- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിനെ തകർത്ത് ഹൈദരാബാദ്; ജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്; ലിസ്റ്റൻ കൊളാകോയ്ക്ക് ഇരട്ട ഗോൾ
മുർഗാവ്: ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് ഹൈദരാബാദ് എഫ്.സി. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് ഹൈദരാബാദിന്റെ ജയം. ലിസ്റ്റൻ കൊളാകോയുടെ ഇരട്ട ഗോളുകളാണ് ഹൈദരാബാദിന് ആധികാരിക ജയം സമ്മാനിച്ചത്. ജോയൽ കിയാനെസെയും അരിഡാനെ സന്റാനയുമാണ് ഹൈദരാബാദിന്റെ മറ്റ് സ്‌കോറർമാർ.
ഫെഡറിക്കോ ഗല്ലേഗോയും ബെഞ്ചമിൻ ലാംബോട്ടുമാണ് നോർത്ത് ഈസ്റ്റിനായി സ്‌കോർ ചെയ്തത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ അരിഡാനെ സന്റാനയിലൂടെ ഹൈദരാബാദ് മുന്നിലെത്തി. 36-ാം മിനിറ്റിൽ കിയാനെസെയിലൂടെ അവർ ലീഡുയർത്തി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇരട്ട ഗോളുകൾ സ്വന്തമാക്കി നോർത്ത് ഈസ്റ്റ് ഒപ്പമെത്തിയിരുന്നു. 44-ാം മിനിറ്റിൽ അഷുതോഷ് മേത്തയെ ഹാളിചരൺ നർസാരി ബോക്സിൽ വീഴ്‌ത്തിയതിനായിരുന്നു പെനാൽറ്റി. കിക്കെടുത്ത ഗല്ലേഗോയ്ക്ക് പിഴച്ചില്ല. തൊട്ടടുത്ത മിനിറ്റിൽ തന്നെ നോർത്ത് ഈസ്റ്റ് രണ്ടാം ഗോളും കണ്ടെത്തി. ഇദ്രിസ സില്ലയുടെ ബാക്ക്ഹീൽ ഷോട്ട് ലക്ഷ്മികാന്ത് കട്ടിമണി ബ്ലോക്ക് ചെയ്തു. റീബൗണ്ട് വന്ന പന്ത് ലാംബോട്ട് വലയിലെത്തിക്കുകയായിരുന്നു.
പിന്നീട് 64-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലിസ്റ്റനാണ് മത്സരം ഹൈദരാബാദിന് അനുകൂലമാക്കിയത്. 85-ാം മിനിറ്റിൽ ഹൈദരാബാദിന് ലീഡ് സമ്മാനിച്ച ലിസ്റ്റൻ, 90-ാം മിനിറ്റിൽ മികച്ചൊരു ഗോളിലൂടെ മത്സരം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 15 പോയന്റുമായി ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്കുയർന്നു. പതിനൊന്ന് പോയിന്റുമായി ഏഴാം സ്ഥാനാത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
സ്പോർട്സ് ഡെസ്ക്