- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫൈനൽ വിസിൽ വരെ ആവേശപ്പോര്; ഐഎസ്എല്ലിൽ ബെംഗളൂരു ഒഡിഷ മത്സരം സമനിലയിൽ; എട്ടാം മിനുറ്റിൽ വഴങ്ങിയ ഗോളിന് ബെംഗളുരുവിന്റെ മറുപടി എൺപത്തിരണ്ടാം മിനുറ്റിൽ; തിങ്കളാഴ്ച മുംബൈ സിറ്റി ചെന്നൈയിൻ പോരാട്ടം
ഫത്തോർഡ: ഐഎസ്എല്ലിൽ ബെംഗളൂരു - ഒഡിഷ മത്സരം സമനിലയിൽ. എട്ടാം മിനിറ്റിൽ ഡിയഗോ മൗറീസിയോയിലൂടെ മുന്നിലെത്തിയ ഒഡീഷയ്‌ക്കെതിരെ 82-ാം മിനിറ്റിൽ എറിക് പാർത്താലു നേടിയ ഗോളിലൂടെയാണ് ബെംഗളുരു സമനില പിടിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മികച്ച മുന്നേറ്റങ്ങൾ നടത്തിയ ബെംഗളൂരുവിനെ എട്ടാം മിനിറ്റിൽ ഒഡിഷ ഞെട്ടിച്ചു. ഫ്രീ കിക്കിൽ നിന്നായിരുന്നു ഒഡിഷയുടെ ഗോളിന്റെ പിറവി. ജെറിയുടെ പാസ് സ്വീകരിച്ച് മുന്നേറിയ മാനുവൽ ഒൻവുവിന്റെ ക്രോസ് ഡിയഗോ മൗറീസിയോ വലയിലെത്തിച്ചു.
ഗോൾ വഴങ്ങിയതോടെ ബെംഗളൂരു അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് തിരിച്ചടിയായി. ഒഡിഷ ഗോൾകീപ്പർ ആർഷ്ദീപ് സിങ്ങിന്റെ മികവും ആദ്യ പകുതിയിൽ നിർണായകമായി. 38-ാം മിനിറ്റിൽ എറിക് പാർത്താലുവിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി ആർഷ്ദീപ് 41-ാം മിനിറ്റിൽ വീണ്ടും തകർപ്പൻ സേവുമായി ഒഡിഷയുടെ രക്ഷകനായി. കോർണറിൽ നിന്നുള്ള രാഹുൽ ബേക്കെയുടെ ഹെഡർ താരം രക്ഷപ്പെടുത്തുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒഡിഷയുടെ ആക്രമണങ്ങൾ. ബെംഗളൂരു മികച്ച ആക്രമണങ്ങളോടെ തിരിച്ചടിച്ചു.എന്നാൽ നിരവധി തവണ ആർഷ്ദീപ് ഒഡിഷയുടെ രക്ഷയ്ക്കെത്തി. 48, 52, 75 മിനിറ്റുകളിൽ ആർഷ്ദീപിന്റെ മികച്ച സേവുകൾ കണ്ടു.
82-ാം മിനിറ്റിൽ ബെംഗളുരു ഗോൾ മടക്കി. ക്ലെയ്റ്റൺ സിൽവയുടെ കോർണറിൽ തലവെച്ച എറിക് പാർത്താലു ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. അവസാന 10 മിനിറ്റ് ഇരു ടീമുകളും ജയത്തിനായി പൊരുതിയതോടെ മത്സരം കൂടുതൽ ആവേശകരമായി. ബെംഗളൂരുവിന്റെ നാലിലേറെ അവസരങ്ങൾ നിർഭാഗ്യം കൊണ്ട് ലക്ഷ്യത്തിലെത്താതെ പോയി. 90-ാം മിനിറ്റിൽ ജെറിയുടെ ഷോട്ട് രക്ഷപ്പെടുത്തിയ ഗുർപ്രീത് ബെംഗളൂരുവിനെ സമനിലയിൽ പിടിച്ചുനിർത്തി. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ് സി ചെന്നൈയിനെ നേരിടും.
സ്പോർട്സ് ഡെസ്ക്