- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിന് തകർപ്പൻ വിജയം; കരുത്തരായ ജംഷേദ്പുരിനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; പ്ലേ ഓഫ് സാധ്യത കൈവിടാതെ ബംഗാൾ ഒൻപതാം സ്ഥാനത്ത്
ഫത്തോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ജംഷേദ്പുരിനെതിരെ ഈസ്റ്റ് ബംഗാളിന് തകർപ്പൻ വിജയം.ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ജംഷേദ്പുരിനെ ഡാനിയേൽ ഫോക്സും സംഘവും കീഴടക്കിയത്. ഈസ്റ്റ് ബംഗാളിനായി മാറ്റി സ്റ്റെയിന്മാനും ആന്റണി പിൽകിങ്ടണും സ്‌കോർ ചെയ്തപ്പോൾ നായകൻ പീറ്റർ ഹാർട്ലി ജംഷേദ്പുരിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.
ഈ വിജയത്തോടെ ഈസ്റ്റ് ബംഗാൾ പോയന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ഒൻപതാം സ്ഥാനത്തെത്തിയപ്പോൾ ജംഷേദ്പുർ എഴാം സ്ഥാനത്ത് തുടരുകയാണ്. ഈസ്റ്റ് ബംഗാളിന്റെ മാറ്റി സ്റ്റെയിന്മാനാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച്.
ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ മാറ്റി സ്റ്റെയിന്മാനാണ് ടീമിനായി ഗോൾ നേടിയത്. നാരായൺ ദാസ് എടുത്ത കോർണർ കിക്കിന് കൃത്യമായി തലവെച്ച് മികച്ച ഒരു ഹെഡ്ഡറിലൂടെ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് ലഭിച്ചിരുന്ന ജംഷേദ്പുരിന്റെ മലയാളി ഗോൾകീപ്പർ രഹനേഷിന് ഇത് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ.
രണ്ടാം പകുതിയിൽ ആക്രമിച്ച് കളിക്കുന്നതിന് പകരം കൂടുതൽ പ്രതിരോധത്തിലേക്ക് ശ്രദ്ധകൊടുത്താണ് ഡാനിയേൽ ഫോക്സും സംഘവും കളിച്ചത്.
58-ാം മിനിട്ടിൽ ഈസ്റ്റ് ബംഗാളിന്റെ നാരായൺ ദാസ് മികച്ച ഒരു ഷോട്ട് പോസ്റ്റിലേക്കുതിർത്തെങ്കിലും ഗോൾകീപ്പർ രഹനേഷ് പന്ത് തട്ടിയകറ്റി. സമനില ഗോൾ നേടാനായി ജംഷേദ്പുർ താരങ്ങളെ മാറ്റിപ്പരീക്ഷിച്ചു. 64-ാം മിനിട്ടിൽ ജംഷേദ്പുരിന്റെ നെരിയസ് വാൽസ്‌കിസ് എടുത്ത കിക്ക് ഈസ്റ്റ് ബംഗാൾ പോസ്റ്റിൽ തട്ടിത്തെറിച്ചു.
68-ാം മിനിട്ടിൽ ജംഷേദ്പുരിന്റെ ഹൃദയം തകർത്തുകൊണ്ട് ഈസ്റ്റ് ബംഗാൾ രണ്ടാം ഗോൾ നേടി. ആന്റണി പിൽകിങ്ടണാണ് ടീമിനായി രണ്ടാം ഗോൾ നേടിയത്. മാറ്റി സ്റ്റെയിന്മാനിൽ നിന്നും പന്ത് സ്വീകരിച്ച പിൽകിങ്ടൺ മികച്ച ഒരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ ഈസ്റ്റ് ബംഗാൾ മത്സരത്തിൽ വിജയമുറപ്പിച്ചു.
79-ാം മിനിട്ടിൽ പിൽകിങ്ടൺ വീണ്ടും ജംഷേദ്പുർ പ്രതിരോധനിരയ്ക്ക് തലവേദന സൃഷ്ടിച്ചു. ബ്രൈറ്റിന്റെ പാസ്സ് സ്വീകരിച്ച താരം മികച്ച ഷോട്ടുതിർത്തെങ്കിലും പന്ത് പോസ്റ്റിൽ തട്ടിത്തെറിച്ചു. രണ്ട് ഗോൾ നേടിയിട്ടും ആക്രമിച്ചുതന്നെയാണ് ഈസ്റ്റ് ബംഗാൾ കളിച്ചത്.
എന്നാൽ 83-ാം മിനിട്ടിൽ ജംഷേദ്പുർ ഒരു ഗോൾ തിരിച്ചടിച്ചു. നായകൻ പീറ്റർ ഹാർട്ലിയാണ് ടീമിനായി ഗോൾ നേടിയത്. ഐസക്കിന്റെ ക്രോസിൽ നിന്നും ഒരു ഹെഡ്ഡറിലൂടെയാണ് താരം സ്‌കോർ ചെയ്തത്. ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ മാർക്ക് ചെയ്യപ്പെടാതിരുന്ന ഹാർട്ലി മുന്നോട്ട് കയറി ഹെഡ്ഡ് ചെയ്ത് പന്ത് വലയിലെത്തിച്ചു.
ഗോൾ വഴങ്ങിയിട്ടും ഈസ്റ്റ് ബംഗാൾ ആക്രമിച്ചുതന്നെയാണ് കളിച്ചത്. കളിയവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ വാൽസ്‌കിസ് ഒരു തകർപ്പൻ ഹെഡ്ഡർ പോസ്റ്റിലേക്ക് നടത്തിയെങ്കിലും ഗോൾകീപ്പർ സുബ്രതോപാൽ പന്ത് അത്ഭുതകരമായി തട്ടിയകറ്റി. പിന്നാലെ ഫൈനൽ വിസിൽ.
സ്പോർട്സ് ഡെസ്ക്