- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ മുംബൈയെ ഗോൾരഹിത സമനിലയിൽ കുരുക്കി ഹൈദരാബാദ്; തോൽവിയറിയാതെ പത്ത് മത്സരം പൂർത്തിയാക്കി മുംബൈ; ഞായറാഴ്ച രണ്ട് മത്സരങ്ങൾ; ജംഷേദ്പുർ നോർത്ത് ഈസ്റ്റിനെയും ഗോവ എടികെ മോഹൻബഗാനെയും നേരിടും
ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ മുംബൈ എഫ് സിയെ ഗോൾരഹിത സമനിലയിൽ തളച്ച് ഹൈദരാബാദ് എഫ് സി. സീസണിൽ തുടർച്ചയായ പത്തുമത്സരങ്ങൾ തോൽക്കാതെ പൂർത്തിയാക്കിയ മുംബൈ ഐ.എസ്.എൽ പുതിയ റെക്കോഡ് എഴുതിച്ചേർത്തു.
ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരുന്നു.
ആദ്യ പകുതിയിൽ ആവേശത്തോടെയാണ് ഇരുടീമുകളും കളിച്ചത്. ശക്തരായ രണ്ട് ടീമുകളുടെ പോരാട്ടം പൊടിപാറി. ലിസ്റ്റിനും ക്യാനിസെയും സന്റാനയുമെല്ലാം മുംബൈയുടെ പോസ്റ്റിലേക്ക് മികച്ച ഷോട്ടുകൾ ഉതിർത്തെങ്കിലും ലക്ഷ്യം കണ്ടില്ല. മുംബൈയുടെ നായകനും ഗോൾ കീപ്പറുമായ അമരീന്ദറിന്റെ തകർപ്പൻ സേവുകളാണ് ഹൈദരാബാദിന്റെ മുന്നേറ്റത്തെ ചെറുത്തത്.
കരുത്തുറ്റ പ്രതിരോധ നിരയുടെ പ്രകടനവും മുംബൈയ്ക്ക് നിർണായകമായി. മധ്യനിരയിൽ അഹമ്മദ് ജാഹുവും നന്നായി കളിച്ചു. ഷോട്ടുകൾ കൂടുതൽ പായിച്ചത് ഹൈദരാബാദ് ആയിരുന്നെങ്കിലും കൂടുതൽ സമയം പന്ത് കൈവശം വെച്ചത് മുംബൈ ആയിരുന്നു.
രണ്ടാം പകുതിയിലും സ്ഥിതി മാറിയില്ല. ഹൈദരാബാദ് ആക്രമിച്ച് കളിച്ചപ്പോൾ പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് മുംബൈ കാഴ്ചവെച്ചത്. അമരീന്ദർ സിങ് രണ്ടാം പകുതിയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ആക്രമണത്തിന് മൂർച്ച കൂട്ടാൻ മുംബൈ മുൻ ബ്ലാസ്റ്റേഴ്സ് നായകൻ ബർത്തലോമ്യു ഒഗ്ബെച്ചെയെ കൊണ്ടുവന്നു. എന്നിട്ടും ആക്രമണത്തിന്റെ മൂർച്ച കൂട്ടാൻ മുംബൈയ്ക്ക് കഴിഞ്ഞില്ല.
ഈ സമനിലയോടെ മുംബൈ 11 മത്സരങ്ങളിൽ നിന്നും 26 പോയന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. മറുവശത്ത് ഹൈദരാബാദ് ഇത്രയും മത്സരങ്ങളിൽ നിന്നും 16 പോയന്റുമായി നാലാം സ്ഥാനത്താണ്. ഹൈദരാബാദിന്റെ യുവ മിഡ്ഫീൽഡർ ഹിതേഷ് ശർമ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
ഞായറാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ജംഷേദ്പുർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും രണ്ടാം മത്സരത്തിൽ ഗോവ എടികെ മോഹൻബഗാനെയും നേരിടും. ജയിക്കാനായാൽ എടികെയെ മറികടന്ന് ഗോവയ്ക്ക് രണ്ടാം സ്ഥാനത്തേക്ക് മുന്നേറാം. സീസണിലെ നാലാം ജയമാണ് ജംഷേദ്പൂർ ലക്ഷ്യമിടുന്നത്. നോർത്ത് ഈസ്റ്റിന് ജയിക്കാനായാൽ 15 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനാകും.
സ്പോർട്സ് ഡെസ്ക്