- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എസ്.എല്ലിൽ നിർണായക ജയത്തോടെ നോർത്ത് ഈസ്റ്റ് അഞ്ചാമത്; ജംഷേദ്പുരിനെ 'ആദ്യമായി' കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗീലെ രണ്ടാംപാദ മത്സരത്തിൽ ജംഷേദ്പുർ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. നിർണായക ജയത്തോടെ നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. നോർത്ത് ഈസ്റ്റിനായി അശുതോഷ് മെഹ്തയും ഡെഷോൺ ബ്രൗണും സ്കോർ ചെയ്തപ്പോൾ ജംഷേദ്പുരിന്റെ ആശ്വാസഗോൾ നായകൻ പീറ്റർ ഹാർട്ലിയുടെ വകയായിരുന്നു. നോർത്ത് ഈസ്റ്റിന്റെ ഫെഡറിക്കോ ഗായെഗോ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി
ഐ.എസ്.എല്ലിൽ ആദ്യമായാണ് നോർത്ത് ഈസ്റ്റ് ജംഷേദ്പുരിനെ കീഴടക്കുന്നത്. ആദ്യ പാദമത്സരത്തിൽ ജംഷേദ്പുർ വിജയം നേടിയിരുന്നു. തുടർച്ചയായി മൂന്നു തോൽവികൾ നേരിട്ട ജംഷേദ്പുർ പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് വീണു.
ഇരുടീമുകൾക്കും നിർണായകമായ മത്സരത്തിൽ കരുതലോടെയാണ് കളിച്ചുതുടങ്ങിയത്. മത്സരത്തിലെ ആദ്യ അവസരം നോർത്ത് ഈസ്റ്റ് സൃഷ്ടിച്ചു. അഞ്ചാം മിനിട്ടിൽ ഗയെങ്കോയ്ക്ക് മികച്ച അവസരം സൃഷ്ടിച്ചെങ്കിലും അദ്ദേഹത്തിന്റെ ഹെഡ്ഡർ ലക്ഷ്യം തെറ്റി എട്ടാം മിനിട്ടിൽ ജംഷേദ്പുരിന്റെ ആക്രമണം നോർത്ത് ഈസ്റ്റിനെ വിറപ്പിച്ചു. അനികേത് ജാദവിന്റെ മികച്ച പാസ്സ് ചെസ്റ്റിലിറക്കി സൂപ്പർതാരം വാൽസ്കിസ് നന്നായി തന്നെ ഷൂട്ട് ചെയ്തെങ്കിലും ഗോൾകീപ്പർ ശുഭാശിഷ് തട്ടിയകറ്റി. 20-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന്റെ സില്ല മികച്ച ഒരു ഹെഡ്ഡറെടുത്തെങ്കിലും ജംഷേദ്പുരിന്റെ മലയാളി ഗോൾകീപ്പർ ടി.പി.രഹ്നേഷ് തട്ടിയകറ്റി.
32-ാം മിനിട്ടിൽ വീണ്ടും ഒരു ലോകോത്തര സേവിലൂടെ രഹ്നേഷ് ടീമിന്റെ രക്ഷകനായി. ബോക്സിനകത്തേക്ക് സുഹൈർ നൽകിയ പാസ് സ്വീകരിച്ച മഷാഡോ ഒരു കിടിലൻ ബൈസിക്കിൾ കിക്കിലൂടെ പന്ത് വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും രഹ്നേഷ് തകർപ്പൻ ഡൈവിലൂടെ സേവ് ചെയ്തു.
നിരന്തര ആക്രമണങ്ങൾക്ക് ഒടുവിൽ നോർത്ത് ഈസ്റ്റ് ആദ്യ വെടിപൊട്ടിച്ചു. 36ാം മിനിട്ടിൽ അശുതോഷ് മെഹ്തയിലൂടെ ടീം മുന്നിൽ. കോർണറിൽ നിന്നാണ് ഗോൾ പിറക്കുന്നത്. ബോക്സിനകത്തേക്ക് ഉയർന്നുവന്ന കോർണർ കിക്ക് ലക്ഷ്യമായി ഉയർന്നു പൊന്തിയ അശുതോഷ് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. താരത്തിന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്. ഗോൾ വീണതോടെ നോർത്ത് ഈസ്റ്റ് ആക്രമണം കടുപ്പിച്ചു. മുന്നേറ്റത്തിൽ സുഹൈർ-മഷാഡോ-സില്ല സഖ്യമാണ് ടീമിന് മുൻതൂക്കം നൽകിയത്.
കൂടുതൽ ആക്രമിച്ച് കളിച്ച് ഒപ്പമെത്താനാണ്് ജംഷേദ്പുർ ശ്രമിച്ചത്. പക്ഷേ നോർത്ത് ഈസ്റ്റ് പ്രതിരോധത്തിലേക്ക് വലിയാതെ ആദ്യ പകുതിയിലെ അതേ പ്രകടനം തന്നെ പുറത്തെടുത്തു.
59-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന്റെ മഷാഡോയ്ക്ക് ഒരു ഫ്രീ ഹെഡ്ഡർ ലഭിച്ചെങ്കിലും അത് പോസ്റ്റിന് പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ നോർത്ത് ഈസ്റ്റ് മത്സരത്തിലെ രണ്ടാം ഗോൾ നേടി.
സൂപ്പർ സബ്ബായി കളത്തിലെത്തിയ ഡെഷോൺ ബ്രൗണിന്റെ ഉജ്ജ്വല ഗോളിലൂടെയാണ് ജംഷേദ്പുരിനെതിരേ നോർത്ത് ഈസ്റ്റ് ലീഡുയർത്തിയത്. 61-ാം മിനിട്ടിലാണ് താരം ഗോൾ നേടിയത്.ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ബെംഗളൂരു എഫ്.സിയിൽ നിന്നും നോർത്ത് ഈസ്റ്റിലെത്തിയ ബ്രൗൺ കളത്തിലിറങ്ങാൻ ലഭിച്ച ആദ്യ അവസരത്തിൽ തന്നെ ലക്ഷ്യം കണ്ടു.
71-ാം മിനിട്ടിൽ ജംഷേദ്പുരിന്റെ വാൽസ്കിസിന് ബോക്സിനകത്ത് വെച്ച് ഓപ്പൺ ചാൻസ് ലഭിച്ചു. അദ്ദേഹം കൃത്യമായി പന്ത് വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ ശുഭാശിഷ് തട്ടിയകറ്റി.
89-ാം മിനിട്ടിൽ നായകൻ പീറ്റർ ഹാർട്ട്ലിയിലൂടെ ജംഷേദ്പുർ ആശ്വാസ ഗോൾ കണ്ടെത്തി. കോർണർ കിക്ക് ബോക്സിലേക്കുയർന്നു വന്നപ്പോൾ കൃത്യമായി ഹെഡ്ഡ് ചെയ്ത് ജംഷേദ്പുർ നായകൻ പന്ത് വലയിലെത്തിച്ചു. പിന്നാലെ ഫൈനൽ വിസിൽ.
സ്പോർട്സ് ഡെസ്ക്