പനജി: ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മത്സരത്തിൽ എടികെ മോഹൻ ബഗാനോടു തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഒരു ഘട്ടത്തിൽ രണ്ടു ഗോളിന് മുന്നിൽ നിന്ന ബ്ലാസ്റ്റേഴ്സിനെ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് എ.ടി.കെ തകർത്തത്. ബ്ലാസ്റ്റേഴ്‌സിനായി ഗാരിഹൂപ്പർ (14), കോസ്റ്റ (51) എന്നിവർ ഗോൾ നേടിയപ്പോൾ ബഗാനുവേണ്ടി മാഴ്‌സെലീഞ്ഞോ (59), റോയ് കൃഷ്ണ (65, 87) എന്നിവർ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിലെ തർക്കങ്ങളുടെ പേരിൽ ഇരു ഭാഗത്തുനിന്നും നാലു വീതം താരങ്ങൾക്ക് യെല്ലോ കാർഡ് ലഭിച്ചു.

14-ാം മിനിറ്റിൽ കിടിലനൊരു ലോങ് റേഞ്ചറിലൂടെ ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്സിനായി സ്‌കോർ ചെയ്തത്. മൈതാനത്തിന്റെ മധ്യ ഭാഗത്തു നിന്ന് സന്ദീപ് സിങ് നൽകിയ പാസ് സ്വീകരിച്ച ഹൂപ്പർ, എ.ടി.കെ ഗോൾ കീപ്പർ സ്ഥാനം തെറ്റി നിന്നത് മുതലെടുത്ത് തൊടുത്ത ലോങ് റേഞ്ചർ.ഗോളി അരിന്ദം ബട്ടാചാര്യയെയും മറികടന്ന് പന്ത് വലകുലുക്കി.

30-ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ഷോട്ട് ആൽബിനോ രക്ഷപ്പെടുത്തി. കൗണ്ടർ അറ്റാക്കിൽ മറെയുടെ ഷോട്ട് അരിന്ദം ഭട്ടാചാര്യയും രക്ഷപ്പെടുത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യം. വീണുകിട്ടിയൊരു കോർണറിൽനിന്നാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോൾ നേടിയത്. 51-ാം മിനിറ്റിൽ സഹൽ എടുത്തു നൽകിയ കോർണർ കിക്കിൽ ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ കോസ്റ്റ ഗോൾ നേടുകയായിരുന്നു.

രണ്ടു ഗോളിന് പിന്നിൽ പോയെങ്കിലും എ.ടി.കെ നിരാശരായില്ല. പ്രസ്സിങ് ഗെയിമിലൂടെ അവർ അവസരങ്ങൾ ഉണ്ടാക്കി. 59-ാം മിനിറ്റിൽ അതിന് ആദ്യ ഫലം ലഭിച്ചു. മൻവീർ സിങ് ചിപ് ചെയ്ത് നൽകിയ പന്ത് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ നിഷ്പ്രഭരാക്കി മാഴ്സലീന്യോ വലയിലെത്തിച്ചു. ജീക്‌സൻ സിങ് ഓടിയെത്തിയെങ്കിലും പന്ത് തടുത്തിടാൻ സാധിച്ചില്ല.



ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പാളിച്ചയിലാണ് ബഗാന്റെ സമനില ഗോൾ പിറന്നത്.63-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസ്സൽ കാർനെയ്റോയുടെ കൈയിൽ പന്ത് തട്ടിയതിന് എ.ടി.കെയ്ക്ക് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചു. കിക്കെടുത്ത റോയ് കൃഷ്ണ 65-ാം മിനിറ്റിൽ എടികെയെ ഒപ്പമെത്തിച്ചു.സ്‌കോർ 2-2.

രണ്ടാം ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രതിരോധത്തിലായി. തുടർച്ചയായി ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് എടികെയുടെ ആക്രമണങ്ങൾ. എ.ടി.കെ ആക്രമണങ്ങൾ തുടർന്നു. 87-ാം മിനിറ്റിൽ ഹൈ ബോൾ ക്ലിയർ ചെയ്യുന്നതിൽ സന്ദീപ് സിങ്ങിന് സംഭവിച്ച പിഴവാണ് എ.ടി.കെയുടെ മൂന്നാം ഗോളിന് വഴിവച്ചത്.പന്ത് റാഞ്ചിയ കൃഷ്ണ പന്ത് വലയിലെത്തിച്ചു.സ്‌കോർ 3-2.

90-ാം മിനിറ്റിൽ റോയ് കൃഷ്ണയെ കോസ്റ്റ ഫൗൾ ചെയ്തതോടെ സ്റ്റേഡിയം കയ്യാങ്കളിക്കും സാക്ഷിയായി. റഫറിയുടെ തീരുമാനം ചോദ്യം ചെയ്ത കോസ്റ്റ അദ്ദേഹത്തിനു മുമ്പിൽ മുഖാമുഖം നിലയുറപ്പിച്ചു. ഇതോടെ ഇരു ടീമിലെയും താരങ്ങൾ ഉന്തും തള്ളുമായി. ഹൂപ്പർ, രാഹുൽ, പ്രണോയ് ഹാൾദർ, റോയ് കൃഷ്ണ, പ്രീതം കോട്ടാൽ എന്നിവർക്ക് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു. ജയത്തോടെ 14 മത്സരങ്ങളിൽ നിന്നും 27 പോയിന്റുമായി എടികെ രണ്ടാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ നിന്നും 15 പോയിന്റുമാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്തും. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ ജംഷേദ്പുർ ഒഡീഷയെ നേരിടും.