മുർഗാവ്: ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഹൈദരാബാദ് എഫ്.സി. തുടർച്ചയായ നാലു സമനിലകൾക്ക് ശേഷം ഒരു ജയം സ്വന്തമാക്കാൻ ഹൈദരാബാദിനായി. ഫ്രാൻ സന്റാസ, ജോയൽ കിയാനിസി എന്നിവരാണ് ഹൈദരാബാദിനായി സ്‌കോർ ചെയ്തത്. 15 മത്സരങ്ങളിൽ നിന്ന് 22 പോയന്റുമായി ഹൈദരാബാദ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു.

28-ാം മിനിറ്റിൽ ഫ്രാൻ സന്റാസയാണ് ഹൈദരാബാദിനായി ആദ്യം സ്‌കോർ ചെയ്തത്. ജാവോ വിക്ടറിന്റെ പാസിൽ നിന്നായിരുന്നു സന്റാസയുടെ ഗോൾ. വിക്ടറിന്റെ ത്രൂ ബോൾ സ്വീകരിച്ച് ബോക്സിലേക്ക് കുതിച്ച സന്റായ ചെന്നൈയിൻ ഡിഫൻഡർമാരെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്താൻ ഹൈദരാബാദിനായി. യാസിർ, ആകാശ് മിശ്ര, ലിസ്റ്റൻ കൊളാസോ എന്നിവരുടെ ചടുലമായ നീക്കങ്ങൾ ചെന്നൈയിൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. മത്സരത്തിലുടനീളം നിർഭാഗ്യം ചെന്നൈയിനെ വേട്ടയാടി. ഗോളെന്നുറച്ച നാലോളം അവസരങ്ങളാണ് ചെന്നൈ താരങ്ങൾ കളഞ്ഞുകുളിച്ചത്. 47-ാം മിനിറ്റിൽ എലി സാബിയയുടെ ഷോട്ട് ബാറിലിടിച്ച് മടങ്ങി. 67-ാം മിനിറ്റിൽ ഫത്ത്ഖുലോയുടെ ഗോളെന്നുറച്ച ഷോട്ടും ക്രോസ് ബാറിലിടിച്ച് മടങ്ങി.

74-ാം മിനിറ്റിൽ ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിക്കാൻ എഡ്വിനും സാധിച്ചില്ല. 79-ാം മിനിറ്റിലാണ് ചെന്നൈയിന് ലഭിച്ച മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. ചാങ്തെ നൽകിയ ക്രോസിൽ ചുമ്മാ കാലുവെയ്ക്കേണ്ട കാര്യമേ റഹീം അലിക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷേ അലിയുടെ കാലിൽ തട്ടി പന്ത് പുറത്തേക്കാണ് പോയത്.

ചെന്നൈയിൻ തുടർച്ചയായി അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനിടെ 83-ാം മിനിറ്റിൽ ഹൈദരാബാദിന്റെ രണ്ടാം ഗോളെത്തി. ജാവോ വിക്ടറിന്റെ ത്രൂ പാസിൽ നിന്നും ജോയൽ കിയാനിസി ഹൈദരാബാദിന്റെ ഗോൾപട്ടിക പൂർത്തിയാക്കി.