- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ ഹൈദരാബാദ് ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ; ഇൻജുറി ടൈമിൽ ഹൈദരാബാദിന്റെ രക്ഷകനായി സന്റാന; പോയിന്റ് പട്ടികയിൽ മൂന്നാമത്;ശനിയാഴ്ച ചെന്നൈയിനും ഗോവയും കൊമ്പുകോർക്കും
വാസ്‌കോ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ്-ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഒരു ഘട്ടത്തിൽ വിജയമുറപ്പിച്ച ഈസ്റ്റ് ബംഗാളിനെതിരെ ഇൻജുറി ടൈമിൽ നേടിയ ഗോളിലാണ് ഹൈദരാബാദ് സമനില പിടിച്ചത്.
ഈസ്റ്റ് ബംഗാളിനായി ബ്രൈറ്റ് എനോബക്കാരെയും ഹൈദരാബാദിനായി നായകൻ അരിടാനെ സന്റാനയും സ്‌കോർ ചെയ്തു.
ഈ വിജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നപ്പോൾ ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്തെത്തി. ഹൈദരാബാദിന്റെ ആകാശ് മിശ്ര മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
മത്സരം ആരംഭിച്ചപ്പോൾ തൊട്ട് ഹൈദരാബാദാണ് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചത്. നിരന്തരം ആക്രമിച്ച് കളിച്ച് ഈസ്റ്റ് ബംഗാൾ ഗോൾമുഖത്ത് ഭീതി സൃഷ്ടിക്കാൻ ഹൈദരാബാദിന് സാധിച്ചു.
18-ാം മിനിട്ടിൽ ഹൈദരാബാദിന്റെ ആകാശ് മിശ്ര പന്തുമായി ഈസ്റ്റ് ബംഗാൾ ബോക്സിനകത്ത് കയറി മികച്ച ഷോട്ടുതിർത്തെങ്കിലും പന്ത് പോസ്റ്റിന് വെളിയിലൂടെ കടന്നുപോയി.
തൊട്ടുപിന്നാലെ 20-ാം മിനിട്ടിൽ ഹൈദരാബാദിന്റെ ഓസ്ട്രേലിയൻ താരം ജോയലിന് ഒരു ഓപ്പൺ ചാൻസ് ലഭിച്ചു. പന്തുമായി ബോക്സിലേക്ക് കയറിയ ജോയലിന് മുന്നിൽ ഗോൾകീപ്പർ സുബ്രതാപോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ മുന്നോട്ട് കയറിവന്ന സുബ്രതാപോൾ പന്ത് അതിവിദഗ്ധമായി തട്ടിയകറ്റി.
42-ാം മിനിട്ടിൽ പിൽകിങ്ടണിന്റെ ഉഗ്രൻ ലോങ്റേഞ്ചർ ഹൈദരാബാദ് ഗോൾകീപ്പർ കട്ടിമണി തട്ടിയകറ്റി.
രണ്ടാം പകുതിയിൽ ഹൈദരാബാദും ഈസ്റ്റ് ബംഗാളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഈസ്റ്റ് ബംഗാൾ മുന്നേറ്റനിര ഫോമിലേക്കുയർന്നതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി.
59-ാം മിനിട്ടിൽ ഈസ്റ്റ് ബംഗാൾ ഗോൾ നേടി. സൂപ്പർതാരം ബ്രൈറ്റ് എനോബക്കാരെയാണ് ടീമിനായി ഗോൾ നേടിയത്. ഒരു കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഗോൾ പിറന്നത്.
ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും പന്ത് സ്വീകരിച്ച ബ്രൈറ്റ് ഹൈദരാബാദ് പ്രതിരോധനിരയെ വെട്ടിച്ച് മുന്നേറി പന്ത് വലയിലെത്തിച്ചു. ഗോൾ പിറന്നതോടെ മത്സരം ആവേശത്തിലായി.
72-ാം മിനിട്ടിൽ സൻഡാസയിലൂടെ ഹൈദരാബാദ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നാലെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞുകളിച്ചു.
ഒടുവിൽ മത്സരമവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ഹൈദരാബാദ് സമനില ഗോൾ കണ്ടെത്തി. സൂപ്പർതാരം അരിടാനെ സന്റാനയാണ് ടീമിനായി സമനില ഗോൾ നേടിയത്. 92-ാം മിനിട്ടിലാണ് ഗോൾ പിറന്നത്. സന്റാസ നൽകിയ ക്രോസിന് അനായാസം കാല് വെച്ച് സന്റാന ടീമിനായി സമനില ഗോൾ നേടി. താരം ഈ സീസണിൽ നേടുന്ന എട്ടാം ഗോളാണിത്. വിജയമുറപ്പിച്ച ഈസ്റ്റ് ബംഗാളിന് ഈ ഗോൾ വലിയ തിരിച്ചടിയാണ് നൽകിയത്.
ഇൻജുറി ടൈമിന്റെ ആറാം മിനിട്ടിൽ ക്രൂരമായ ഫൗൾ ചെയ്തതിന് ഹൈദരാബാദിന്റെ മുഹമ്മദ് യാസിർ ചുവപ്പുകാർഡ് കണ്ട് പുറത്തായി. ഇതോടെ ടീം 10 പേരായി ചുരുങ്ങി. അതിന്റെ ഭാഗമായി ഫ്രീകിക്ക് ഈസ്റ്റ് ബംഗാളിന് ലഭിച്ചെങ്കിലും ഗോളാക്കാൻ മഗോമയ്ക്ക് കഴിഞ്ഞില്ല. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ചെന്നൈയിൽ എഫ് സി ആതിഥേയരായ ഗോവയെ നേരിടും.