവസാന സ്ഥാനക്കാരായ ഒഡീഷ എഫ് സിക്ക് മുന്നിലും മുട്ടുകുത്തി. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയാണ് സീസണിലെ ആദ്യ ജയം ഒഡിഷ സ്വന്തമാക്കിയത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ ഡീഗോ മൗറീഷ്യോയാണ് ഒഡിഷയുടെ വിജയശിൽപി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം തോൽവിയാണിത്.
സ്റ്റീഫൻ ടെയ്ലറാണ് ഒഡിഷയുടെ മറ്റൊരു സ്‌കോറർ. ഒഡിഷയുടെ അക്കൗണ്ടിലെത്തിയ ഒരു ഗോൾ ബ്ലാസ്റ്റേഴ്സ് താരം ജീക്സൺ സിങ്ങിന്റെ സെൽഫ് ഗോളായിരുന്നു. ജോർദാൻ മറെയും ഗാരി ഹൂപ്പറുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സ്‌കോറർമാർ.
പത്തും പതിനൊന്നും സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ആദ്യം മുന്നിലെത്തിയത് ബ്ലാസ്റ്റേഴ്സായിരുന്നു. ഫക്കുണ്ടോ പെരെയ്‌ര ബോക്സിലേക്ക് നീട്ടിയ ഒരു ഫ്രീ കിക്കിൽ നിന്നായിരുന്നു ഗോൾ. ഒഡിഷ ബോക്സിലേക്ക് എത്തിയ പന്തിൽ കെ.പി രാഹുലിന്റെ ഹെഡർ ഗോളി അർഷ്ദീപ് തട്ടിയകറ്റിയത് റീബൗണ്ട് ചെയ്ത് വന്നത് ഇടതുവശത്തുണ്ടായിരുന്ന ജോർദാൻ മറെയുടെ മുന്നിലേക്ക്. അസാധ്യമായ ഒരു ആംഗിളിൽ നിന്നുള്ള മറെയുടെ ഷോട്ട് വലയിൽ.
പിന്നാലെ ബ്ലാസ്റ്റേഴ്സ് കൂടുതൽ ആക്രമണങ്ങളുമായി കളംനിറഞ്ഞെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകൾ തിരിച്ചടിയായി. ആക്രമണത്തിന് ഇറങ്ങിയപ്പോൾ വരുത്തിയ പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിനെ തോൽവിയിലേക്ക് നയിച്ചത്. 22-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് സെൽഫ് ഗോൾ വഴങ്ങി. ഡീഗോ മൗറീഷ്യോയെ മാർക്ക് ചെയ്യുന്നതിൽ ഹക്കുവിന് പിഴച്ചു. ജെറി ചിപ് ചെയ്ത് നൽകിയ പന്ത് സ്വീകരിച്ച ഡീഗോ മൗറീഷ്യോയുടെ ഷോട്ട് ജീക്സൺ സിങ്ങിന്റെ കാലിലിടിച്ച് വലയിലേക്ക്. ഈ ഗോൾ ജീക്സൺ സിങ്ങിന്റെ സെൽഫ് ഗോളായാണ് കണക്കാക്കിയത്.
ഒപ്പമെത്തിയതോടെ ഒഡിഷ ആക്രമണം കടുപ്പിച്ചു. 42-ാം മിനിറ്റിൽ ജെറിയുടെ ഫ്രീ കിക്കിൽ നിന്ന് ഒഡിഷ രണ്ടാം ഗോൾ കണ്ടെത്തി. വീണ്ടും പ്രതിരോധത്തിലെ പിഴവ്. ജെറിയുടെ പന്ത് ലഭിക്കുമ്പോൾ ബോക്സിൽ സ്റ്റീഫൻ ടെയ്ലറെ മാർക്ക് ചെയ്യാൻ ബ്ലാസ്റ്റേഴിസിന്റെ പ്രതിരോധ നിര ഇല്ലാതെപോയി. പന്ത് അനായാസം ടെയ്ലർ വലയിലെത്തിച്ചു.
ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രത്യാക്രമണം കണ്ട 26-ാം മിനിറ്റിൽ കെ.പി രാഹുലിന്റെ മുന്നേറ്റം ഗോളിൽ കലാശിക്കുമെന്ന് തോന്നിച്ചു. പക്ഷേ രാഹുലിന്റെ ഷോട്ട് ഗോൾകീപ്പർ അർഷ്ദീപ് സിങ് സേവ് ചെയ്തതോടെ നിരാശ. 34-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോളി ആൽബിനോ ഗോമസിന്റെ മികച്ച സേവ്. മൗറീഷ്യോയുടെ ഗോളെന്നുറച്ച ഷോട്ട് ആൽബിനോ രക്ഷപ്പെടുത്തി.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് തീർത്തും നിറം മങ്ങി. 50-ാം മിനിറ്റിൽ ജെറിയുടെ ഒരു ഫസ്റ്റ് ടൈം പാസിൽ നിന്നായിരുന്നു ഡീഗോ മൗറീഷ്യോയുടെ ആദ്യ ഗോൾ. പന്തുമായി ബോക്സിലേക്ക് കയറിയ മൗറീഷ്യോ പന്ത് വലയിലെത്തിച്ചു. ഒഡീഷയ്ക്ക് മൂന്നാം ഗോൾ. 60-ാംമിനുറ്റിൽ മൗറീഷ്യോ ഒഡീഷയുടെ ഗോൾപട്ടിക പൂർത്തിയാക്കി. നന്ദകുമാർ ശേഖറിന്റെ ത്രൂ ബോളിൽ നിന്ന് പന്തുമായി മുന്നേറിയ മൗറീഷ്യോ ബോക്സിന് പുറത്തു നിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.
79-ാം മിനിറ്റിൽ ജോർദാൻ മറെ നീട്ടിനൽകിയ ക്രോസിൽ നിന്ന് പകരക്കാരനായി ഇറങ്ങിയ ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത്. ഗോളെന്നുറച്ച മൂന്നോളം അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഒൻപത് മത്സരങ്ങളിൽ നിന്നും ആറും അഞ്ചും പോയന്റുമായി ബ്ലാസ്റ്റേഴ്‌സും ഒഡിഷയും അവസാന സ്ഥാനങ്ങളിലാണുള്ളത്. 22 പോയിന്റുമായി മുംബൈ സിറ്റിയാണ് ഒന്നാമത്.
സ്പോർട്സ് ഡെസ്ക്