ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഒരു ഗോളിന് മുന്നിൽ നിന്ന ശേഷം രണ്ടു ഗോൾ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി വഴങ്ങിയത്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏതാണ്ട് പൂർണമായും അവസാനിച്ചു.

ആദ്യ പകുതിയിൽ 27-ാം മിനിറ്റിൽ സഹൽ അബ്ദുൾ സമദിന്റെ കിറുകൃത്യമായ കോർണറിൽ നിന്ന് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഹെഡറിലൂടെ വിസന്റെ ഗോമസ് പന്ത് വലയിലെത്തിക്കുകയായിരുന്നു.

26-ാം മിനിറ്റിൽ ജോർദാൻ മറെയുടെ കിടിലനൊരു ഷോട്ട് മുംബൈ ഗോൾകീപ്പർ അമരീന്ദർ സിങ് കോർണർ വഴങ്ങി രക്ഷപ്പെടുത്തിയതിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. 29-ാം മിനിറ്റിൽ ഒരു ഗോൾ കൂടി സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചേനേ. പക്ഷേ മറെയുടെ ഷോട്ട് അമരീന്ദറിന്റെ കൈയിലിടിച്ച് പോസ്റ്റിൽ തട്ടി മടങ്ങി.

രണ്ടാം പകുതി ആരംഭിച്ച് വെറും 25 സെക്കൻഡുകൾക്കുള്ളിൽ തന്നെ മുംബൈ സമനില ഗോൾ കണ്ടെത്തി. ബിപിൻ സിങ്ങാണ് മുംബൈയുടെ ആദ്യ ഗോൾ നേടിയത്.

65-ാം മിനിറ്റിൽ ലെ ഫോൺഡ്രെയെ കോസ്റ്റ ബോക്സിൽ വീഴ്‌ത്തിയതിന് മുംബൈക്ക് അനുകൂലമായ പെനാൽറ്റി. കിക്കെടുത്ത ലെ ഫോൺഡ്രെ ഗോൾകീപ്പർ ആൽബിനോയെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു.

ഗോൾകീപ്പർ അമരീന്ദറിന്റെ മികച്ച പ്രകടനവും മുംബൈക്ക് തുണയായി. ബ്ലാസ്റ്റേഴ്സിന്റെ ഗോളെന്നുറച്ച ഏഴോളം അവസരങ്ങളാണ് അമരീന്ദർ രക്ഷപ്പെടുത്തിയത്. അമരീന്ദർ തന്നെയാണ് ഹീറോ ഓഫ് ദ മാച്ച്.