- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ വീണ്ടും ഗോൾരഹിത സമനില; ഹൈദരാബാദിന് തിരിച്ചടിയായത് ഫിനിഷിങ്ങിലെ പിഴവ്;ജംഷേദ്പൂരിന്റെ രക്ഷകനായി മലയാളി ഗോൾകീപ്പർ ടി.പി രഹനേഷ്
മുർഗാവ്: ഐ.എസ്.എല്ലിൽ വീണ്ടും വിരസമായ ഗോൾരഹിത സമനില. ഞായറാഴ്ച നടന്ന ജംഷേദ്പുർ എഫ്.സി - ഹൈദരാബാദ് എഫ്.സി മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവാണ് ഹൈദരാബാദിന് തിരിച്ചടിയായത്.
തുടക്കം മുതൽ പന്തടക്കത്തിലും മുന്നേറ്റത്തിലും ആധിപത്യം പുലർത്തിയ ഹൈദരാബാദിന് മുന്നിൽ വന്മതിൽ തീർത്ത മലയാളി ഗോൾകീപ്പർ ടി.പി രഹനേഷാണ് ജംഷേദ്പുരിന്റെ രക്ഷകനായത്.
ഒമ്പതാം മിനിറ്റിൽ തന്നെ ജോയൽ കിയാനെസിന്റെ ഗോളെന്നുറച്ച ഷോട്ട് രഹനേഷ് രക്ഷപ്പെടുത്തി. പിന്നാലെ 21-ാം മിനിറ്റിൽ ഹാളിചരൺ നർസാരിയുടെ ഷോട്ടും രഹനേഷ് രക്ഷപ്പെടുത്തി. നർസാരിയുടെ ഷോട്ട് രഹനേഷിന്റെ കൈയിൽ തട്ടി പോസ്റ്റിലിടിച്ചാണ് മടങ്ങിയത്.
ആദ്യ പകുതിയിൽ രണ്ടു തവണ ടീമിനെ മുന്നിലെത്തിക്കാൻ ലഭിച്ച അവസരം ജോയൽ കിയാനെസിന് മുതലാക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ ഹൈദരാബാദ് ലിസ്റ്റൻ കൊളാസോയെ കളത്തിലിറക്കിയെങ്കിലും മത്സരത്തിന്റെ ഗതി മാറിയില്ല. മത്സരം അവസാനിക്കാൻ 10 മിനിറ്റ് ബാക്കിനിൽക്കേ ഇരു ടീമുകളും മികച്ച ആക്രമണങ്ങൾ നടത്തിയെങ്കിലും വിരസമായ സമനിലയിലേക്ക് മത്സരം വഴിമാറി.
പോരാട്ടം സമനിലയിൽ കലാശിച്ചതോടെ 13 മത്സരങ്ങളിൽ നിന്നും 18 പോയിന്റോടെ ഹൈദരാബാദ് നാലാം സ്ഥാനത്ത് തുടരുകയാണ്. 14 പോയിന്റുള്ള ജംഷേദ്പുർ ഏഴാം സ്ഥാനത്താണ്.
സ്പോർട്സ് ഡെസ്ക്