- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ എസ് എല്ലിൽ വീണ്ടും ഗോൾരഹിത സമനില; തുല്യ ശക്തികളുടെ പോരാട്ടത്തിൽ ഗോൾ നേട്ടമില്ലാതെ ഹൈദരാബാദും നോർത്ത് ഈസ്റ്റും; പോയിന്റ് പട്ടികയിൽ മൂന്നും നാലും സ്ഥാനത്ത്
വാസ്‌കോ: ഇന്ത്യൻ സൂപ്പർ ലീഗി വീണ്ടും ഗോൾരഹിത സമനില. തുല്യ ശക്തികളുടെ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്.സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു.
ഈ സമനിലയോടെ ഹൈദരാബാദ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നാലാം സ്ഥാനത്തെത്തി. നോർത്ത് ഈസ്റ്റിന്റെ ലാലങ്മാവിയ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഫിനിഷിംഗിലെ പിഴവുകൾ മത്സരത്തിൽ തിരിച്ചടിയായി.
18-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന്റെ മഷാഡോ ഒരു ഹെഡ്ഡർ ബോക്സിലേക്കെടുത്തെങ്കിലും പന്ത് ഗോൾകീപ്പർ കട്ടിമണി കൈയിലൊതുക്കി. 24-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന്റെ അപൂയിയയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് കട്ടിമണി കൈയിലൊതുക്കി.
ഹൈദരാബാദ് പ്രതിരോധത്തിൽ മികച്ചുനിന്നപ്പോൾ നോർത്ത് ഈസ്റ്റിന്റെ മുന്നേറ്റനിര തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. പക്ഷേ പന്ത് അധികസമയവും മധ്യനിരയിൽ തന്നെയാണ് ഉരുണ്ടുകളിച്ചത്. ആദ്യപകുതിയിൽ ഹൈദരാബാദിനെക്കാളും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് നോർത്ത് ഈസ്റ്റാണ്.
39-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റിന്റെ മഷാഡോയ്ക്ക് സുവർണാവസരം ലഭിച്ചു. ബോക്സിന് മുന്നിൽ ഗോൾകീപ്പർ മാത്രം നിൽക്കെ അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല.
രണ്ടാം പകുതിയിൽ ഹൈദരാബാദ് കൂടുതൽ ആക്രണത്തിന് മുതിർന്നു. 54-ാം മിനിട്ടിൽ മിശ്രയ്ക്ക് മികച്ച അവസരം ലഭിച്ചു. എന്നാൽ താരത്തിന്റെ ഷോട്ട് പോസ്റ്റിന് വെളിയിലൂടെ കടന്നുപോയി.
58-ാം മിനിട്ടിൽ ഹൈദരാബാദിന് ബോക്സിന് തൊട്ടുപുറത്തുനിന്നും മികച്ച ഫ്രീകിക്ക് അവസരം ലഭിച്ചു. എന്നാൽ കിക്കെടുത്ത ജാവോ വിക്ടറുടെ ഷോട്ട് പോസ്റ്റിന് വെളിയിലൂടെ കടന്നു. മത്സരത്തിലെ മികച്ച അവസരങ്ങളിലൊന്നായിരുന്നു അത്.
പിന്നാലെ ഇരുടീമുകളും പകരക്കാരെക്കൊണ്ടുവന്ന് ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. മലയാളിതാരം സുഹൈർ രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റിനുവേണ്ടി കളിക്കാനിറങ്ങി. എന്നിട്ടും ഗോൾ മാത്രം അകന്നുനിന്നു.
84-ാം മിനിട്ടിൽ സുഹൈറിനെ ആകാശ് ഫൗൾ ചെയ്തതിന്റെ ഫലമായി നോർത്ത് ഈസ്റ്റിന് ഫ്രീകിക്ക് ലഭിച്ചു. കിക്ക് സ്വീകരിച്ച ബെഞ്ചമിൻ ലാംബോട്ട് ഒരു തകർപ്പൻ ഹെഡ്ഡർ ഉതിർത്തെങ്കിലും പന്ത് ക്രോസ്ബാറിനെ ചുംബിച്ച് കടന്നുപോയി.
ഇൻജുറി ടൈമിൽ മഷാഡോയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും തകർപ്പൻ സേവിലൂടെ കട്ടിമണി അത് നിഷ്ഭ്രമമാക്കി. തിങ്കളാഴ്ച നടക്കുന്ന മ്ത്സരത്തിൽ മുംബൈ സിറ്റി ആതിഥേയരായ ഗോവ എഫ് സിയെ നേരിടും.
സ്പോർട്സ് ഡെസ്ക്