- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ എഫ്.സി ഗോവയ്ക്ക് വീണ്ടും സമനിലക്കുരുക്ക്; രണ്ട് പെനാൽറ്റി ഗോളുകളുമായി തുല്യത പാലിച്ച് നോർത്ത് ഈസ്റ്റ്; 22 പോയിന്റുമായി പ്ലേ ഓഫ് സാധ്യത നിലനിർത്തി
മുർഗാവ്: ഐ.എസ്.എല്ലിൽ എഫ്.സി ഗോവയ്ക്ക് വീണ്ടും സമനിലക്കുരുക്ക്. വ്യാഴാഴ്ച നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി ഗോവയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി. ഗോവയുടെ തുടർച്ചയായ നാലാം സമനിലയാണിത്.
21-ാം മിനിറ്റിൽ അലക്സാണ്ടർ റൊമാരിയോ ജെസുരാജും 80-ാം മിനിറ്റിൽ അമർജിത്ത് സിങ്ങുമാണ് ഗോവയുടെ ഗോളുകൾ നേടിയത്. 41-ാം മിനിറ്റിലും 83-ാം മിനിറ്റിലും പെനാൽറ്റി വലയിലെത്തിച്ച ഫെഡറിക്കോ ഗല്ലേഗോയാണ് നോർത്ത് ഈസ്റ്റിന്റെ രണ്ടു ഗോളുകളും നേടിയത്.
അലക്സാണ്ടർ റൊമാരിയോ ജെസുരാജിന്റെ ഗോളിൽ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. ജോർജ് ഓർട്ടിസിന്റെ മുന്നേറ്റമാണ് 21-ാം മിനിറ്റിൽ ഗോളിൽ കലാശിച്ചത്. മുന്നേറ്റത്തിനിടെ പന്ത് ലൈനിന് പുറത്ത് പോയെന്ന് സംശയിച്ച് നിന്ന നോർത്ത് ഈസ്റ്റ് താരങ്ങൾക്കിടയിലൂടെ ഓർട്ടിസ് പന്ത് ആൽബർട്ടോ നൊഗ്വേരയ്ക്ക് നീട്ടി. നൊഗ്വേരയുടെ പാസ് സ്വീകരിച്ച റൊമാരിയോ ജെസുരാജ് പന്ത് വലയിലെത്തിക്കുകയായിരുന്നു.
41-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഫെഡറിക്കോ ഗല്ലേഗോയാണ് നോർത്ത് ഈസ്റ്റിനായി ഗോൾ മടക്കി. 40-ാം മിനിറ്റിൽ ലൂയിസ് മഷാഡോയെ ആൽബർട്ടോ നൊഗ്വേര ബോക്സിൽ വീഴ്‌ത്തിയതിനെ തുടർന്നായിരുന്നു പെനാൽറ്റി.
രണ്ടാം പകുതിയിൽ ഇരു ടീമുകളും മികച്ച ഗോൾ അവസരങ്ങൾ സൃഷ്ടിച്ചു. 80-ാം മിനിറ്റിൽ ജോർജ് ഓർട്ടിസ് എടുത്ത കോർണർ വലയിലെത്തിച്ച് അമർജിത്ത് സിങ് ഗോവയെ മുന്നിലെത്തിച്ചു.
83-ാം മിനിറ്റിൽ പെനാൽറ്റിയുടെ രൂപത്തിൽ വീണ്ടും നോർത്ത് ഈസ്റ്റിന് ഒപ്പമെത്താൻ വഴിതെളിഞ്ഞു. അശുതോഷ് മേത്തയെ ഇവാൻ ഗോൾസാൽവസ് ബോക്സിൽ വീഴ്‌ത്തിയതിന് റഫറി നോർത്ത് ഈസ്റ്റിന് അനുകൂലമായ രണ്ടാം പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഫെഡറിക്കോ ഗല്ലേഗോയുടെ ഷോട്ട് ഗോൾകീപ്പർ ധീരജ് സിങ്ങിന്റെ കൈയിൽ തട്ടി വലയിലേക്ക്. 15 മത്സരങ്ങളിൽ നിന്നും 22 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഗോവ. കളിച്ച മത്സരത്തിലും പോയിന്റിലും തുല്യത പാലിക്കുന്ന ഹൈദരാബാദും നോർത്ത് ഈസ്റ്റും നാലും അഞ്ചും സ്ഥാനത്താണ്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ബെംഗളുരു എഫ്‌സി ചെന്നയിനെ നേരിടും.
സ്പോർട്സ് ഡെസ്ക്