വാസ്‌കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി ബെംഗളൂരു എഫ്.സി പ്ലേ ഓഫ് സാധ്യത നിലനിർത്തി. രണ്ടുഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. ഈ വിജയത്തോടെ പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയരാൻ ബെംഗളൂരുവിന് സാധിച്ചു.

ബെംഗളൂരുവിനായി ക്ലെയ്റ്റൺ സിൽവ ഗോൾ നേടിയപ്പോൾ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ദേബ്ജിത്ത് മജുംദാർ വഴങ്ങിയ സെൽഫ് ഗോൾ ടീമിന് രണ്ടാം ഗോൾ സമ്മാനിച്ചു. ബെംഗളൂരുവിന്റെ നായകൻ സുനിൽ ഛേത്രി മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി. ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്ത് തന്നെ തുടരുകയാണ്

ആദ്യപകുതിയിൽ തകർപ്പൻ പ്രകടനമാണ് ബെംഗളൂരു കാഴ്ചവെച്ചത്. തുടർത്തോൽവികളിൽ മനം മടുത്ത ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് സുനിൽ ഛേത്രിയും സംഘവും ഇന്ന് പുറത്തെടുത്തത്.

11-ാം മിനിട്ടിൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. ബെംഗളൂരുവിനായി ക്ലെയ്റ്റൺ സിൽവ ഗോൾ നേടി. ഫ്രീകിക്കിൽ നിന്നാണ് ഗോൾ പിറന്നത്. ബോക്സിനകത്തുവെച്ച് ഫ്രീകിക്ക് പിടിച്ചെടുത്ത ഛേത്രി പ്രതിരോധതാരം സ്‌കോട്ട് നെവിലിനെ കബിളിപ്പിച്ച് പന്ത് ക്ലെയിറ്റണ് ഹെഡ് ചെയ്ത് നൽകി. പന്ത് സ്വീകരിച്ച ക്ലെയ്റ്റൺ മനോഹരമായ ഒരു ഫസ്റ്റ് ടച്ചിലൂടെ പന്ത് വലയിലെത്തിച്ചു. താരത്തിന്റെ ഇടംകാലുകൊണ്ടുള്ള ഷോട്ട് ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ദേബ്ജിത്ത് മജുംദാറിനെ കീഴടക്കി വലയിലെത്തി.

ആദ്യ പകുതിയുടെ 45-ാം മിനിട്ടിൽ ടീം രണ്ടാം ഗോൾ നേടി. ഇത്തവണ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ദേബ്ജിത്ത് വഴങ്ങിയ സെൽഫ് ഗോളിന്റെ ബലത്തിലാണ് ബെംഗളൂരു ലീഡ് രണ്ടാക്കിയത്. 41-ാം മിനിട്ടിൽ പകരക്കാരനായി ബെംഗളൂരുവിന് വേണ്ടി ഇറങ്ങിയ പരാഗ് ശ്രീവാസ് ഒരു കിടിലൻ ഷോട്ട് പോസ്റ്റിലേക്കടിച്ചു. എന്നാൽ പന്ത് പോസ്റ്റിലിടിച്ചു. പക്ഷേ ആ ഷോട്ടിന്റെ ഗതി അവിടംകൊണ്ട് തീർന്നില്ല. പോസ്റ്റിലിടിച്ച് തെറിച്ച പന്ത് നേരെവന്ന് ദേബ്ജിത്തിന്റെ ദേഹത്ത് തട്ടി വലയിലേക്ക് വീണു. ഇതോടെ ഈസ്റ്റ് ബംഗാൾ തകർന്നു.

രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ കൂടുതൽ ആക്രമിച്ച് കളിച്ചപ്പോൾ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് ബെംഗളൂരു കളിച്ചത്. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയെ നേരിടും