ബംബോലിം: ഐ.എസ്.എല്ലിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിൽ രാഹുൽ കെ.പിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോൾ നേടിയത്. തുടർച്ചയായ ആറാം മത്സരത്തിലാണ് ബെംഗളൂരുവിന് ജയമില്ലാതെ മടങ്ങുന്നത്. അതിൽ അഞ്ചിലും തോൽവിയായിരുന്നു ഫലം.

24-ാം മിനിറ്റിൽ ക്ലെയ്റ്റൻ സിൽവയിലൂടെ ബെംഗളൂരു ലീഡെടുത്തു. ബോക്സിലേക്ക് വന്ന രാഹുൽ ബേക്കെയുടെ ത്രോയിൽ നിന്നാണ് ഗോളിലേക്ക് വഴിതുറന്നത്. പന്ത് ക്ലിയർ ചെയ്യാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് സാധിക്കാതെ വന്നതോടെ ബോക്സിൽ കുത്തി ഉയർന്ന പന്ത് ക്ലെയ്റ്റൻ സിൽവയുടെ മുന്നിലെക്ക്. ഒരു വശത്തേക്ക് ചെരിഞ്ഞ് സിൽവയുടെ തകർപ്പൻ വോളി വല കുലുക്കി.

ആദ്യ പകുതി അവസാനിക്കുതിന് തൊട്ടു മുമ്പ് ഛേത്രിയുടെ ഗോളെന്നുറച്ച ഫ്രീ കിക്ക് രക്ഷപ്പെടുത്തി ആൽബിനോ ഗോമസ് കേരളത്തിന്റെ രക്ഷകരായി.

ബ്ലാസ്റ്റേഴ്‌സ് സമനില ഗോളിനായി പോരാട്ടം കടുപ്പിച്ചതോടെ 73-ാം മിനിറ്റിൽ ലാൽതംഗയുടെ വക ഗോൾ. വിവാദമായേക്കാവുന്ന ഒരു ഗോളായിരുന്നു ഇത്. ഗാരി ഹൂപ്പറിന്റെ ഷോട്ട് മുഖത്തിടിച്ച ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് വീണുകിടക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്സ് വലചലിപ്പിച്ചത്. ഗുർപ്രീതിന്റെ മുഖത്ത് തട്ടിത്തെറിച്ച പന്ത് ബ്ലാസ്റ്റേഴ്സ് താരം ക്രോസ് ചെയ്തത് ലാൽതംഗ ഖ്വാൽറിങ്ങിന്റെ മുന്നിലേക്ക്. താരത്തിന്റെ ഷോട്ട് ലക്ഷ്യം തെറ്റാതെ വലയിൽ.

ഇൻജുറി ടൈമിൽ ഗോളുറച്ച രണ്ട് അവസരങ്ങൾ ബെംഗളൂരു നഷ്ടപ്പെടുത്തിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ പിറന്നു. ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലെ ബെംഗളൂരുവിന്റെ ആക്രമണത്തിനൊടുവിൽ പന്ത് ലഭിച്ച രാഹുൽ ഒറ്റയ്ക്ക് മുന്നേറി ഗുർപ്രീതിന് യാതൊരു അവസരവും നൽകാതെ പന്ത് വലയിലെത്തിച്ചു. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ എടികെ മോഹൻബഗാൻ ചെന്നൈയിൻ എഫ്‌സിയെ നേരിടും.