- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻജുറി ടൈമിൽ വീണ്ടും വിജയഗോൾ; ഐഎസ്എല്ലിൽ ചെന്നൈയിനെ കീഴടക്കി മോഹൻ ബഗാൻ; പകരക്കാരനായിറങ്ങി ടീമിന് ജയമൊരുക്കിയ ഡേവിഡ് വില്യംസ് കളിയിലെ താരം
ഫത്തോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്.സിക്കെതിരേ എ.ടി.കെ മോഹൻ ബഗാന് വിജയം. പകരക്കാരനായി വന്ന ഡേവിഡ് വില്യംസൻ ഇൻജുറി ടൈമിൽ നേടിയ തകർപ്പൻ ഗോളിലാണ് മോഹൻ ബഗാൻ വിജയതീരത്തെത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈയിനെ കീഴടക്കിയത്. വില്യംസ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
ഈ വിജയത്തോടെ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മോഹൻബഗാൻ ഒന്നാം സ്ഥാനത്തുള്ള മുംബൈയുമായുള്ള അകലം വെറും രണ്ട് പോയന്റാക്കി കുറച്ചു. ചെന്നൈയിൻ ആറാം സ്ഥാനത്ത് തുടരുകയാണ്.
മത്സരം തുടങ്ങി രണ്ടാം മിനിട്ടിൽ ചെന്നൈയിൻ മുന്നേറ്റം ഗോളിലെത്തുമെന്ന് പ്രതീക്ഷിച്ചു. ടീമിന് അനുകൂലമായി ഫ്രീകിക്ക്. എന്നാൽ മെമോയെടുത്ത കിക്ക് മോഹൻ ബഗാന്റെ പ്രതിരോധ മതിലിൽ തട്ടിത്തെറിച്ചു.
17-ാം മിനിട്ടിൽ മോഹൻ ബഗാന്റെ മൻവീർ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഫിനിഷിംഗിൽ പിഴച്ചു. 21-ാം മിനിട്ടിൽ വീണ്ടും മോഹൻ ബഗാൻ ചെന്നൈയിൻ ബോക്സിലേക്ക് ഇരച്ചുകയറി. എഡു ഗാർസിയയുടെ ഒരു മികച്ച ഷോട്ട് ഗോൾകീപ്പർ വിശാൽ തട്ടിയകറ്റി. 38-ാം മിനിട്ടിൽ മോഹൻ ബഗാന്റെ നായകൻ റോയ് കൃഷ്ണയ്ക്ക് ചെന്നൈ ബോക്സിനകത്ത് മികച്ച ഹെഡ്ഡർ അവസരം ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ചെന്നൈയിന്റെ പ്രത്യാക്രമണങ്ങൾ. ബോക്സിനത്തുവെച്ച് ഒരു കൂട്ടപ്പൊരിച്ചിൽ നടത്തിയെങ്കിലും ടീമിന് ഗോൾ നേടാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ മോഹൻ ബഗാൻ കൂടുതൽ പ്രതിരോധിച്ചാണ് കളിച്ചത്.
70 മിനിട്ടുകൾക്ക് ശേഷം മോഹൻബഗാനും ആക്രമണം കടുപ്പിച്ചു. ഡേവിഡ് വില്യംസിനെയും റെജിനെയുമെല്ലാം രണ്ടാം പകുതിയിൽ ഇറക്കി. 74-ാം മിനിട്ടിൽ മോഹൻ ബഗാന് ഒരു മികച്ച ഫ്രീകിക്ക് അവസരം. കിക്കെടുത്ത ഹെർണാണ്ടസ് വലയിലേക്ക് തൊടുത്തെങ്കിലും ഒരു സൂപ്പർമാൻ സേവിലൂടെ ചെന്നൈ ഗോൾകീപ്പർ വിശാൽ പന്ത് തട്ടിയകറ്റി. പോസ്റ്റിന്റെ വലതുമൂലയിലേക്ക് തുളച്ചുകയറേണ്ടിയിരുന്ന കിക്കാണ് താരം ഉയർന്ന് പറന്ന് തട്ടിയകറ്റിയത്.
ഡേവിഡ് വില്യംസിനെ പകരക്കാരനായി കൊണ്ടുവന്ന കോച്ച് ഹെബാസിന്റെ തന്ത്രം ഒടുവിൽ ഫലം കണ്ടു. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഡേവിഡ് വില്യംസ് മോഹൻ ബഗാനായി വിജയഗോൾ നേടി.
കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. ഇൻജുറി ടൈമിന്റെ ആദ്യ മിനിട്ടിൽ ഹെർണാണ്ടസ് എടുത്ത കോർണർ കിക്ക് ചെന്നൈയിൻ ബോക്സിലേക്ക് താണിറങ്ങി. ഡേവിഡ് വില്യംസിന്റെ ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക്.
കളിയവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ ചെന്നൈയുടെ സിപോവിച്ച് ഗോൾകീപ്പറില്ലാത്ത മോഹൻ ബഗാൻ ബോക്സിലേക്ക് നല്ലൊരു ഹെഡ്ഡർ പായിച്ചെങ്കിലും ഗോൾലൈനിൽ വെച്ച് അത് രക്ഷിച്ചെടുത്ത് പ്രതിരോധതാരം ടിറി മത്സരം സമനിലയ്ക്ക് വഴിമാറാതെ ടീമിന്റെ രക്ഷകനായി. ഐഎസ്എല്ലിൽ വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി ഈസ്റ്റ് ബംഗാളിനെ നേരിടും.
സ്പോർട്സ് ഡെസ്ക്