ഫത്തോർഡ: ഐ.എസ്.എല്ലിൽ വീണ്ടും വിരസമായ ഗോൾരഹിത സമനില. ബെംഗളൂരു എഫ്.സി - ചെന്നൈയിൻ എഫ്.സി പോരാട്ടം സമനിലയിൽ കലാശിച്ചു.

പന്തടക്കത്തിലും അവസരങ്ങൾ ഒരുക്കുന്നതിലും ഛേത്രിയെയും സംഘത്തെയും മറികടന്ന് മുന്നേറിയെങ്കിലും ചെന്നൈയിന് ലക്ഷ്യം കാണാനായില്ല. ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ മികച്ച പ്രകടനവും ചെന്നൈയിന്റെ കുതിപ്പിൽ വിലങ്ങുതടിയായി.

ആറാം മിനിറ്റിൽ ചെന്നൈയിന് ആദ്യ അവസരം ലഭിച്ചു. ഇസ്മയിൽ ഗോൺസാൽവസിന്റെ ഷോട്ട് ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് തട്ടിയകറ്റി. റീബൗണ്ടിൽ പന്ത് ലഭിച്ച റഹീം അലിയുടെ ഷോട്ടും ഗുർപ്രീത് പിടിച്ചെടുത്തു.

34-ാം മിനിറ്റിൽ ബെംഗളൂരുവിനും അവസരം ലഭിച്ചെങ്കിലും സുനിൽ ഛേത്രിക്ക് ലക്ഷ്യം കാണാനായില്ല. ചെന്നൈയിൻ പോസ്റ്റിലേക്ക് ഷോട്ട് പായിച്ചെങ്കിലും എലി സാബിയ തടഞ്ഞു.

40-ാം മിനിറ്റിലും ചെന്നൈയിന് അവസരം ലഭിച്ചെങ്കിലും ഗുർപ്രീത് ബെംഗളുരുവിന്റെ രക്ഷകനായി. ഇത്തവണ മാനുവൽ ലാൻസറോട്ടയുടെ ഷോട്ടാണ് ഗുർപ്രീത് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തിയത്. 61-ാം മിനിറ്റിൽ ഇസ്മയിലിന്റെ ഗോളെന്നുറച്ച ഷോട്ട് ഗുർപ്രീത് രക്ഷപ്പെടുത്തി.

ഇതിനിടെ 75-ാം മിനിറ്റിൽ ബെംഗളൂരു താരം ഫ്രാൻസിസ്‌കോ ഗോൾസാലസ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായി.

77, 78 മിനിറ്റുകളിലും ഗുർപ്രീത് ബെംഗളൂരുവിന്റെ രക്ഷയ്ക്കെത്തി. 85-ാം മിനിറ്റിൽ മെമോ മൗറയുടെ ഫ്രീ കിക്ക് പോസ്റ്റിലിടിച്ച് മടങ്ങുക കൂടി ചെയ്തതോടെ മത്സരം വിരസമായ സമനിലയ്ക്ക് വഴിമാറി. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ബെംഗളുരുവിന് ജയം നേടാനായത്.

16 മത്സരങ്ങളിൽ നിന്നും 19 പോയിന്റോടെ ബെംഗളുരു ആറാം സ്ഥാനത്താണ്. 17 പോയിന്റുള്ള ചെന്നൈയിൻ എട്ടാം സ്ഥാനത്തും. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ നിലവിൽ രണ്ടാം സ്ഥാനക്കാരായ എടികെ മോഹൻ ബഗാനും പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള ഒഡീഷ എഫ് സിയും ഏറ്റുമുട്ടും.