ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ എഫ്.സി ഗോവയെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചു. ഗോവയ്ക്കായി ഓർഗെ ഓർട്ടിസും ബ്ലാസ്റ്റേഴ്സിനായി കെ.പി.രാഹുലുമാണ് ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം സന്ദീപ് സിങ് ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.

കഴിഞ്ഞ നാലുമത്സരങ്ങളിൽ തോൽക്കാതെ മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് ഗോവയ്‌ക്കെതിരായ സമനിലയോടെ പോയന്റ് പട്ടികയിൽ എഴാം സ്ഥാനത്തേക്ക് മുന്നേറി. 13 മത്സരങ്ങളിൽ നിന്നും 20 പോയിന്റുമായി ഗോവ മൂന്നാം സ്ഥാനത്തുതന്നെ തുടരുകയാണ്. ഗോവ തുടർച്ചയായി ആറുമത്സരത്തിലാണ് തോൽവിയറിയാതെ മുന്നേറുന്നത്.

65-ാം മിനിട്ടിൽ ഗോവ പത്തുപേരായി ചുരുങ്ങിയിട്ടുപോലും ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായില്ല. മികച്ച പ്രതിരോധം പുറത്തെടുത്ത ഗോവ ബ്ലാസ്റ്റേഴ്സിനെ നന്നായി തന്നെ നേരിട്ടു.

നാലാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സ്് മത്സരത്തിലെ ആദ്യ ഗോളവസരം സൃഷ്ടിച്ചു. ഗോവൻ ഗോൾകീപ്പർ നവീൻ കുമാറും പ്രതിരോധതാരം ഡൊണാച്ചിയും തമ്മിലുണ്ടായ ചെറിയൊരു പിഴവിൽ നിന്നും ബ്ലാസ്റ്റേഴ്സ് മുന്നേറ്റതാരം ഹൂപ്പറിന് ഒരു ഓപ്പൺ ചാൻസ് ലഭിച്ചു. എന്നാൽ പന്ത് വലയിലെത്തിക്കാൻ താരത്തിന് കഴിഞ്ഞില്ല.

തൊട്ടുപിന്നാലെ കൗണ്ടർ അറ്റാക്കിലൂടെ ഗോവയുടെ ഓർഗെ ഓർട്ടിസ് ഒരു മികച്ച ഷോട്ടുതിർത്തെങ്കിലും പന്ത് ബ്ലാസ്റ്റേഴ്സ് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ബ്ലാസ്റ്റേഴ്സ് നിരയിൽ മറെയുടെ വിടവ് ഇന്നത്തെ മത്സരത്തിൽ പ്രകടമായിരുന്നു. ഹൂപ്പറിന് ആദ്യ പകുതിയിൽ വേണ്ടത്ര മികവ് തെളിയിക്കാനും സാധിച്ചില്ല.

21-ാം മിനിട്ടിൽ സെന്റർ ബാക്ക് ജെയിംസ് ഡോണച്ചി പരിക്കേറ്റ് പുറത്തായതോടെ ഗോവയുടെ പ്രതിരോധത്തിന് വിള്ളൽ വന്നു. പക്ഷേ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് 25-ാം മിനിട്ടിൽ ഗോവ ഗോൾ നേടി മത്സരത്തിൽ നിർണായക ലീഡെടുത്തു.

സൂപ്പർ താരം ഓർഗെ ഓർട്ടിസ് നേടിയ ഗോളിലൂടെയാണ് ഗോവ മുന്നിലെത്തിയത്. തകർപ്പൻ ഫ്രീകിക്കിലൂടെയാണ് ഗോൾ പിറന്നത്. ഓർട്ടിസിനെ ബ്ലാസ്റ്റേഴ്സ് താരം ജീക്സൺ സിങ് ഫൗൾ ചെയ്തതിന്റെ ഫലമായി ലഭിച്ച ഫ്രീക്വിക്ക് ഗ്രൗണ്ടിന്റെ ഇടതുഭാഗത്തുനിന്നും ഓർട്ടിസ് വലയിലെത്തിച്ചു. താരത്തിന്റെ മഴവിൽ ഫ്രീകിക്ക് ഉയർന്നുപൊന്തി ബ്ലാസ്റ്റേഴ്സ് വലയിലേക്ക് പറന്നിറങ്ങി. ഈ സീസണിൽ ഓർട്ടിസ് നേടുന്ന അഞ്ചാം ഗോളാണിത്. സ്ഥാനം തെറ്റി നിന്ന ഗോൾകീപ്പർ ആൽബിനോ ഗോമസിന്റെ പിഴവും ഗോളിന് കാരണമായി.

40-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ബക്കാരി കോനെ ഗോൾ നേടിയെങ്കിലും റഫറി ഹാൻഡ് ബോൾ വിളിച്ച് അത് അസാധുവാക്കി.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ച് കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് കണ്ടത്. അതിനുള്ള ഫലവും ടീമിന് ലഭിച്ചു. 57-ാം മിനിട്ടിൽ മഞ്ഞപ്പട സമനില ഗോൾ കണ്ടെത്തി. ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം കെ.പി.രാഹുലാണ് ടീമിനായി ഗോൾ നേടിയത്. തുടർച്ചയായി രണ്ടാം മത്സരത്തിലും ഗോൾ നേടി രാഹുൽ ടീമിന്റെ രക്ഷകനായി.

കോർണറിൽ നിന്നാണ് ഗോൾ പിറന്നത്. ഫക്കുണ്ടോ പെരേര എടുത്ത അതിമനോഹരമായ കോർണർ കിക്ക് ഗോവൻ ബോക്സിനകത്തേക്ക് ഉയർന്നുപൊങ്ങി. പന്ത് ലക്ഷ്യമാക്കി ഗോവൻ പ്രതിരോധതാരങ്ങളെ മറികടന്ന് വായുവിലേക്ക് ഉയർന്നുപൊന്തിയ രാഹുൽ ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ ഗോവൻ വല ചലിപ്പിച്ചു.

65-ാം മിനിട്ടിൽ ഗോവയുടെ പ്രതിരോധതാരം ഐവാൻ ഗോൺസാലസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഗോവ പത്തുപേരായി ചുരുങ്ങി. എന്നിട്ടും ആ അവസരം കൃത്യമായി മുതലാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല.

85-ാം മിനിട്ടിൽ ഹൂപ്പറിന് ഓപ്പൺ ബോക്സിലേക്ക് ഒരു സുവർണാവസരം ലഭിച്ചു. എന്നിട്ടും അത് കൃത്യമായി ഗോളാക്കി മാറ്റാതെ അദ്ദേഹം പാസ് നൽകി അവസരം നശിച്ചിപ്പു. ഉറപ്പായും ഗോൾ നേടേണ്ട അവസരമാണ് നഷ്ടമാക്കിയത്. ഞായറാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ജംഷേദ്പൂർ ഹൈദരാബാദിനെയും ബെംഗളുരു ഒഡീഷയേയും നേരിടും.