വാസ്‌കോ: ഐഎസ്എല്ലിൽ ഒഡിഷ എഫ്.സി-ചെന്നൈയിൻ എഫ്.സി മത്സരം സമനിലയിൽ കലാശിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. ചെന്നൈയുടെ ഗോളെന്നുറച്ച മൂന്നോളം ഷോട്ടുകളാണ് നിർഭാഗ്യം മൂലം വഴിമാറിപ്പോയത്. ചെന്നൈയുടെ ചങ്തെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

മികച്ച ഫിനിഷർമാരുടെ അഭാവമാണ് മത്സരത്തിലുടനീളം പ്രകടമായത്. സീസണിൽ ഇതുവരെ ആറാമത്തെ മത്സരമാണ് ഗോൾ രഹിത സമനിലയിൽ കലാശിക്കുന്നത്.

മത്സരത്തിന്റെ ആദ്യ മിനിട്ടിൽ തന്നെ ചെന്നൈയിൻ മികച്ച അവസരം സൃഷ്ടിച്ചു. പന്തുമായി മുന്നേറിയ റഹീം അലി ബോക്സിനകത്ത് എത്തിയെങ്കിലും ഷോട്ടുതിർക്കുന്നതിന് മുൻപ് പന്ത് ഒഡിഷയുടെ ഗോൾകീപ്പർ അർഷ്ദീപ് പിടിച്ചെടുത്തു.

പിന്നാലെ ഒഡിഷയും ആക്രമിച്ച് കളിച്ചതോടെ മത്സരം ആവേശത്തിലായി. ഇരുടീമുകളും ആദ്യ മിനിട്ട് തൊട്ട് ഗോൾ നേടാനാണ് ശ്രമിച്ചത്. ചെന്നൈയിൻ കുടുതൽ സമയം പന്ത് കൈവശം വച്ചാണ് കളിച്ചത്. 13-ാം മിനിട്ടിൽ ചെന്നൈയുടെ ചങ്തെ ഒരു ലോങ്റേഞ്ചർ എടുത്തെങ്കിലും പന്ത് പുറത്തേക്ക് പോയി.

നിരന്തരം ഗോൾ നേടാനായി ടീം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ചെന്നൈബോക്സിനടുത്തേക്ക് പലതവണ പന്തെത്തിച്ചെങ്കിലും ലക്ഷ്യത്തിലെത്താൻ താരങ്ങൾക്ക് കഴിഞ്ഞില്ല. മിക്കവരും ലോങ്റേഞ്ചറുകളാണ് പയറ്റാൻ ശ്രമിച്ചത്.

42-ാം മിനിട്ടിൽ ഒഡിഷയുടെ ഡീഗോ മൗറീഷ്യോ വല ചലിപ്പിച്ചെങ്കിലും റഫറി അത് ഓഫ്സൈഡ് വിളിച്ചു. രണ്ടാം പകുതിയിലും ചെന്നൈ തന്നെയാണ് ആദ്യ മിനിട്ടുകളിൽ ആക്രമിച്ച് കളിച്ചത്. ഒഡിഷയുടെ മുന്നേറ്റനിരയ്ക്ക് പന്തെത്തിക്കാൻ മധ്യനിരയ്ക്ക് കഴിയാതെപോയി. ബ്ലാസ്റ്റേഴ്സിനെതിരേ കളിച്ച ഒഡിഷയുടെ ഫോമിന്റെ പത്തിലൊരംശം പോലും ഇന്ന് പുറത്തെടുക്കാൻ ടീമിന് സാധിച്ചില്ല.

രണ്ടാം പകുതിയിലെ ആദ്യ അവസരം 69-ാം മിനിട്ടിലാണ് പിറന്നത്. ചെന്നൈയിൽ പകരക്കാരനായി ഇറങ്ങിയ ഇസ്മയിൽ ഇസ്മയ്ക്കാണ് അവസരം ലഭിച്ചത്. പക്ഷേ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ ചെന്നൈയിന്റെ റഹീം അലിക്ക് ഒരു സുവർണാവസരം ലഭിച്ചു. പക്ഷേ നിർഭാഗ്യവശാൽ താരത്തിന്റെ കിക്ക് ഒഡിഷ പോസ്റ്റിൽ തട്ടിത്തെറിച്ചു.