- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിക്കേണ്ട കളിയിൽ സമനില ഇരന്നുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്; ഈസ്റ്റ് ബംഗാളിനോട് ഗോൾ വഴങ്ങിയത് കളി തീരാൻ 30 സെക്കന്റുകൾ ബാക്കി നിൽക്കെ; ശനിയാഴ്ച മുംബൈയും ഹൈദരാബാദും നേർക്കുനേർ
വാസ്‌കോ: ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം പാദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി ഈസ്റ്റ് ബംഗാൾ. ഇൻജുറി ടൈമിന്റെ അവസാനം നിമിഷം, കളി തീരാൻ 30 സെക്കൻഡുകൾ ബാക്കിനിൽക്കെ ഗോൾ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് സമനിലക്കുരുക്കിൽ അകപ്പെട്ടത്. രണ്ടാം പാദത്തിലും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹൽ അബ്ദുൾ സമദ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
ബ്ലാസ്റ്റേഴ്സിനായി ജോർദാൻ മറെയും ഈസ്റ്റ് ബംഗാളിനായി സ്‌കോട്ട് നെവിലും ഗോൾ നേടി. ആദ്യ പാദ മത്സരത്തിൽ ഇൻജുറി ടൈമിൽ ബ്ലാസ്റ്റേഴ്സാണ് ഗോൾ നേടിയതെങ്കിൽ ഇത്തവണ അത് ഈസ്റ്റ് ബംഗാളാണെന്ന് മാത്രം.
64-ാം മിനിട്ടിൽ ജോർദാൻ മറെയിലൂടെ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ് അവിശ്വസനീയമായാണ് മത്സരം കൈവിട്ടത്. കളിതീരാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ ബ്ലാസ്റ്റേഴ്സ് താരം രാഹുലിന്റെ ക്ലിയറൻസിൽ നിന്നാണ് കോർണർ ടീം വഴങ്ങിയത്. ഇത് കൃത്യമായി മുതലെടുത്ത ഈസ്റ്റ് ബംഗാൾ സമനില ഗോൾ നേടി.
മത്സരം തുടങ്ങി ആദ്യ മിനിട്ടിൽ തന്നെ ഒരു ഗോളവസരം സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിനായി. ഫക്കുണ്ടോ പെരേരയുടെ പാസ് മറെയ്്ക്ക് ലഭിച്ചെങ്കിലും ഈസ്റ്റ് ബംഗാൾ പോസ്റ്റിലേക്കെത്തിക്കാൻ താരത്തിന് കഴിഞ്ഞില്ല. മത്സരത്തിന്റെ നാലാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സ് മധ്യനിര താരം ജീക്സൺ സിങ്് മഞ്ഞക്കാർഡ് കണ്ടു. അഞ്ചാം മിനിട്ടിൽ മറെയ്ക്ക് വീണ്ടും ബോക്സിനകത്ത് വെച്ച് ഓപ്പൺ ചാൻസ് ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. താരത്തിന്റെ ഷോട്ട് ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ദേബ്ജിത്ത് തട്ടിയകറ്റുകയായിരുന്നു.
11-ാം മിനിട്ടിലാണ് ഈസ്റ്റ് ബംഗാളിന് ആദ്യ അവസരം ലഭിക്കുന്നത്. എന്നാൽ ടീമിന്റെ ആക്രമണം ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ വിഫലമാക്കി. പിന്നീട് ഈസ്റ്റ് ബംഗാൾ ആക്രമണം കടുപ്പിച്ചു. 33-ാം മിനിട്ടിൽ മറെയെ ഫൗൾ ചെയ്തതിന് ഈസ്റ്റ് ബംഗാൾ പ്രതിരോധതാരം മിലൻ സിങ്ങിന് റഫറി മഞ്ഞക്കാർഡ് വിധിച്ചു. ഈസ്റ്റ് ബംഗാൾ ആക്രമിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ പ്രതിരോധതാരങ്ങൾ കൃത്യമായി ബ്രൈറ്റിനെയും മഗോമയെയുമെല്ലാം മാർക്ക് ചെയ്ത് പ്രതിരോധക്കോട്ട കാത്തു.
രണ്ടാം പകുതിയിൽ കണ്ടത് ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റം. ബ്ലാസ്റ്റേഴ്സ് ബോക്സിനകത്ത് ബ്രൈറ്റ് ഭീതിയുണർത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം ഭേദിക്കാനായില്ല. 48-ാം മിനിട്ടിൽ മറെ ഉഗ്രൻ ഷോട്ടെടുത്തെങ്കിലും ഗോൾകീപ്പർ ദേബ്ജിത്ത് അത് തട്ടിയകറ്റി. 54-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ഹൂപ്പറിന് ഒരു സുവർണാവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക്.
ബ്ലാസ്റ്റേഴ്സ് 64 ആം മിനുറ്റിൽ ലക്ഷ്യം കണ്ടു. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധം ഭേദിച്ച് സൂപ്പർ താരം ജോർദാൻ മറെ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു.ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ ലോങ്പാസ് സ്വീകരിച്ച് മറെ പന്ത് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.മറെയുടെ ഈ സീസണിലെ ആറാം ഗോളാണിത്. 69 മീറ്റർ നീളമുള്ള പാസ്സാണ് ആൽബിനോ നൽകിയത്. ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലേക്ക് വലിഞ്ഞു.
പിന്നാലെ ബ്ലാസ്റ്റേഴ്സിനുവേണ്ടി യുവാൻഡെ ലോപ്പസ് അരങ്ങേറ്റം കുറിച്ചു. ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ സിഡോയ്ക്ക് പകരമാണ് താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.
കളിതീരാൻ 30 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ ഈസ്റ്റ് ബംഗാളിന്റെ മറുപടി ഗോൾ. 95-ാം മിനിട്ടിൽ സ്‌കോട്ട് നെവിൽ ബംഗാളിനെ ഒപ്പമെത്തിച്ചു. ബ്രൈറ്റ് എടുത്ത കോർണർ കിക്ക് കൃത്യമായി ഹെഡ്ഡ് ചെയ്ത് താരം പന്ത് വലയിലെത്തിച്ചു. ഗോൾ വീണതിന് പിന്നാലെ മത്സരവും സമാപിച്ചു. ഈ സമനിലയോടെ ഈസ്റ്റ് ബംഗാൾ പതിനൊന്ന് പോയിന്റോടെ ഒൻപതാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് പത്ത് പോയിന്റോടെ പത്താം സ്ഥാനത്തും തുടരുന്നു.
ശനിയാഴ്ച നടക്കുന്ന മുംബൈ സിറ്റി എഫ് സിയും ഹൈദരാബാദ് എഫ് സിയും ഏറ്റുമുട്ടും. ജയത്തോടെ ഒന്നാം സ്ഥാനത്ത് ലീഡുയർത്താൻ ലക്ഷ്യമിട്ടാണ് മുംബൈ ഇറങ്ങുക. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും മൂന്നിലും തോറ്റ ഹൈദരാബാദിന് മുംബൈയ്ക്ക് എതിരെ ജയം അനിവാര്യമാണ്. നിലവിൽ 15 പോയിന്റോടെ നാലാം സ്ഥാനത്താണ് ഹൈദരാബാദ്.
സ്പോർട്സ് ഡെസ്ക്